editorial
കൊല്ലും, കാലാവധി കഴിഞ്ഞ മരുന്നുകള്‍
കേരളത്തിലെ ആരോഗ്യരംഗം വികസിത രാജ്യങ്ങള്‍ക്ക് തുല്യം ഉയര്‍ന്ന നിലവാരത്തിലെത്തിയെന്ന് അവകാശപ്പെടുന്ന ആരോഗ്യ വകുപ്പിന്, ആശുപത്രികളില്‍ വിതരണം ചെയ്യുന്ന മരുന്നുകളുടെ ഗുണനിലവാരം ഉറപ്പ് വരുത്താനും കാലാവധി കഴിഞ്ഞതല്ലെന്ന് തിട്ടപ്പെടുത്താനുമുള്ള ഉത്തരവാദിത്വമില്ലേ?
സര്‍ക്കാര്‍ ആശുപത്രികളില്‍ കാലാവധി കഴിഞ്ഞ മരുന്നുകള്‍ വിതരണം ചെയ്യുന്നതിന്റെ വാര്‍ത്തകള്‍ അടിക്കടി പുറത്തുവരുന്നത് ആരോഗ്യ മേഖലയെ സംശയത്തിന്റെ നിഴലിലാക്കുകയും ഉത്തരവാദപ്പെട്ടവരുടെ ഉദാസീനതയിലേക്ക് വിരല്‍ ചൂണ്ടുകയും ചെയ്യുന്നു. അടുത്തിടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഒ പി വിഭാഗം ഫാര്‍മസിയില്‍ നിന്ന് വിതരണം ചെയ്ത കാലാവധി കഴിഞ്ഞ മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ക്യാന്‍സര്‍ ബാധിതനായ തേഞ്ഞിപ്പലം സ്വദേശി അവശനിലയിലായത്. ആഗസ്റ്റില്‍ കാലാവധി അവസാനിച്ച മരുന്നാണ് നവംബര്‍ 25ന് രോഗിക്ക് ഫാര്‍മസിയില്‍ നിന്ന് നല്‍കിയത്.
ഈ വര്‍ഷം ജനുവരി 22ന് സി എ ജി നിയമസഭയില്‍ വെച്ച റിപോര്‍ട്ടില്‍ സംസ്ഥാനത്തെ 26 സര്‍ക്കാര്‍ ആശുപത്രികളില്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ വിതരണം ചെയ്ത മരുന്നുകളില്‍ നല്ലൊരു വിഭാഗം കാലാവധി കഴിഞ്ഞതാണെന്ന് ചൂണ്ടിക്കാട്ടുന്നു. ഇത്തരം മരുന്നുകളുടെ രാസഘടനയില്‍ മാറ്റം സംഭവിക്കുന്നതിനാല്‍ കഴിക്കുന്നവരുടെ ജീവന്‍ അപകടത്തിലായേക്കാമെന്നും റിപോര്‍ട്ടില്‍ പറയുന്നു. 2023ല്‍ സി എ ജി അവതരിപ്പിച്ച റിപോര്‍ട്ടിലും കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തതിന് മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനെതിരെ കടുത്ത വിമര്‍ശനമുണ്ടായിരുന്നു. സംസ്ഥാനത്തെ പല സര്‍ക്കാര്‍ ആശുപത്രികളുമായി ബന്ധപ്പെട്ട് ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയതിന് കോഴിക്കോട് മാറാടില്‍ മെഡിക്കല്‍ സെന്റര്‍ നടത്തുന്ന ഡോക്ടര്‍ അറസ്റ്റിലായത് അഞ്ച് മാസം മുമ്പാണ്.
