Kerala
കെ എസ് ആര്‍ ടി സി ബസില്‍ മോഷണം; രണ്ടു തമിഴ് കവര്‍ച്ചക്കാരികള്‍ പിടിയില്‍
പൊള്ളാച്ചി സ്വദേശിനികളായ രാജേശ്വരി (30), മാരി (26) എന്നിവരാണ് പിടിയിലായത്
തൃശൂര്‍ | കെ എസ് ആര്‍ ടി സി ബസില്‍ മോഷണം നടത്തിയ തമിഴ്‌നാട് സ്വദേശിനികളായ രണ്ടു യുവതികള്‍ പിടിയില്‍.
യാത്രക്കാരിയുടെ 34,000 രൂപയടങ്ങിയ പേഴ്‌സ് മോഷ്ടിച്ച തമിഴ്നാട് പൊള്ളാച്ചി സ്വദേശിനികളായ രാജേശ്വരി (30), മാരി (26) എന്നിവരാണ് പിടിയിലായത്. തൃശ്ശൂര്‍ റൂറല്‍ പോലീസ് അറസ്റ്റ് ചെയ്ത പ്രതികള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. കുട്ടനെല്ലൂരില്‍ നിന്ന് കൊടകരയിലേക്ക് വരികയായിരുന്ന പുത്തൂര്‍ പുത്തന്‍കാട് സ്വദേശിനിയായ 58 വയസ്സുള്ള സ്ത്രീയുടെ പണമടങ്ങിയ പേഴ്‌സാണ് ഇവര്‍ മോഷ്ടിച്ചത്.
അറസ്റ്റിലായ രാജേശ്വരി കളമശ്ശേരി, അങ്കമാലി, തൃക്കാക്കര, കോതമംഗലം പോലീസ് സ്റ്റേഷന്‍ പരിധികളിലായി നാല് മോഷണക്കേസുകളില്‍ പ്രതിയാണ്. മാരി ആലുവ, എറണാകുളം സെന്‍ട്രല്‍, തോപ്പുംപടി, കുറുപ്പുംപടി, എടത്തല പോലീസ് സ്റ്റേഷന്‍ പരിധികളിലായി അഞ്ച് മോഷണക്കേസുകളിലും പ്രതികളാണ്. കൊടകര പോലീസ് സ്റ്റേഷന്‍ എസ് എച്ച് ഒ പി കെ ദാസ്, ജി എസ് ഐ ബിനോയ് മാത്യു, ജി എ എസ് ഐ ഷീബ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നത്.


