Kerala
തലപ്പാടിയില്‍ അമിതവേഗത്തിൽ പിന്നോട്ടെടുത്ത ബസിടിച്ച് ആറ് പേർക്ക് ദാരുണാന്ത്യം
ബ്രേക്ക് നഷ്ടപ്പെട്ട ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു

തലപ്പാടി | കേരള- കര്‍ണാടക അതിര്‍ത്തിയായ കാസര്‍കോട് തലപ്പാടിയില്‍ അമിത വേഗത്തിൽ പിന്നോട്ടെടുത്ത ബസിടിച്ച് ആറ് പേർ മരിച്ചു. മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെയാണ് മരിച്ചത്. രണ്ട് പേർക്ക് ഗുരുതര പരുക്കേറ്റു. കർണാടക സർക്കാർ ബസാണ് അപകടം വരുത്തിയത്. ബസിടിച്ച ഓട്ടോറിക്ഷയിലുണ്ടായിരുന്ന നാല് പേരും ബസ് കാത്തിരുന്ന രണ്ട് പേരുമാണ് മരിച്ചത്.
ഉച്ചക്ക് 1.45 ഓടെയാണ് അപകടമുണ്ടായത്. കര്‍ണാടകയില്‍ നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന കര്‍ണാടക ആര്‍ ടി സി ബസ് ബ്രേക്ക് നഷ്ടപ്പെട്ട് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് അമിതവേഗത്തിലെത്തുകയായിരുന്നു. റോഡരികില്‍ നിര്‍ത്തിയിട്ട ഓട്ടോയിലും ആൾക്കൂട്ടത്തിലേക്കുമാണ് ബസ് ഇടിച്ചുകയറിയത്. സംഭവത്തിൽ ബസ് ഡ്രൈവറെയും കണ്ടക്ടറെയും കസ്റ്റഡിയിലെടുത്തു.
ഗുരുതരമായി പരുക്കേറ്റവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൻ്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നു.