Connect with us

fact check

FACT CHECK: ഡല്‍ഹിയില്‍ കാമുകിയെ കൊന്ന് ഫ്രിഡ്ജില്‍ സൂക്ഷിച്ച യുവാവ് മുസ്ലിമോ?

പ്രധാനമായും ഹിന്ദി ബെല്‍റ്റില്‍ 'ലൗ ജിഹാദു'മായി കൂട്ടിക്കെട്ടിയാണ് പ്രചാരണം കൊടുമ്പിരികൊള്ളുന്നത്.

Published

|

Last Updated

രാജ്യത്തെ തന്നെ ഞെട്ടിച്ച കൊലപാതകമായിരുന്നു ഡല്‍ഹിയിലെ നിക്കി യാദവിന്റെത്. 23കാരിയായ നിക്കിയെ കാമുകന്‍ കഴുത്ത് ഞെരിച്ച് കൊന്ന് മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിക്കുകയായിരുന്നു. ഈ കാമുകന്‍ മുസ്ലിം ആണെന്ന തരത്തില്‍ പ്രചാരണം ശക്തമാണ്. പ്രധാനമായും ഹിന്ദി ബെല്‍റ്റില്‍ ‘ലൗ ജിഹാദു’മായി കൂട്ടിക്കെട്ടിയാണ് പ്രചാരണം കൊടുമ്പിരികൊള്ളുന്നത്. ഇതിന്റെ വസ്തുത അറിയാം:

പ്രചാരണം : മാഷാഅല്ല! അവളുടെ ശരീരം വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കുന്നു. നിക്കി യാദവിന്റെയും മുഹമ്മദ് സാഹിലിന്റെയും മതേതര പ്രണയ ജീവിതത്തിന്റെ സ്വര്‍ഗീയ പര്യവസാനം (ഹിന്ദിയിലുള്ള ഫേസ്ബുക്ക് പോസ്റ്റ്). ഒപ് ഇന്ത്യ എന്ന വെബ്‌സൈറ്റിന്റെ ഹിന്ദിപതിപ്പിലുള്ള വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ടും ഈ പോസ്റ്റിനൊപ്പമുണ്ട്. പ്രതിയുടെ പേരിന്റെ ആദ്യഭാഗമായ സാഹില്‍ എന്ന് മാത്രമാണ് ഒപ് ഇന്ത്യയുടെ വാര്‍ത്തയിലുള്ളത്. പൂര്‍ണനാമം നല്‍കിയിട്ടില്ല. വാര്‍ത്തയുടെ ശീര്‍ഷകത്തിലും വാര്‍ത്തക്കകത്തും സാഹില്‍ എന്ന പേര് മാത്രമേയുള്ളൂ.

വസ്തുത : നിക്കി യാദവ് വധക്കേസിലെ പ്രതി മുസ്ലിമല്ല. പ്രതിയുടെ പൂര്‍ണമായ പേര് സാഹില്‍ ഗെഹ്ലോട്ട് എന്നാണ്. വീരേന്ദര്‍ സിംഗ് ആണ് പിതാവ്. മറ്റൊരു വനിതയെ വിവാഹം ചെയ്തതിനെ തുടര്‍ന്ന് നിക്കി യാദവിനെ ഗെഹ്ലോട്ട് കഴുത്ത് ഞെരിച്ച് കൊല്ലുകയും ഫ്രിഡ്ജില്‍ സൂക്ഷിക്കുകയുമായിരുന്നു. ഇരുവരും നാല് വര്‍ഷമായി പ്രണയത്തിലായിരുന്നെങ്കിലും മാതാപിതാക്കള്‍ അറിഞ്ഞിരുന്നില്ല. അങ്ങനെയാണ് മറ്റൊരു സ്ത്രീയുമായി ഗെഹ്ലോട്ടിന്റെ വിവാഹം ഉറപ്പിക്കുന്നത്. ഫെബ്രുവരി ഒന്‍പതിനാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് സംശയിക്കുന്നത്. 14നാണ് നിക്കിയുടെ മൃതദേഹം കണ്ടെത്തിയത്.

ഒപ് ഇന്ത്യ എന്ന വലതുപക്ഷ മാധ്യമം പ്രതിയുടെ പൂര്‍ണമായ പേര് നല്‍കാതെ വായനക്കാരെ കബളിപ്പിച്ചതാണ് വിദ്വേഷ പ്രചാരകര്‍ ആയുധമാക്കിയത്. അതേസമയം, ഒപ് ഇന്ത്യയുടെ ഇംഗ്ലീഷ് പതിപ്പില്‍ സാഹില്‍ ഗെഹ്ലോട്ട് എന്ന് നല്‍കിയിട്ടുമുണ്ട്. ചുരുക്കത്തില്‍ നിക്ഷിപ്ത പ്രചാരണങ്ങള്‍ക്കായി ഏത് മാര്‍ഗവും സംഘ്പരിവാരം ഉപയോഗിക്കുകയാണ്.

 

Latest