Connect with us

Ongoing News

സഊദിയിൽ ഡ്രൈവറില്ലാത്ത കാറിന്റെ പരീക്ഷണയോട്ടം പൂർത്തിയായി

മണിക്കൂറിൽ പരമാവധി 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും

Published

|

Last Updated

റിയാദ് | സ്മാർട്ട്, എ ഐ അധിഷ്ഠിത ഗതാഗത സംവിധാനങ്ങളിലേക്കുള്ള സുപ്രധാന ചുവടുവപ്പുമായി  സഊദി അറേബ്യ, തലസ്ഥനമായ റിയാദിൽ ഡ്രൈവറില്ലാത്ത കാറിന്റെ പരീക്ഷണയോട്ടത്തിന് ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റിയുടെ നേതൃത്വത്തിൽ  തുടക്കമായി.

നൂതന സാങ്കേതികവിദ്യ പ്രാപ്തമാക്കുന്നതിനും രാജ്യത്ത് സുരക്ഷിത ഗതാഗത ആവാസവ്യവസ്ഥയുടെ വികസനം വിപുലീകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ചുവടുവെപ്പാണ് പുതിയ സംവിധാനം. മണിക്കൂറിൽ പരമാവധി 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്നാണ് പ്രധാന സവിശേഷത. ടി ജി എയുടെ നേരിട്ടുള്ള നിയന്ത്രണ, സാങ്കേതിക മേൽനോട്ടത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

പ്രാരംഭ ഘട്ടത്തിൽ സുരക്ഷ ഉറപ്പാക്കുന്നതിനും,സ്മാർട്ട് സിസ്റ്റങ്ങളുടെ പ്രകടനം നിരീക്ഷിക്കുന്നതിനും ഓരോ വാഹനത്തിലും സുരക്ഷാ ഉദ്യോഗസ്ഥരുടെ സേവനവും യാത്രക്കാർക്ക് ലഭ്യമാകും.

ഗതാഗത, ലോജിസ്റ്റിക് മന്ത്രിയും ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി ചെയർമാനുമായ എൻജിനീയർ സാലിഹ് അൽ ജാസർ വാഹനങ്ങളുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള സർവീസ്  ഉദ്ഘാടനം ചെയ്തു. നൂതന സാങ്കേതികവിദ്യകൾ പ്രാപ്തമാക്കുന്നതിലും സുരക്ഷിതമായ ഗതാഗത സൗകര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിലും രാജ്യം വലിയ നേട്ടമാണ്  കൈവരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ആദ്യ ഘട്ടത്തിൽ രാജ്യ തലസ്ഥനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ, രണ്ട്, അഞ്ച്, റോഷൻ ബിസിനസ് ഫ്രണ്ട്, പ്രിൻസസ് നൂറ യൂനിവേഴ്സിറ്റി, നോർത്ത് ട്രെയിൻ സ്റ്റേഷൻ, ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റിയുടെ ആസ്ഥാനം എന്നിവയുൾപ്പെടെ ഏഴ് പ്രധാന  പ്രധാന സ്ഥലങ്ങൾ ഉൾപ്പെടെ 13 പിക്കപ്പ്, ഡ്രോപ്പ്-ഓഫ് പോയിന്റുകളാണ് സജ്‌ജമാക്കിയിട്ടുള്ളത്.
ആഭ്യന്തര മന്ത്രാലയം, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ, ബഹിരാകാശ, നവീകരണ ആവാസവ്യവസ്ഥ, സഊദി  ഡാറ്റ & എ ഐ അതോറിറ്റി (എസ്‌ ഡി‌ എ‌ ഐ‌ എ), ജനറൽ അതോറിറ്റി ഫോർ സർവേ ആൻഡ് ജിയോസ്പേഷ്യൽ ഇൻഫർമേഷൻ (ജിയോസ), സഊദി  സ്റ്റാൻഡേർഡ്സ്, മെട്രോളജി ആൻഡ് ക്വാളിറ്റി ഓർഗനൈസേഷൻ (സാസോ) എന്നിവയും സാങ്കേതികവിദ്യയിൽ പ്രവർത്തന പങ്കാളികളായ ഊബർ, വീറൈഡ്, എയ്‌ഡ്രൈവർ തുങ്ങിയവയുടെയും  പങ്കാളിത്തത്തിലൂടെയാണ്  പദ്ധതി വികസിപ്പിച്ചെടുത്തത്.