Kerala
തന്റെ മുറിയില്‍ കണ്ടെത്തിയത് റിപ്പയര്‍ ചെയ്യാതെ തിരികെ എത്തിച്ച ഉപകരണങ്ങള്‍; ആരോപണത്തിന് മറുപടിയുമായി ഡോ.ഹാരിസ്
ഒരോന്നിനും റിപ്പയറിങിനായി രണ്ടുലക്ഷം രൂപ വരുമെന്ന് കമ്പനി അറിയിച്ചപ്പോള്‍ അവ തിരികെ എത്തിക്കുകയായിരുന്നു

തിരുവനന്തപുരം | തിരുവനന്തപുരം മെഡിക്കല്‍ കോളജ് അധികൃതരുടെ ആരോപണത്തിന് മറുപടിയുമായി ഡോ. ഹാരിസ് ചിറക്കല്‍. തന്റെ മുറിയില്‍ കണ്ടത്തിയ ഉപകരണം എറണാകുളത്ത് റിപ്പയര്‍ ചെയ്യാന്‍ കൊണ്ടുപോയ പഴയ നെഫ്രോസ്‌കോപ്പുകളാണെന്ന് ഹാരിസ് പറഞ്ഞു. ഒരോന്നിനും റിപ്പയറിങിനായി രണ്ടുലക്ഷം രൂപ വരുമെന്ന് കമ്പനി അറിയിച്ചപ്പോള്‍ അവ തിരികെ എത്തിക്കുകയായിരുന്നുവെന്നും തിരിച്ചയച്ച ഉപകരണമായിരുന്നു ആ ബോക്സിലുണ്ടായിരുന്നതെന്നും ഹാരിസ് വ്യക്തമാക്കി.മെഡിക്കല്‍ ഓഫീസര്‍മാരുടെ വാട്‌സാപ്പ് ഗ്രൂപ്പിപ്പിലാണ് ഹാരിസ് ഇക്കാര്യം പറയുന്നത്.
വര്‍ഷങ്ങള്‍ പഴക്കമുള്ള മെഷീനുകള്‍ ഉപേക്ഷിക്കുന്നതിന് മുന്നോടിയായി റിപ്പയര്‍ ചെയ്യാനായി ശ്രമിക്കാറുണ്ട്. അതിന്റെ ഭാഗമായി എറണാകുളത്തുള്ള കമ്പനിയിലേക്ക് അയച്ചു. എന്നാല്‍ ഓരോ സ്‌കോപ്പും നന്നാക്കുന്നതിന് രണ്ടുലക്ഷം രുപ മിനിമം വരുമെന്ന് അവര്‍ അറിയിച്ചു. അത്രയും തുക ഡിപ്പാര്‍ട്ടുമെന്റില്‍ ഇല്ലാത്തതിനാല്‍ അതുതിരിച്ചുതരാന്‍ കമ്പനിയോട് പറഞ്ഞു. അത് അവര്‍ തിരിച്ചയച്ചു. അതിന്റെ പാക്കിങ് കവറാണ് അവിടെ കണ്ടെത്’ – ഡോക്ടര്‍ ഹാരിസ് പറഞ്ഞു
ഡോ.ഹാരിസിനെ സംശയനിഴലില്‍ ആക്കുന്നതായിരുന്നു മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനം. യുറോളജി വിഭാഗത്തില്‍നിന്ന് ഒരു ഉപകരണം കാണാതായെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ഡോ. ഹാരിസിന്റെ മുറിയില്‍നിന്ന് ഒരു ഉപകരണം കണ്ടെത്തിയെന്നും സമീപത്തെ പെട്ടിയില്‍ ചില ബില്ലുകളുണ്ടായിരുന്നെന്നും പ്രിന്‍സിപ്പല്‍ ഡോക്ടര്‍ ജബ്ബാര്‍ പറഞ്ഞു. അതില്‍ അസ്വാഭാവികതയുണ്ട്. വിശദമായി പരിശോധിച്ച് സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു
ഡോ. ഹാരിസിന്റെ മുറിയില്‍ ഒരാള്‍ കടന്നുകയറുന്നത് സിസിടിവിയില്‍ കണ്ടതുകൊണ്ടാണ് പഴയ താഴ് മാറ്റി പുതിയ താഴിട്ടു പൂട്ടിയതെന്ന് സൂപ്രണ്ട് ഡോ. സുനില്‍ കുമാര്‍ പറഞ്ഞു. എന്നാല്‍ പൂട്ട് പൊളിച്ചിട്ടല്ല. താക്കോല്‍ ഉപയോഗിച്ചാണോ കയറിയതെന്നു ദൃശ്യങ്ങളില്‍ വ്യക്തമല്ലെന്നും സൂപ്രണ്ട് പറഞ്ഞു.
അതേ സമയം തന്നെ കുരുക്കിലാക്കാനും വ്യക്തിപരമായി ആക്രമിക്കാനും ബോധപൂര്‍വം ശ്രമിക്കുകയാണെന്ന് ഡോ. ഹാരിസ് പരാതിപ്പെട്ടിരുന്നു. തന്റെ ഓഫിസ് മറ്റൊരു പൂട്ടിട്ടു പൂട്ടിയ അധികൃതരുടെ ലക്ഷ്യം വേറെയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതിനു മറുപടിയായാണ് പ്രിന്‍സിപ്പല്‍ ഇന്ന് വാര്‍ത്താസമ്മേളനം വിളിച്ചത്.