ഗ്രാമീണ മേഖലയില്‍ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കപ്പെട്ട ആശാ വര്‍ക്കര്‍മാര്‍ ഗര്‍ഭിണികള്‍ക്ക് വിറ്റാമിന്‍ ഗുളികകളും പകര്‍ച്ചവ്യാധികള്‍ പിടിപെടുന്ന സന്ദര്‍ഭങ്ങളില്‍ പ്രതിരോധ മരുന്നുകളും വിതരണം ചെയ്യാറുണ്ട്. പലപ്പോഴും കാലാഹരണപ്പെട്ട മരുന്നുകളാണ് ഇവര്‍ നല്‍കി വരുന്നത്. തൊടുപുഴയില്‍ കഴിഞ്ഞ മേയ് മാസത്തില്‍ ആശാ വര്‍ക്കര്‍ നല്‍കിയ അയണ്‍ ഫോളിക് ഗുളികകള്‍ കഴിച്ച ഗര്‍ഭിണിക്ക് കടുത്ത ശാരീരിക പ്രയാസങ്ങള്‍ അനുഭവപ്പെട്ടു. സംശയം തോന്നിയ സ്ത്രീ ഗുളികയുടെ കവര്‍ പരിശോധിച്ചപ്പോള്‍ 2023ല്‍ കാലാവധി അവസാനിച്ചതാണെന്ന് ബോധ്യമായി. സംഭവത്തില്‍ ആരോഗ്യ വകുപ്പിന് പരാതി നല്‍കിയിരിക്കുകയാണ് കുടുംബം.
ദിനംപ്രതി പതിനായിരങ്ങളാണ് സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നത്. അവിടെ നിന്ന് ലഭിക്കുന്ന പരിചരണത്തിലും മരുന്നുകളിലും വലിയ പ്രതീക്ഷയാണ് രോഗികള്‍ പുലര്‍ത്തുന്നത്. കേരളത്തിലെ ആരോഗ്യരംഗം വികസിത രാജ്യങ്ങള്‍ക്ക് തുല്യം ഉയര്‍ന്ന നിലവാരത്തിലെത്തിയെന്ന് അവകാശപ്പെടുന്ന ആരോഗ്യ വകുപ്പിന്, ആശുപത്രികളില്‍ വിതരണം ചെയ്യുന്ന മരുന്നുകളുടെ ഗുണനിലവാരം ഉറപ്പ് വരുത്താനും കാലാവധി കഴിഞ്ഞതല്ലെന്ന് തിട്ടപ്പെടുത്താനുമുള്ള ഉത്തരവാദിത്വമില്ലേ? സി എ ജി റിപോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചതു പോലെ കാലാവധി അവസാനിച്ച മരുന്നുകളുടെ ഉപയോഗം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും രോഗിയുടെ മരണത്തിനും വരെ ഇടയാക്കും. കാലാവധി കഴിയുമ്പോള്‍ മരുന്നിലെ രാസഘടകങ്ങള്‍ വിഷപദാര്‍ഥമായി മാറാനിടയുണ്ട്. ഗുരുതര രോഗങ്ങള്‍ക്കുള്ള മരുന്ന് കാലഹരണപ്പെട്ട ശേഷം കഴിച്ചാല്‍ ആരോഗ്യസ്ഥിതി കൂടുതല്‍ വഷളായേക്കാം. അതാണ് തേഞ്ഞിപ്പലത്തെ രോഗിക്ക് സംഭവിച്ചത്. ചില ആന്റിബയോട്ടിക്കുകള്‍ കാലഹരണപ്പെട്ടാല്‍ വൃക്കകള്‍ തകരാറിലാക്കുന്ന വിഷാംശം ഉത്പാദിപ്പിച്ചേക്കാമെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
