Connect with us

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്ത് അനന്ത സുബ്രഹ്മണ്യത്തെ അറസ്റ്റ് ചെയ്‌തേക്കും

2019 ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്കു വേണ്ടി ശബരിമലയിലെ സ്വര്‍ണപ്പാളി സന്നിധാനത്തു നിന്ന് ഏറ്റുവാങ്ങിയതും ബംഗളൂരുവിലേക്ക് കൊണ്ടുപോയതും അനന്ത സുബ്രഹ്മണ്യമാണ്

Published

|

Last Updated

തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കൊള്ളയില്‍ എസ് ഐ ടി ചോദ്യം ചെയ്യുന്ന മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്ത് അനന്ത സുബ്രഹ്മണ്യത്തെ അറസ്റ്റ് ചെയ്‌തേക്കും.
2019 ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്കു വേണ്ടി ശബരിമലയിലെ സ്വര്‍ണപ്പാളി സന്നിധാനത്തു നിന്ന് ഏറ്റുവാങ്ങിയതും ബംഗളൂരുവിലേക്ക് കൊണ്ടുപോയതും അനന്ത സുബ്രഹ്മണ്യമാണ്. ദേവസ്വം രജിസ്റ്ററിലടക്കം ഒപ്പിട്ടത് ഇയാളാണെന്ന് വിജിലന്‍സ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

ഹൈദരാബാദില്‍ വെച്ച് ദ്വാരപാലകശില്‍പ്പങ്ങളിലെ സ്വര്‍ണപ്പാളികള്‍ അനന്ത സുബ്രഹ്മണ്യം നാഗേഷിന് കൈമാറി. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ നിര്‍ദേശപ്രകാരമാണ് ബംഗലൂരുവില്‍ സൂക്ഷിച്ച സ്വര്‍ണപ്പാളി നാഗേഷിന് കൈമാറുന്നത്. തുടര്‍ന്ന് നാഗേഷ് കൈവശം വെച്ചു. പിന്നീട് ശബരിമലയില്‍ നിന്ന് എടുത്ത സ്വര്‍ണം പൊതിഞ്ഞ ദ്വാരപാലക ശില്പങ്ങള്‍ അറ്റകുറ്റപ്പണിക്കായി ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലെത്തിക്കുന്നത്.

അനന്തസുബ്രഹ്മണ്യത്തെ ഇന്നു രാവിലെയാണ് ബംഗലുരുവില്‍ നിന്ന് തിരുവനന്തപുരം ഈഞ്ചക്കലിലെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയത്. ആദ്യം ഒറ്റയ്ക്ക് ചോദ്യം ചെയ്ത ശേഷം, ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഒപ്പമിരുത്തിയും ചോദ്യം ചെയ്തു. നേരത്തെ ദേവസ്വം വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ടില്‍ അനന്ത സുബ്രഹ്മണ്യത്തിന്റെ പങ്കിനെപ്പറ്റി വ്യക്തമാക്കിയിരുന്നു. ശബരിമല സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട് കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ നിന്ന് സുപ്രധാന രേഖകളും ഹാര്‍ഡ് ഡിസ്‌കും സ്വര്‍ണവും പണവും പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു.

ദേവസ്വം ബോര്‍ഡിലെ ജീവനക്കാരുടെയെടക്കം 15 ഓളം പേരുടെ വിവരങ്ങളാണ് ഉണ്ണികൃഷ്ണന്‍ പോറ്റി അന്വേഷണ സംഘത്തിന് മുന്നില്‍ നല്‍കിയിട്ടുള്ളത്. അതില്‍പ്പെട്ടവരില്‍ ഒരാളാണ് അനന്ത സുബ്രമണ്യവും. നാളെയാണ് കേസിന്റെ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.

 

---- facebook comment plugin here -----

Latest