Kerala
ഹേമചന്ദ്രന്‍ വധക്കേസില്‍ പ്രതി നൗഷാദുമായുള്ള തെളിവെടുപ്പ് പൂര്‍ത്തിയായി
ബീനാച്ചിയിലെ വീട്ടിലും മൃതദേഹം കുഴിച്ചിട്ട ചേരമ്പാടി വനത്തിലുമാണ് പ്രതി നൗഷാദുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയത്.

വയനാട് | സുല്‍ത്താന്‍ ബത്തേരി ഹേമചന്ദ്രന്‍ വധക്കേസില്‍ അന്വേഷണ സംഘത്തിന്റെ തെളിവെടുപ്പ് പൂര്‍ത്തിയായി. ഹേമചന്ദ്രനെ കൊലപ്പെടുത്തി എന്ന് കണ്ടെത്തിയ ബീനാച്ചിയിലെ വീട്ടിലും മൃതദേഹം കുഴിച്ചിട്ട ചേരമ്പാടി വനത്തിലുമാണ് പ്രതി നൗഷാദുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയത്.
ഹേമചന്ദ്രന്റെ മൃതദേഹം കുഴിച്ചിട്ടത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോലീസിനോട് നൗഷാദ് വിശദീകരിച്ചു. നാല് അടിയോളം താഴ്ചയില്‍ കണ്ടെത്തിയ മൃതദേഹം ചരിഞ്ഞുകിടക്കുന്ന നിലയിലായിരുന്നു . ചേരമ്പാടിയിലെ ചതുപ്പില്‍ ആയതിനാല്‍ മൃതദേഹം അഴുകിയിരുന്നില്ല.
ചൊവ്വാഴ്ച രാത്രിയാണ് യുഎഇയില്‍ നിന്നെത്തിയ നൗഷാദിനെ അന്വേഷണസംഘം ബെംഗളരുവില്‍ വച്ച് അറസ്റ്റ് ചെയ്തത്. കോഴിക്കോട് എത്തിച്ച നൗഷാദിനെ ഇന്ന് രാവിലെ പത്തരയോടെ ബത്തേരിയിലെ ബീനാച്ചിയിലുള്ള വീട്ടിലെത്തിച്ചു.
നൗഷാദിന്റെ വീടിന് തൊട്ടടുത്തുള്ള വീട്ടില്‍ വച്ചാണ് കൊലപാതകം നടത്തിയത് എന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇവിടെ മൂന്നര മണിക്കൂറോളം നീളുന്ന തെളിവെടുപ്പാണ് ഇന്ന് നടന്നത്.അടച്ചിട്ട വീട്ടിനുള്ളില്‍ തെളിവെടുപ്പ് പൂര്‍ത്തീകരിച്ച അന്വേഷണസംഘം വീടിന്റെ പിന്നാമ്പുറത്തും നൗഷാദിനെ എത്തിച്ച് പരിശോധന നടത്തി. വീടിന് പുറകില്‍ വച്ചാണ് രേഖകളും വസ്ത്രങ്ങളും കത്തിച്ചതെന്ന് നൗഷാദ് പോലീസിനോട് പറഞ്ഞു.
മൃതദേഹത്തില്‍ പരിക്കുകള്‍ ഉള്‍പ്പെടെ വ്യക്തമാണെന്ന് പോലീസ് പറഞ്ഞു. അതേസമയം, ആത്മഹത്യ ചെയ്തുവെന്ന നൗഷാദിന്റെ മൊഴി പോലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. കൊലപാതകം എന്ന് തന്നെയാണ് പോലീസ് വ്യക്തമാക്കുന്നത്.