National
ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പ്: 40 പേരുടെ താര പ്രചാരക പട്ടിക പുറത്ത് വിട്ട് ആം ആദ്മി പാര്‍ട്ടി
ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, മുതിര്‍ന്ന പാര്‍ട്ടി നേതാക്കളായ മനീഷ് സിസോദിയ, അതിഷി, സഞ്ജയ് സിംഗ്, സന്ദീപ് പഥക്, സത്യേന്ദര്‍ ജെയിന്‍, എന്നിവരാണ് പ്രധാന പ്രചാരകര്‍

പാറ്റ്ന | ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി താര പ്രചാരകരുടെ പട്ടിക പുറത്തുവിട്ട് ആം ആദ്മി പാര്‍ട്ടി. ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, മുതിര്‍ന്ന പാര്‍ട്ടി നേതാക്കളായ മനീഷ് സിസോദിയ, അതിഷി, സഞ്ജയ് സിംഗ്, സന്ദീപ് പഥക്, സത്യേന്ദര്‍ ജെയിന്‍, എന്നിവരാണ് പ്രധാന പ്രചാരകര്‍. 40 പേരടങ്ങുന്ന പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്.
ഡല്‍ഹി പ്രസിഡന്റ് സൗരഭ് ഭരദ്വാജ്, പഞ്ചാബ് പ്രസിഡന്റും മന്ത്രിയുമായ അമന്‍ അറോറ, മുന്‍ ഡല്‍ഹി മന്ത്രിമാരായ ഗോപാല്‍ റായ്, ഇമ്രാന്‍ ഹുസൈന്‍ എന്നിവരും പട്ടികയില്‍ ഇടം പിടിച്ചു.
ഇന്നലെ രാവിലെ, ആം ആദ്മി പാര്‍ട്ടി 12 പേരടങ്ങുന്ന നാലാമത്തെ സ്ഥാനാര്‍ത്ഥി പട്ടികയും പുറത്തുവിട്ടിരുന്നു. ഇതോടെ ഇതുവരെ പ്രഖ്യാപിച്ച പാർട്ടി സ്ഥാനാര്‍ത്ഥികളുടെ എണ്ണം 132 ആയി. നാലാമത്തെ പട്ടികയില്‍ മധുബന്‍ നിയോജകമണ്ഡലത്തില്‍ കുമാര്‍ കുനാല്‍, സപോളില്‍ ബ്രിജ് ഭൂഷണ്‍ (നവിന്‍), ഗയ ടൗണില്‍ അനില്‍ കുമാര്‍ എന്നിവരും ഉള്‍പ്പെട്ടിട്ടുണ്ട്.
ബീഹാറിൽ, ആം ആദ്മി പാർട്ടി സ്വതന്ത്രമായാണ് മത്സരിക്കുന്നത്. ഡൽഹി തെരഞ്ഞെടുപ്പ് പരാജയത്തിന് തൊട്ടുപിന്നാലെ, ജൂലൈയിൽ കോൺഗ്രസ് നയിക്കുന്ന ഇന്ത്യ ബ്ലോക്കിൽ നിന്ന് പാർട്ടി വേർപിരിഞ്ഞിരുന്നു.