Kerala
കാന്തപുരത്തിന്റെ ഇടപെടലില്‍ കുരുക്കഴിഞ്ഞു; ഷിബിന്‍ ജോസഫിന് ജനിച്ച മണ്ണില്‍ അന്ത്യനിദ്ര
മാര്‍ച്ച് 21ന് തബൂക്കില്‍ വാഹനാപകടത്തിലാണ് ഷിബിൻ ജോസഫ് മരിച്ചത്

കോഴിക്കോട് | സഊദിയില്‍ വാഹനാപകടത്തില്‍ മരിച്ച ഷിബിന്‍ ജോസഫിന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ ഇടപെടലിനെ തുടര്‍ന്ന് പിറന്ന മണ്ണില്‍ അന്ത്യനിദ്ര. തടസ്സങ്ങള്‍ നീക്കി മൃതദേഹം നാട്ടിലെത്തിച്ചതിന് താമരശ്ശേരി ബിഷപ്പ് കാന്തപുരത്തെ നന്ദി അറിയിച്ചു. മാര്‍ച്ച് 21ന് തബൂക്കില്‍ വാഹനാപകടത്തില്‍ മരിച്ച തിരുവമ്പാടി ഓതിക്കല്‍ ഷിബിന്‍ ജോസഫി (30)ന്റെ മൃതദേഹമാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഐ സി എഫ് കരുതലില്‍ നാട്ടിലെത്തിച്ചത്.
കമ്പനിയുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങള്‍ കാരണം മാസങ്ങളായി മൃതദേഹം നാട്ടിലെത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. രേഖാപരമായ കാര്യങ്ങള്‍ ശരിയാകാത്തതായിരുന്നു കാരണം. ക്രിസ്ത്യന്‍ സംഘടനകളുള്‍പ്പെടെ പരിശ്രമങ്ങള്‍ വിജയിക്കാത്തതിനെ തുടര്‍ന്ന് ഈ മാസം രണ്ടിന് താമരശ്ശേരി ബിഷപ്പ് മാര്‍ റമിഗിയോസ് ഇഞ്ചനാനിയില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, എ പി അബ്ദുല്‍ ഹകീം അസ്ഹരി എന്നിവരെ ബന്ധപ്പെട്ടു. ഇതേത്തുടര്‍ന്ന് കാന്തപുരത്തിന്റെ നിര്‍ദേശ പ്രകാരം ഐ സി എഫ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ദൗത്യമേറ്റെടുക്കുകയായിരുന്നു.

ഷിബിന്റെ മതദേഹം ഐസിഎഫ് പ്രവർത്തകർ ഏറ്റുവാങ്ങി നാട്ടിലെത്തിച്ചപ്പോൾ
കരീം ഇബ്‌റാഹിം റിയാദ്, മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍ തബൂക്ക്, അബ്ദുല്‍ ഹമീദ് സഅദി, അമീര്‍ ചൊക്ലി, നിസാര്‍ പരപ്പനങ്ങാടി എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ത്വരിത ഗതിയില്‍ നടന്നു. ഇതേത്തുടര്‍ന്ന് രണ്ടര മാസത്തിലേറെയായിട്ടും നാട്ടിലെത്തിക്കാന്‍ കഴിയാതിരുന്ന മൃതദേഹം എല്ലാ കുരുക്കുകളും അഴിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നാട്ടിലെത്തിക്കാനായി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഞായറാഴ്ച രാത്രി തബൂക്കില്‍ നിന്ന് റിയാദ് വഴി കൊച്ചിയിലേക്കയച്ച മൃതദേഹം തിങ്കളാഴ്ച വൈകിട്ട് ബന്ധുക്കള്‍ക്കൊപ്പം എസ് വൈ എസ് ആലുവ സോണ്‍ സാരഥികളായ ശമീര്‍ കരിപ്പായി, ഹബീബുല്ല, ഫൈസല്‍ കൊണ്ടോട്ടി, ഫൈസല്‍ നെടുവന്നൂര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. തുടര്‍ന്ന് “സഹായി’ ആംബുലന്‍സില്‍ തിരുവമ്പാടിയിലെ വസതിയിലെത്തിച്ചു.
എസ് വൈ എസ് ജില്ലാ, സോണ്‍ സാരഥികളായ മജീദ് മാസ്റ്റര്‍ കൊടിയത്തൂര്‍, സലാം മുസ്്‌ലിയാര്‍ പുന്നക്കല്‍, റഫീഖ് പുല്ലൂരാംപാറ, ലത്വീഫ് സഖാഫി, ഹസന്‍ തിരുവമ്പാടി, ഹമീദ് സഖാഫി വലിയ പറമ്പ് തുടങ്ങിയവര്‍ സ്ഥലത്തെത്തിയിരുന്നു. കേരള മുസ്്‌ലിം ജമാഅത്ത് സംസ്ഥാന സമിതി അംഗം മുഹമ്മദ് പറവൂര്‍, ഐ സി എഫ് ഐ സി കൗണ്‍സില്‍ സെക്രട്ടറി മുജീബ് എ ആര്‍ നഗര്‍ (ജിദ്ദ), നാഷനല്‍ സെക്രട്ടറി സിറാജ് കുറ്റ്യാടി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.
മൃതദേഹം നാട്ടിലെത്തിച്ചതിനെ തുടര്‍ന്ന് താമരശ്ശേരി ബിഷപ്പ് കാന്തപുരത്തെയും പ്രവര്‍ത്തകരെയും നന്ദി അറിയിച്ചുകൊണ്ട് കത്തയച്ചു. സമയോചിത ഇടപെടലിലൂടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് പരിശ്രമിച്ച ഐ സി എഫ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെയും താമരശ്ശേരി ബിഷപ്പ് അഭിനന്ദിച്ചു.
മൃതദേഹം തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് ഫെറോന പള്ളി സെമിത്തേരിയില്‍ മറവ് ചെയ്തു. സംസ്‌കാരച്ചടങ്ങുകളിലും കാന്തപുരത്തിനെയും ഐ സി എഫിനെയും അഭിനന്ദിച്ചുകൊണ്ട് പള്ളി അധികൃതര്‍ സംസാരിച്ചു. ജോസഫ് അഗസ്റ്റിനാണ് ഷിബിന്‍ ജോസഫിന്റെ പിതാവ്. മാതാവ്: ബോബി ജോസഫ്, ഭാര്യ: ഡോണ തോമസ്, സഹോദരങ്ങള്‍: ഷിന്റോ ജോസഫ്, ഷിനി ജോസഫ്.