Pathanamthitta
തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബി ജെപി യുടെ ഏജന്‍സിയായി മാറി: പി സി വിഷ്ണുനാഥ് എം എല്‍ എ
എല്ലാ തരത്തിലും ധാര്‍മ്മികത നഷ്ടപ്പെട്ട ഭരണമാണ് കേരളത്തില്‍ നടമാടുന്നതെന്നും വിഷ്ണുനാഥ്

പത്തനംതിട്ട | തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷ രാഹിത്യം രാജ്യത്തിന്റെ പ്രൗഢ പാരമ്പര്യത്തിന് അപമാനമുണ്ടാക്കിയതായി കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് പി സി വിഷ്ണുനാഥ് എം എല്‍ എ. പത്തനംതിട്ട ഡി സി സി നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ അരോപണങ്ങള്‍ ഗൗരവമുള്ളതാണ്. പൊതുജനത്തിനും യുവജനങ്ങളിലും രാഹുല്‍ ഗാന്ധിയുടെ സ്വീകര്യത വര്‍ധിച്ചിരിക്കുന്നു. ലോകത്ത് ശ്രദ്ധേയനായ നേതാവായി രാഹുല്‍ ഗാന്ധി മാറിയിരിക്കുന്നതായി വിഷ്ണുനാഥ് പറഞ്ഞു.
കേരളത്തിലെ ശക്തമായ നീതിപീഠങ്ങളില്‍ നിന്നും പരാമര്‍ശങ്ങളുണ്ടായിട്ടും കേരളാ മുഖ്യമന്ത്രിയും ഗവണ്‍മെന്റും ഗൗനിക്കാതെ മുന്നോട്ടു പോകുന്നു. എല്ലാ തരത്തിലും ധാര്‍മ്മികത നഷ്ടപ്പെട്ട ഭരണമാണ് കേരളത്തില്‍ നടമാടുന്നതെന്നും വിഷ്ണുനാഥ് പറഞ്ഞു.
ഡി സി സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു. കെ പി സി സി രാഷ്ട്രീയകാര്യസമതി അംഗങ്ങളായ പി ജെ കുര്യന്‍, ഷാനിമോള്‍ ഉസ്മാന്‍, ജനറല്‍ സെക്രട്ടറിമാരായ എം എം നസീര്‍, പഴകുളം മധു, മുന്‍ മന്ത്രി പന്തളം സുധാകരന്‍, മുന്‍ ഡി സി സി പ്രസിഡന്റുമാരായ കെ ശിവദാസന്‍ നായര്‍, പി മോഹന്‍രാജ്, യു ഡ്ി എഫ് കണ്‍വീനര്‍ എ ഷംസുദ്ദീന്‍, മുന്‍ എം എല്‍ എ മാലേത്ത് സരളാദേവി, വനിതാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രജനി പ്രദീപ്, കെ എസ് യു ജില്ലാ പ്രസിഡന്റ് അലന്‍ ജിയോ മൈക്കിള്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട സംബന്ധിച്ചു.