Uae
ദുബൈ; പ്രധാന, ആന്തരിക റോഡുകളിൽ മാർക്കിംഗ് നവീകരണം തുടങ്ങി
ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ നിലനിർത്താനുള്ള ആർ ടി എയുടെ പ്രതിബദ്ധത ഈ സംരംഭം പ്രതിഫലിപ്പിക്കുന്നു.
ദുബൈ| 89 ഇടങ്ങളിൽ പ്രധാന, ആന്തരിക റോഡുകളിലെ മാർക്കിംഗ് പുതുക്കൽ ആർ ടി എ ആരംഭിച്ചു. ഇതിൽ ഹൈവേകൾ, പ്രധാന റോഡുകൾ, താമസ കേന്ദ്രങ്ങൾ, കവലകൾ എന്നിവ ഉൾപ്പെടുന്നു. ആർ ടി എയുടെ വാർഷിക അറ്റകുറ്റപ്പണി ആസൂത്രണത്തിന് കീഴിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ലൈൻ മാർക്കിംഗിനും റോഡ് സൈനേജുകൾക്കുമായി 2025 പ്രിവന്റീവ് മെയിന്റനൻസ് പ്ലാൻ തയാറാക്കിയിരുന്നു. വിപുലമായ റോഡ് ശൃംഖലയിലുടനീളം വാഹനമോടിക്കുന്നവർക്ക് വ്യക്തവും ഫലപ്രദവുമായ മാർഗനിർദേശം ഉറപ്പാക്കും. ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ നിലനിർത്താനുള്ള ആർ ടി എയുടെ പ്രതിബദ്ധത ഈ സംരംഭം പ്രതിഫലിപ്പിക്കുന്നു.
ശൈഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്്യാൻ സ്ട്രീറ്റ്, ഫസ്റ്റ് അൽ ഖൈൽ റോഡ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, അൽ ഖവാനീജ് സ്ട്രീറ്റ്, അമ്മാൻ സ്ട്രീറ്റ്, സഅബീൽ സ്ട്രീറ്റ്, അൽ മനാമ സ്ട്രീറ്റ് തുടങ്ങിയ 50 പ്രധാന റോഡുകളുടെ പുനർനിർമാണം പദ്ധതിയിൽ ഉൾപ്പെടുന്നു. അൽ അവീർ, ഉം ഹുറൈർ, ഊദ് അൽ മുതീന, അൽ ത്വാർ, അൽ ബർശ, അൽ സുഫൂഹ്, അൽ ഖുസൈസ് ഇൻഡസ്ട്രിയൽ ഏരിയ എന്നിവയുൾപ്പെടെ 39 താമസ കേന്ദ്രങ്ങളിലെ റോഡ് അടയാളപ്പെടുത്തൽ പുതുക്കലും പദ്ധതിയിൽ ഉൾപ്പെടുന്നു.
വേഗം കുറക്കൽ മേഖലകളിൽ ചുവന്ന ഉപരിതലം വീണ്ടും പെയിന്റ്ചെയ്യും. പ്രധാന കവലകളിലെ ബോക്‌സ് ജംഗ്ഷനുകൾ, പണമടച്ചുള്ള പാർക്കിംഗ്, ഹമ്പുകൾ പോലുള്ള ഗതാഗതം ശാന്തമാക്കുന്ന ഉപകരണങ്ങൾ എന്നിവ പുനർനിർമിക്കും. റോഡ് ശൃംഖലയിലുടനീളം ഉയർന്ന നിലവാരത്തിലുള്ള സുരക്ഷ നിലനിർത്താൻ സഹായിക്കുന്നതിന് 30,000 ലീനിയർ മീറ്ററിലധികം റോഡ് മാർക്കിംഗുകൾ വീണ്ടും പെയിന്റ്ചെയ്യുമെന്ന് ട്രാഫിക് ആൻഡ് റോഡ്‌സ് ഏജൻസിയിലെ റോഡ്‌സ് ആൻഡ് ഫെസിലിറ്റി മെയിന്റനൻസ് ഡിപ്പാർട്ട്മെന്റ്ഡയറക്ടർ അബ്ദുല്ല അലി ലൂത്ത പറഞ്ഞു.