കാലാവധി കഴിഞ്ഞ മരുന്ന് കഴിക്കാതിരിക്കുന്നതില്‍ കാണിക്കുന്ന ശ്രദ്ധയും ജാഗ്രതയും പോലെ ശ്രദ്ധിക്കേണ്ടതാണ് അവയുടെ നശീകരണ രീതിയും. സാധാരണഗതിയില്‍ അത്തരം മരുന്നുകള്‍ വീടിന്റെ പരിസരത്തോ മാലിന്യക്കൂമ്പാരത്തിലോ സമീപത്തെ തോടുകളിലോ വലിച്ചെറിയുകയാണ് പതിവ്. ഇതും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (സി ഡി എസ് സി ഒ). മനുഷ്യര്‍ക്കും കന്നുകാലികള്‍ക്കും പരിസ്ഥിതിക്കും ഒരുപോലെ ദോഷകരമാണിത്. കാലഹരണപ്പെട്ടതോ ഉപയോഗിക്കാത്തതോ ആയ മരുന്നുകള്‍ അലക്ഷ്യമായി വലിച്ചെറിയുന്നത് ചുറ്റുമുള്ള പ്രദേശങ്ങളില്‍ ആന്റിബയോട്ടിക് പ്രതിരോധം (ബാക്ടീരിയകള്‍ക്ക് ആന്റി ബയോട്ടിക്കുകളെ പ്രതിരോധിക്കാനുള്ള കഴിവ്) വര്‍ധിക്കാന്‍ ഇടയാക്കും. വീട്ടുമാലിന്യങ്ങളില്‍ ഉപേക്ഷിക്കുമ്പോള്‍ മണ്ണില്‍ പണിയെടുക്കുന്നവരോ കുട്ടികളോ അതുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ സാധ്യതയുണ്ട്. മരുന്നുകള്‍ ടോയ്‌ലറ്റിലോ സിങ്കിലോ കളയുന്ന രീതിയുണ്ട് ചിലര്‍ക്ക്. ഇത് ജലസ്രോതസ്സുകള്‍ മലിനമാകാന്‍ വഴിയൊരുക്കുന്നു. ഉയര്‍ന്ന താപനിലയില്‍ (ഏകദേശം 1,200 ഡിഗ്രി സെഷ്യല്‍സ്) കത്തിച്ചു കളയലാണ് ആരോഗ്യശാസ്ത്രം നിര്‍ദേശിക്കുന്ന മാര്‍ഗം. ഇതിലൂടെ മരുന്നിലെ രാസഘടകങ്ങള്‍ പൂര്‍ണമായി വിഘടിക്കപ്പെടുകയും പരിസ്ഥിതിക്ക് ഹാനികരമാകാതെ നശിപ്പിക്കപ്പെടുകയും ചെയ്യുന്നു.
സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നോ പുറമെയുള്ള ഫാര്‍മസികളില്‍ നിന്നോ മരുന്നുകള്‍ വാങ്ങുമ്പോള്‍ അതിന്റെ ഉപയോഗ കാലാവധി ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. ഫാര്‍മസികളില്‍ കാലാവധി കഴിഞ്ഞ മരുന്നുകള്‍ വില്‍പ്പന നടത്തുന്നത് സാധാരണമാണ്. മിക്കവരും ഇതേ കുറിച്ച് ബോധവാന്മാരല്ല. കാലഹരണപ്പെട്ട മരുന്നുകള്‍ വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് അടിക്കടി മുന്നറിയിപ്പ് നല്‍കാറുണ്ടെങ്കിലും പലരും അത് മുഖവിലക്കെടുക്കാറില്ല. കഴിഞ്ഞ ജൂണില്‍ ഡ്രഗ്‌സ് ആന്‍ഡ് കണ്‍ട്രോള്‍ വകുപ്പ് കോഴിക്കോട് നഗര പരിസരത്തെ ഒരു മെഡിക്കല്‍ സെന്ററില്‍ നടത്തിയ പരിശോധനയില്‍ അവിടെ വില്‍പ്പനക്ക് വെച്ച മരുന്നുകളില്‍ ബഹുഭൂരിഭാഗവും കാലാവധി കഴിഞ്ഞതാണെന്ന് കണ്ടെത്തിയിരുന്നു. ജനങ്ങളുടെ ആരോഗ്യം അപകടത്തിലാക്കുന്ന ഇത്തരം വ്യാപാരികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കേണ്ടതാണ്.



