Kerala
തെരഞ്ഞെടുപ്പ് കമ്മീഷന്‍ പെരുമാറുന്നത് ബി ജെ പി ഭരണത്തിന്റെ അനുബന്ധം പോലെ: എം എ ബേബി
തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ബി ജെ പി 30,000ലധികം വോട്ടുകള്‍ കൃത്രിമമായി ചേര്‍ത്തു

തൃശൂര്‍ | ബി ജെ പി ഭരണത്തിന്റെ അനുബന്ധം പോലെയാണ് രാജ്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പെരുമാറുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വോട്ടര്‍ പട്ടികയുടെ അതിവേഗ പുനര്‍രൂപീകരണമായ സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ ഏറ്റെടുക്കുന്നതിന് മുമ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയപാര്‍ട്ടികളോട് ചര്‍ച്ച നടത്തണമായിരുന്നു. ഈ റിവിഷന്‍ വഴി മണ്ഡലത്തില്‍ രണ്ടു ദിവസം താമസിച്ചവരെ പട്ടികയില്‍ ചേര്‍ക്കുകയും ചിലരെ പട്ടികയില്‍ നിന്ന് കൂട്ടത്തോടെ ഒഴിവാക്കുകയും ചെയ്യുന്നു. വോട്ടര്‍ പട്ടികയില്‍ നിന്ന് കൂട്ടത്തോടെ ഒഴിവാക്കാനാണോ അതോ അര്‍ഹരെ ചേര്‍ക്കാനാണോ നടപടിയെന്ന് സുപ്രീം കോടതി കമ്മീഷനോട് ചോദിച്ചിരുന്നതായും ബേബി പറഞ്ഞു.
തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ബി ജെ പി 30,000ലധികം വോട്ടുകള്‍ കൃത്രിമമായി ചേര്‍ത്തു. വ്യാജ മേല്‍വിലാസങ്ങളിലായി തൃശൂര്‍ നഗരത്തില്‍ വോട്ട് ചേര്‍ത്തു. ഇവര്‍ രണ്ടു മണ്ഡലങ്ങളില്‍ വോട്ട് ചെയ്‌തെന്നും എം എ ബേബി പറഞ്ഞു. ഇന്ത്യ ബ്ലോക്കിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുവേണ്ടി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗുരുതര വെളിപ്പെടുത്തലുകളാണ് നടത്തിയത്. വിഷയത്തില്‍ മറുപടി പറയണമെന്ന് രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. എന്നാല്‍ എഴുതി തരണമെന്നാണ് മറുപടി.
ബി എല്‍ ഒമാരുള്‍പ്പടെയുള്ള തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞദിവസം ഡല്‍ഹിയില്‍ കമ്മീഷന്‍ വിളിച്ചു. ബൂത്ത് പരിധിയില്‍ രണ്ടു ദിവസമെങ്കിലും താമസിച്ചതായി തെളിവുണ്ടെങ്കില്‍ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാമെന്നാണ് നിര്‍ദേശം നല്‍കിയത്. നിലവില്‍ ആറുമാസമെങ്കിലും താമസിച്ചവരെയാണ് ചേര്‍ക്കാറുള്ളത്. ഇത് മാറ്റിയാണ് രണ്ടു ദിവസമാക്കുന്നത്. മറുഭാഗത്ത് ഭാഗത്ത് സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍വഴി കൂട്ടത്തോടെ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്യുന്നു. വോട്ടര്‍ പട്ടികയില്‍ നിന്ന് അര്‍ഹരാരും പുറത്താവില്ലെന്ന് ഒടുവില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.