International
എ ഡബ്ല്യു എസ് സെർവർ തകരാർ: യു എസിൽ വിവിധ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ പ്രവർത്തനരഹിതം
ആമസോൺ, സ്‌നാപ്ചാറ്റ് ഉൾപ്പെടെയുള്ളവയെ ബാധിച്ചു; 14,000-ൽ അധികം ആമസോൺ ഉപഭോക്താക്കൾക്ക് തടസ്സം നേരിട്ടു

വാഷിംഗ്ടൺ | ആമസോൺ വെബ് സർവീസസിൽ (AWS) തകരാർ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് തിങ്കളാഴ്ച യു എസിൽ ആയിരക്കണക്കിന് ഉപയോക്താക്കൾക്ക് നിരവധി ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ തടസ്സങ്ങൾ നേരിട്ടു. സൈറ്റിലോ അതുമായി ബന്ധിപ്പിച്ച ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളിലോ പ്രവേശിക്കാൻ ശ്രമിച്ച പല ഉപയോക്താക്കൾക്കും അതിന് സാധിച്ചില്ല.
ഔട്ടേജ് ട്രാക്കിംഗ് വെബ്‌സൈറ്റായ ഡൗൺഡിറ്റക്‌ടർ (DownDetector) പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച്, യൂറോപ്യൻ സമയം തിങ്കളാഴ്ച പുലർച്ചെ 3:44 (ഇന്ത്യൻ സമയം ഉച്ചക്ക് 1.14 ) വരെ 5,852 ഉപയോക്താക്കൾ ആമസോൺ വെബ് സർവീസസിൽ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രശ്‌നങ്ങളിൽ 77% യു എസ്.-ഈസ്റ്റ്-1 മേഖലയിലും, 13% യു എസ്.-വെസ്റ്റ്-1 മേഖലയിലും, 10% യു എസ്.-വെസ്റ്റ്-2 മേഖലയിലുമായിരുന്നു. കിഴക്കൻ യു എസിനെയാണ് ഔട്ടേജ് പ്രധാനമായും ബാധിച്ചതെങ്കിലും പടിഞ്ഞാറൻ തീരത്തും ഇത് അനുഭവപ്പെട്ടു.
അതേസമയം, ആമസോൺ ഡോട്ട് കോം ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്ത പ്രശ്‌നങ്ങളുടെ എണ്ണം ഇതിലും കൂടുതലായിരുന്നു. തിങ്കളാഴ്ച പുലർച്ചെ ഈ ടി. സമയം 3:44 വരെ 14,000-ൽ അധികം ഉപയോക്താക്കൾ തടസ്സം നേരിട്ടതായി റിപ്പോർട്ട് ചെയ്തു.
ഇൻ്റർനെറ്റിൻ്റെ ബാക്കെൻഡ് ഇൻഫ്രാസ്ട്രക്ചറിൻ്റെ വലിയൊരു ഭാഗത്തിന് കരുത്തേകുന്ന ആമസോണിന്റെ ക്ലൗഡ് വിഭാഗമായ എ ഡബ്ല്യു എസിൽ ആണ് തടസ്സം നേരിട്ടത്. റോബിൻഹുഡ് (Robinhood), സ്‌നാപ്ചാറ്റ് (Snapchat), പെർപ്ലക്‌സിറ്റി എ ഐ. (Perplexity AI) ഉൾപ്പെടെയുള്ള ഒന്നിലധികം ജനപ്രിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും തടസ്സങ്ങൾ നേരിട്ടു.