Kuwait
കുവൈത്തില്‍ പ്രവാസിയെ ആക്രമിച്ച് കവര്‍ച്ച; പ്രതിരോധ മന്ത്രാലയത്തിലെ രണ്ട് സൈനികോദ്യോഗസ്ഥര്‍ അറസ്റ്റില്‍
സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

കുവൈത്ത് സിറ്റി | കുവൈത്തിലെ ഹവല്ലി ഏരിയയില്‍ ഏഷ്യന്‍ പ്രവാസിയെ ആക്രമിച്ച് കവര്‍ച്ച നടത്തിയ സംഭവത്തില്‍ പ്രതിരോധ മന്ത്രാലയത്തിലെ രണ്ട് ഉദ്യോഗസ്ഥരെ കിമിനല്‍ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു. അജ്ഞാതരായ രണ്ടുപേര്‍ ആക്രമിച്ചെന്നും തന്റെ സമ്പാദ്യം കൊള്ളയടിച്ചു കൊണ്ടുപോയെന്നും പ്രവാസി, അധികൃതരെ അറിയിച്ചു. ഇതനുസരിച്ച് സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
പ്രതികള്‍ രണ്ടുപേരും കുവൈത്തിലെ പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരാണ്. ഇവരിലൊരാള്‍ തന്നെ ആക്രമിച്ചതായും രണ്ടാമന്‍ കവര്‍ച്ച നടത്തി രക്ഷപ്പെടുകയായിരുന്നുവെന്നും പ്രവാസി മൊഴി നല്‍കി. ഇതേ തുടര്‍ന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഉദ്യോഗസ്ഥര്‍ പ്രതികളെ പിടികൂടിയത്.
ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചു. പ്രതികളില്‍ നിന്ന് മയക്കുമരുന്ന് ഉത്പന്നങ്ങള്‍ ഉള്‍പ്പെടെ കണ്ടെത്തിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.