Kerala
പുരുഷ ഹോംനഴ്‌സിന്റെ മര്‍ദനം; പരുക്കേറ്റ വയോധികന്‍ മരിച്ചു
പത്തനംതിട്ട പറപ്പെട്ടി സന്തോഷ് ഭവനില്‍ ശശിധരന്‍ പിള്ള (60)യാണ് മരിച്ചത്.
കൊടുമണ്‍ | പുരുഷ ഹോംനഴ്സിന്റെ ക്രൂരമായ മര്‍ദനത്തില്‍ സാരമായി പരുക്കേറ്റ വയോധികന്‍ മരിച്ചു. പത്തനംതിട്ട പറപ്പെട്ടി സന്തോഷ് ഭവനില്‍ ശശിധരന്‍ പിള്ള (60)യാണ് മരിച്ചത്. പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഇക്കഴിഞ്ഞ ഏപ്രിലിലായിരുന്നു ഹോംനഴ്‌സിന്റെ മര്‍ദനം. അള്‍ഷിമേഴ്സ് ബാധിച്ച് കിടപ്പിലായ ശശിധരന്‍ പിള്ളയെ ഹോംനഴ്സ് വിഷ്ണു ക്രൂരമായി മര്‍ദിക്കുകയായിരുന്നു. അസുഖം ബാധിച്ച് കിടപ്പിലായിരുന്ന വിമുക്തഭടനായ ശശിധരന്‍ പിള്ളയെ മര്‍ദിച്ച ശേഷം ഹോംനഴ്സ് നഗ്‌നനാക്കി വലിച്ചിഴയ്ക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
ശശിധരന്‍ പിള്ളയുടെ ഭാര്യ തഞ്ചാവൂരിലെ ജോലി സ്ഥലത്താണ്. ഏക മകള്‍ സ്ഥലത്തില്ല. ഇതേ തുടര്‍ന്നാണ് അള്‍ഷിമേഴ്സ് രോഗിയായ ശശിധരന്‍ പിള്ളയെ പരിചരിക്കാന്‍ ഹോംനഴ്സായ വിഷ്ണുവിനെ നിയമിച്ചത്. വീട്ടില്‍ അവശനിലയില്‍ ശശിധരന്‍ പിള്ളയെ കണ്ടെത്തിയതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം കൊടുമണ്‍ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.




