Connect with us

Web Special

ഭൂമിയുടെ ചലനങ്ങൾ നിലച്ചെങ്കിലും തുർക്കിയിലെ ജീവിതങ്ങൾ ഇപ്പോഴും ഞെട്ടിവിറക്കുന്നു

കുട്ടികളുടെ കാര്യമാണ് പരമദയനീയം. ഇലയനങ്ങുമ്പോള്‍ പോലും കുട്ടികള്‍ പേടിച്ചുവിറക്കുന്നു.

Published

|

Last Updated

‘ഞങ്ങളെ കാണുമ്പോള്‍ ജീവനുണ്ടെന്ന് നിങ്ങള്‍ക്ക് തോന്നും. എന്നാല്‍ ഞങ്ങളും മരിച്ചവരാണ്. 12 ബന്ധുക്കളാണ് ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടത്. ഞങ്ങളും അവരോടൊപ്പം മരിച്ചു’

ഭൂചലനങ്ങള്‍ തുര്‍ക്കിയിലെ ഭൂമിയെ മാത്രമല്ല വിറപ്പിച്ചത്, അവിടെയുള്ള ജീവിതങ്ങളെയും കീഴ്‌മേല്‍ മറിച്ചു. ഒരുമാത്ര കൊണ്ട് മറ്റൊരു ജീവിതത്തിലേക്ക് കൂപ്പുകുത്തിയ അഹ്മദ് ഫിറാതിന്റെ വാക്കുകളാണ് മുകളില്‍ ഉദ്ധരിച്ചത്. തെക്കുകിഴക്കന്‍ തുര്‍ക്കിയിലെ അദിയാമനിലെ തകര്‍ന്നുകിടക്കുന്ന കെട്ടിടങ്ങളില്‍ നിന്ന് കുറച്ചകലെയായി തുറന്ന മൈതാനത്ത് താത്കാലികമായി കെട്ടിയുണ്ടാക്കിയ കൂടാരത്തിന് പുറത്തുവെച്ചാണ് 39കാരനായ ഫിറാത് ഇക്കാര്യങ്ങള്‍ പറഞ്ഞത്. കൂമ്പാരമായിക്കിടക്കുന്ന കെട്ടിടാവശിഷ്ടങ്ങള്‍ തുരന്ന് പത്ത് ദിവസത്തോളം ഫിറാത് രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. അവസാനം ഒരു മൃതദേഹവും ലഭിക്കാതായതോടെ ശ്രമം ഉപേക്ഷിച്ചു. എന്നാലും അദ്ദേഹത്തിനൊരു സമാധാനവുമില്ല.

ഇലയനക്കം പോലും കുഞ്ഞുങ്ങൾക്ക് ഭീതി

ഭൂചലനമുണ്ടായ സമയത്ത് ഫിറാതിനും ഭാര്യ ഐതനും മൂന്ന് കുട്ടികൾക്കും വീട്ടില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിച്ചു. ഇട്ടവസ്ത്രം മാത്രമാണ് ഇവര്‍ക്കുള്ളത്. വാടകക്കെടുത്ത വീട് തകര്‍ന്നു. ഇപ്പോള്‍ മറ്റ് 40 ബന്ധുക്കളോടൊപ്പം നാല് ടെന്റുകളിലാണ് താമസം. രാത്രിയില്‍ പൂജ്യം ഡിഗ്രിയിലേക്ക് താഴുന്ന മരവിപ്പിക്കും തണുപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ ഇവര്‍ക്കുള്ള ഏക ആശ്രയം അധികൃതര്‍ നല്‍കിയ ബ്ലാങ്കറ്റാണ്. വിറക് ഇട്ട് കത്തിക്കുന്ന അടുപ്പുണ്ടെങ്കിലും ഇടക്കിടെയുണ്ടാകുന്ന കാറ്റ് കാരണം ടെന്റില്‍ പുക നിറയും. ആ സമയം തീയണക്കും. കൊടുംതണുപ്പില്‍ കുട്ടികള്‍ രോഗികളാകുന്നതായിരിക്കും ഫലം. ടെന്റുകളില്‍ നിന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ഇറങ്ങിയതായി കേട്ടതിനാല്‍ രാത്രിയിലുടനീളം ഒരാള്‍ ഉറങ്ങാതെ കാവല്‍ നില്‍ക്കും. ഇതുകൂടിയായതോടെ കുട്ടികള്‍ പേടിച്ചരണ്ടിരിക്കുകയാണ്. മുതിര്‍ന്നവരുടെ ദൃഷ്ടിയില്‍ നിന്ന് പോലും മാറിനില്‍ക്കാന്‍ അവര്‍ ധൈര്യപ്പെടുന്നില്ല.

