Kerala
ഷാഫി പറമ്പിലിനെതിരെ ഡി വൈ എഫ് ഐ നടത്തിയത് സമരാഭാസം; ജനശ്രദ്ധ തിരിക്കാനുള്ള ഗൂഢനീക്കം: വി ഡി സതീശന്‍
ഷാഫിക്കെതിരായ മൂന്നാംകിട നാടകം തുടര്‍ന്നാല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും മറ്റ് സി പി എം ജനപ്രതിനിധികളും ലൈംഗികാരോപണ കേസുകളില്‍പ്പെട്ട എല്‍ ഡി എഫ് നേതാക്കളും റോഡിലിറങ്ങില്ല.

തിരുവനന്തപുരം | ഷാഫി പറമ്പില്‍ എം പിയെ വഴിയില്‍ തടഞ്ഞുവച്ച് ഡി വൈ എഫ് ഐ അസഭ്യവര്‍ഷം നടത്തിയത് ജനാധിപത്യ വിരുദ്ധമായ നടപടിയും മര്യാദകേടുമാണെന്ന് പ്രതിക്ഷ നേതാവ് വി ഡി സതീശന്‍. സമരാഭാസമാണ് ഡി വൈ എഫ് ഐയുടെ ഭാഗത്തു നിന്നുണ്ടായത്. സംസ്ഥാനം ഭരിക്കുന്ന പിണറായി സര്‍ക്കാരിനും സി പി എമ്മിനും എതിരെ ഉയരുന്ന ഗുരുതര ആരോപണങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കുന്നതിനു വേണ്ടിയുള്ള ഗൂഢനീക്കമാണ് ഇതിനു പിന്നിലെന്നും സതീശന്‍ എഫ് ബിയില്‍ കുറിച്ചു.
ഇതിനൊക്കെ അതേ നാണയത്തില്‍ മറുപടി നല്‍കാന്‍ കോണ്‍ഗ്രസിനും യു ഡി എഫിനും അറിയാം. ഷാഫിക്കെതിരായ സി പി എമ്മിന്റെ മൂന്നാംകിട നാടകം തുടര്‍ന്നാല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും മറ്റ് സി പി എം ജനപ്രതിനിധികളും ലൈംഗികാരോപണ കേസുകളില്‍പ്പെട്ട എല്‍ ഡി എഫ് നേതാക്കളും റോഡിലിറങ്ങില്ലെന്നും സതീശന്‍ പറഞ്ഞു.
വടകര ടൗണ്‍ഹാളില്‍ നിന്നും പരിപാടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് ഷാഫി പറമ്പില്‍ സഞ്ചരിച്ച കാര്‍ തടഞ്ഞ് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ പോലീസ് നടത്തിയ ശ്രമങ്ങള്‍ ഫലവത്തായില്ല. വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയ ഷാഫി, പേടിച്ചു പോകാന്‍ തീരുമാനിച്ചിട്ടില്ലെന്നും നായ്, പട്ടി എന്നൊക്കെ വിളിച്ചാല്‍ കേട്ടുനില്‍ക്കാന്‍ വേറെ ആളെ നോക്കണമെന്നും പ്രതികരിച്ചു.