Uae
ദുബൈ ഓട്ടോ സോണിലെ കാർ ഷോറൂമുകളിൽ തീപ്പിടിത്തം
നിരവധി വാഹനങ്ങൾ കത്തിനശിച്ചു

ദുബൈ| ദുബൈയിലെ അൽ അവീറിലുള്ള ദുബൈ ഓട്ടോ സോണിലെ നിരവധി കാർ ഷോറൂമുകൾക്ക് തീപ്പിടിത്തമുണ്ടായതിനെ തുടർന്ന് ദിവസങ്ങളായി അടച്ചിട്ടിരിക്കുകയാണ്. കഴിഞ്ഞ ശനിയാഴ്ച ഉച്ചതിരിഞ്ഞാണ് തീപ്പിടിത്തമുണ്ടായത്. കേടുപാടുകൾ സംഭവിച്ച ഷോറൂമുകൾ അടച്ചിട്ടിരിക്കുകയാണ്. ഒരു കാർ ഷോറൂമിൽ തുടങ്ങിയ തീ അതിവേഗം സമീപത്തുള്ള കടകളിലേക്ക് വ്യാപിച്ചതായി ദൃക്‌സാക്ഷികളും ജീവനക്കാരും പറഞ്ഞു.
ദുബൈ സിവിൽ ഡിഫൻസ് സംഘം ഉടൻ തന്നെ സ്ഥലത്തെത്തി തീ അണച്ചു. വി ഐ പി സ്റ്റാർസ് ഷോറൂമിലാണ് തീപ്പിടിത്തം തുടങ്ങിയതെന്നും അത് വേഗത്തിൽ ചുറ്റുമുള്ള ഷോറൂമുകളിലേക്ക് വ്യാപിച്ചെന്നും തീപ്പിടിത്തത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ച അൽ ഫലാസി കാർസിലെ ജീവനക്കാരൻ പറഞ്ഞു. എന്നിരുന്നാലും, കൂടുതൽ സ്ഥലങ്ങളിലേക്ക് തീ പടരുന്നത് ദുബൈ സിവിൽ ഡിഫൻസ് സംഘം തടഞ്ഞതായി സമീപത്ത് ജോലി ചെയ്യുന്നവർ പറഞ്ഞു.
തീപ്പിടിത്തത്തിൽ നശിച്ച വാഹനങ്ങളുടെ എണ്ണം ഇപ്പോഴും തിട്ടപ്പെടുത്തിയിട്ടില്ല.