ദുരന്ത നിമിഷങ്ങളെ അടയാളപ്പെടുത്തി അദിയാമന്‍ നഗരത്തിന്റെ ഒത്തനടുക്ക് ഒരു ഘടികാരം വിറങ്ങലിച്ച് നില്‍പ്പുണ്ട്. ഫെബ്രുവരി ആറിനുണ്ടായ 7.8 തീവ്രതയിലുള്ള ആദ്യ ഭൂചലനത്തിന്റെ സമയം അടയാളപ്പെടുത്തി 4.17ല്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് ഈ ക്ലോക്ക്. ഭൂചലനമുണ്ടായി ആദ്യ മൂന്ന് ദിവസം പുറംലോകവുമായി പൂര്‍ണമായും ഒറ്റപ്പെട്ടുകിടക്കുകയായിരുന്നു അദിയാമന്‍. സഹായവുമായി അധികൃതര്‍ക്ക് ഇവിടെ എത്താനായില്ല. മൂന്ന് ലക്ഷം പേര്‍ താമസിക്കുന്ന നഗരത്തിലെ ആശയവിനിമയ സൗകര്യം പൂര്‍ണമായും തകരുകയും നിരവധി റോഡുകള്‍ തകരുകയും ചെയ്തതാണ് ഒറ്റപ്പെടാന്‍ കാരണം. മഞ്ഞുവീഴ്ചയും മഴയും കൂടിയായതോടെ കാര്യങ്ങള്‍ വഷളായി. ദുരന്തത്തിന്റെ ആദ്യദിവസങ്ങളില്‍ ശവപ്പുരകള്‍ നിറഞ്ഞുകവിഞ്ഞു. ബ്ലാങ്കറ്റുകളില്‍ പൊതിഞ്ഞ് മൃതദേഹങ്ങള്‍ നിരത്തുകളില്‍ വെച്ചതോടെ റോഡുകള്‍ തടസ്സപ്പെട്ടു. സ്ഥലപരിമിതി കാരണം ഒരേ കല്ലറയില്‍ കുടുംബങ്ങളെ ഒന്നടങ്കം അടക്കി. ബുധനാഴ്ച വരെ 8,000 പേര്‍ ഇവിടെ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. അനൗദ്യോഗികമായി അതിലേറെയുണ്ടാകും. നൂറുകണക്കിന് കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ന്നു.

