Connect with us

Kerala

താമരശ്ശേരിയില്‍ പനിമരണം; ഒമ്പതുകാരിക്ക് മസ്തിഷ്‌ക ജ്വരം ബാധിച്ചതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കോരങ്ങാട് എല്‍ പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനി കോരങ്ങാട് ആനപ്പാറ പൊയില്‍ സനൂപിന്റെ മകള്‍ അനയ (9) ആണ് മരിച്ചത്

Published

|

Last Updated

കോഴിക്കോട് | താമരശ്ശേരിയില്‍ പനി ബാധിച്ചു മരിച്ച ഒന്‍പതുകാരിക്ക് പോസ്റ്റ്‌മോര്‍ട്ടത്തില്‍ മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. അമീബിക് മസ്തിഷ്‌ക ജ്വരമാണോ ബാധിച്ചതെന്നു കണ്ടെത്താന്‍ ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്കയക്കുമെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ വ്യക്തമാക്കി.

കോരങ്ങാട് എല്‍ പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനി കോരങ്ങാട് ആനപ്പാറ പൊയില്‍ സനൂപിന്റെ മകള്‍ അനയ (9) ആണ് മരിച്ചത്. പനി മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന കുട്ടിയെ നില വഷളായതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇവിടെയെത്തും മുന്‍പ് മരണം സംഭവിച്ചു. കുഞ്ഞിന് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ആരോപിച്ച് കുടുംബം രംഗത്ത് വന്നിരുന്നു.

പെണ്‍കുട്ടി പനി ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് പ്രദേശത്ത് പനി സര്‍വേ തുടങ്ങി. പെണ്‍കുട്ടിയുടെ വീട് ഉള്‍പ്പെടുന്ന താമരശ്ശേരി പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലാണ് സര്‍വേ നടക്കുക. കുട്ടിയുടെ രണ്ട് സഹോദരങ്ങളും ഒരു സഹപാഠിയും പനി ബാധിച്ച് ആശുപത്രിയിലാണ്. കുട്ടിയുടെ സ്രവസാംപിളുകള്‍ കൂടുതല്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പനി, ഛര്‍ദ്ദി ലക്ഷണങ്ങളുടെ എത്തുന്ന കുട്ടികള്‍ക്ക് നല്‍കുന്ന ചികിത്സ അനയയ്ക്കും നല്‍കിയിരുന്നുവെന്നാണ് താമരശേരി താലൂക്ക് ആശുപത്രി അധികൃതര്‍ പറയുന്നത്.

ആശുപത്രിയില്‍ വച്ച് രക്ത പരിശോധന ഉള്‍പ്പെടെ നടത്തിയിരുന്നു. രക്തത്തില്‍ കൗണ്ട് ഉയര്‍ന്ന നിലയില്‍ ആയതിനാലും ആരോഗ്യനില വഷളായതിനാലുമാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചതെന്നും അധികൃതര്‍ പറഞ്ഞു.

 

Latest