Kerala
കേരള എം പിമാര്‍ സംസ്ഥാന താത്പര്യത്തിനൊപ്പം നില്‍ക്കണമെന്ന് ധനമന്ത്രി
പ്രതികാരബുദ്ധിയോടെ കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണന ചോദ്യംചെയ്യാന്‍ പാര്‍ലിമെന്റില്‍ പോലും യു ഡി എഫ്. എം പിമാര്‍ തയ്യാറാകുന്നില്ലെന്നും മന്ത്രി

തിരുവനന്തപുരം | കേരളത്തില്‍ നിന്നുള്ള എം പിമാര്‍ കേന്ദ്രത്തില്‍ സംസ്ഥാന താത്പര്യങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്നും സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് മുന്‍കൈയെടുക്കമമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആവശ്യപ്പെട്ടു.
പ്രതികാരബുദ്ധിയോടെ കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണന ചോദ്യംചെയ്യാന്‍ പാര്‍ലിമെന്റില്‍ പോലും യു ഡി എഫ്. എം പിമാര്‍ തയ്യാറാകുന്നില്ലെന്നും സംസ്ഥാന താത്പര്യത്തിന് വിരുദ്ധമായ ചോദ്യങ്ങള്‍ ഉയര്‍ത്തി അതിനനസുരിച്ചുള്ള ഉത്തരങ്ങള്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഉറപ്പാക്കുന്നതിനാണ് എം പിമാര്‍ മത്സരിക്കുന്നതെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.
തുടര്‍ന്ന്, ഇവ സംസ്ഥാനത്തിനെതിരായ ആയുധമാക്കി ബി ജെ പി നേതാക്കള്‍ ആയുധമാക്കുകയാണ്. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഇത്തരം കോലാഹലങ്ങള്‍ക്കിടയില്‍ കേന്ദ്രത്തിന്റെ ജനദ്രോഹ നടപടികള്‍ ശ്രദ്ധിക്കപ്പെടാതെ പോകുകയാണെന്നും മന്ത്രിചുണ്ടിക്കാട്ടി.
ഇത്തരം ചോദ്യങ്ങള്‍ക്ക് കേന്ദ്രം നല്‍കുന്ന വാസ്തവ വിരുദ്ധമായ ഉത്തരം ചോദ്യകര്‍ത്താവ് വാര്‍ത്താ സമ്മേളനത്തിലൂടെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിലൂടെ കേരളത്തിന്റെ ഏത് താത്പര്യമാണ് സംരക്ഷിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കണം. സംസ്ഥാന സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത എം പിമാരുടെ യോഗത്തില്‍ പാര്‍ലിമെന്റിലും കേന്ദ്ര സര്‍ക്കാരിലും ഉന്നയിച്ച് പരിഹാരം കാണേണ്ട കേരളത്തിന്റെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്ത് പൊതുനിലപാടില്‍ എത്തിയതാണ്. ഇത് സംബന്ധിച്ച കുറിപ്പുകളും എം പിമാര്‍ക്ക് നല്‍കിയിട്ടുണ്ട്. ഏതുകാര്യത്തിലും എം പിമാര്‍ക്ക് ആവശ്യമായ വിശദീകരണങ്ങളെല്ലാം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. ഇതല്ലാം അവഗണിച്ചാണ് പൊതുതാത്പര്യങ്ങളെ അവഗണിക്കുന്നതും കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്നതുമായ പ്രചരണത്തിനുള്ള ആയുധങ്ങള്‍ ഒരുക്കികൊടുക്കുകയാണ് കോണ്‍ഗ്രസ് എം പി മാര്‍ ചെയ്യുന്നത്.
ജിഎസ്ടി നഷ്ടപരിഹാര കുടിശികയില്‍ തര്‍ക്കവിഷയമൊന്നും നിലവിലില്ല. കേന്ദ്ര- സംസ്ഥാന കണക്കുകള്‍ ഒത്തുപോകുന്നതാണ്. അന്തിമ തീര്‍പ്പിന്റെ ആവശ്യമേയുള്ളൂ. ജൂണില്‍ അവസാനിച്ച ജി എസ് ടി നഷ്ടപരിഹാര കാലാവധി നീട്ടണമെന്നതാണ് കേരളത്തിന്റെ ആവശ്യം. ബി ജെ പി സംസ്ഥാനങ്ങളടക്കം ഇതേ ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നു. ഐ ജി എസ് ടി കേന്ദ്ര പൂളിലെ തുക സംബന്ധിച്ചും സംസ്ഥാനത്തിന് തര്‍ക്കമില്ല. ഈ രണ്ടുവിഷയങ്ങളും അനാവശ്യമായി ലോകസഭയില്‍ ഉന്നയിച്ചത് സംശയാസ്പദമാണ്. സംസ്ഥാനത്തിന് അര്‍ഹമായ നികുതി വിഹിതം കിട്ടണമെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. ഇതടക്കമുള്ള കാര്യങ്ങളില്‍ യു ഡി എഫ് എം പിമാര്‍ക്ക് താത്പര്യമില്ലെന്നു മന്ത്രി കുറ്റപ്പെടുത്തി.