ജീവൻ തിരികെ ലഭിച്ചവരുടെ മാനസികാരോഗ്യം പരിതാപകരം

യുദ്ധഭൂമി പോലെയായി നഗരം. തെരുവില്‍ നിറയെ കെട്ടിടാവശിഷ്ടങ്ങളാണ്. തകര്‍ന്ന കപ്പല്‍ച്ഛേദം പോലെ നിരവധി കെട്ടിടങ്ങള്‍ ഭീഷണിയുയര്‍ത്തി നില്‍ക്കുന്നു. തുര്‍ക്കിയിലെ അടിയന്തര- ദുരന്ത പ്രതികരണ ഏജന്‍സിയായ അഫാദും മറ്റ് സംഘടനകളും നല്‍കിയ ടെന്റുകളിലാണ് ഇവര്‍ കഴിയുന്നത്. കുറച്ചെങ്കിലും പണം കൈവശമുള്ളവര്‍ നഗരം വിട്ടുപോയി. ജീവന്‍ മാത്രം ശേഷിച്ചവര്‍ നഗരത്തില്‍ തന്നെ കഴിയുന്നു. അഞ്ച് ബന്ധുക്കളെയടക്കം പത്ത് പേരെ രക്ഷപ്പെടുത്താന്‍ അഹ്മദ് ഫിറാതിന് സാധിച്ചു. രക്ഷാപ്രവര്‍ത്തകര്‍ വരുന്നതിന് മുമ്പ് ആദ്യ രണ്ട് ദിവസം മതിയായ ഉപകണങ്ങളില്ലാതെയായിരുന്നു രക്ഷാപ്രവര്‍ത്തനം. അവയുണ്ടായിരുന്നെങ്കില്‍ കൂടുതല്‍ കാര്യക്ഷമമാകുമായിരുന്നു. ബുധനാഴ്ച കാണാതായ അവസാന ബന്ധുവിന്റെ മൃതദേഹവും രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തു. നിലവില്‍ വിദൂര ഗ്രാമങ്ങളിലേക്ക് സഹായങ്ങള്‍ എത്തിക്കുന്നതിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. അധികാരികളാരും തിരിഞ്ഞുനോക്കാത്തതില്‍ ഗ്രാമീണര്‍ക്ക് വലിയ രോഷമുണ്ട്. ധൈര്യമുണ്ടെങ്കില്‍ പ്രസിഡന്റ് ഇവിടെ വരണമെന്ന് ഇവര്‍ വെല്ലുവിളിക്കുന്നു. ഒരു ജനപ്രതിനിധി പോലും അദിയാമന്‍ സന്ദര്‍ശിക്കുന്നില്ല. മുതിര്‍ന്ന ഉദ്യോഗസ്ഥരും എത്തിയില്ല. നിങ്ങളെല്ലാവരും ഞങ്ങളെ ഒറ്റക്കാക്കിയെന്നും ഇവര്‍ പരിതപിക്കുന്നു. അതേസമയം, സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് പറയാനാകില്ലെന്ന് ഗ്രാമീണര്‍ തന്നെ അഭിപ്രായപ്പെടുന്നു. ആദ്യ ദിവസങ്ങളില്‍ വൈകിയത് മനസ്സിലാക്കാവുന്നതേയുള്ളൂ. സര്‍ക്കാര്‍ അയച്ചതില്‍ അധികമുള്ള വസ്തുക്കള്‍ ആവശ്യമുള്ളയിടത്തേക്ക് ഇവര്‍ കൈമാറിയിരുന്നു. സാധ്യമായത് സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. എല്ലാം ചെയ്യാന്‍ സര്‍ക്കാറിന് സാധിക്കുകയുമില്ലെന്ന് ഇവര്‍ യാഥാര്‍ഥ്യബോധത്തോടെ പ്രതികരിക്കുന്നു.

ജനങ്ങളുടെ മാനസികനില അപകടകരമായ വിതാനത്തിലാണെന്ന് വിദഗ്ധര്‍ പറയുന്നുണ്ട്. അതിനാലാണ് ഈ രോഷവും ദുഃഖവും. കുട്ടികളുടെ കാര്യമാണ് പരമദയനീയം. ഇലയനങ്ങുമ്പോള്‍ പോലും കുട്ടികള്‍ പേടിച്ചുവിറക്കുന്നു. സാധ്യമായവര്‍ കുട്ടികളെയും ജീവിത പങ്കാളികളെയും ഇസ്താന്‍ബൂള്‍ പോലെയുള്ള നഗരങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. മാനസികാരോഗ്യം വീണ്ടെടുക്കാനാണ് ഇങ്ങനെ ചെയ്തത്. ദുരന്തഭൂമിയില്‍ നിന്ന് വരുന്ന അതിജീവന ഗാഥകള്‍ ഇവര്‍ക്ക് പ്രതീക്ഷയുണ്ടാക്കുന്നുണ്ട്. പലരുടെയും ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയില്‍ ഏതാനും വാരയോ ചുമരോ മാത്രമാണ് ദൂരമുണ്ടായിരുന്നത്. ഭാഗികമായി മനുഷ്യനിര്‍മിത ദുരന്തമാണിതെന്ന് ഗ്രാമീണര്‍ പറയുന്നു. നഗരത്തിലെ പുതിയതും ഉയരം കൂടിയതുമായ കെട്ടിടങ്ങളാണ് തകര്‍ന്നത്. കൂടുതല്‍ പണമുണ്ടാക്കാന്‍ ചട്ടങ്ങള്‍ കാറ്റില്‍പറത്തി കരാറുകള്‍ എടുപ്പുകള്‍ കെട്ടിപ്പൊക്കി. നിയമലംഘനത്തിന് അധികാരികളും ചൂട്ടുപിടിച്ചു. കുറ്റം മറച്ചുവെക്കാന്‍ കരാറുകാര്‍ അധികാരികള്‍ക്ക് വന്‍തോതില്‍ കൈക്കൂലി നല്‍കുകയും ചെയ്തു. പുറമെ, നിർമാണ സാമഗ്രികളിൽ അതിഭീമമായ വെട്ടിപ്പും നടത്തി. ഫലമോ, നിരപരാധികളായ ആയിരങ്ങൾ കെട്ടിടങ്ങൾക്കടിയിലായി.