Connect with us

Ongoing News

ഭരണഘടനയുടെ അന്തഃസത്ത നഷ്ടപ്പെടുത്തരുത്: കാന്തപുരം

റിപബ്ലിക് ദിന സന്ദേശം നൽകി കാന്തപുരം

Published

|

Last Updated

കോഴിക്കോട് | മറ്റൊരു രാജ്യത്തുമില്ലാത്ത വിധം വിപുലമായ സാംസ്‌കാരിക വൈവിധ്യമുണ്ടായിട്ടും ഇന്ത്യയെന്ന ആശയത്തെ ഒരുമിപ്പിക്കുന്നത് ഭരണഘടനയാണെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ.

അതിവിശാലവും വൈവിധ്യപൂർണവുമായ രാജ്യത്തെ എല്ലാവിഭാഗം ജനങ്ങളെയും ഉൾക്കൊള്ളാൻ ഭരണഘടനക്ക് സാധിച്ചിട്ടുണ്ട്. സമഗ്രമായ ഭരണഘടനയുടെ പേരിൽ ലോക രാജ്യങ്ങൾക്കിടയിൽ ഏറെ കീർത്തി നേടി. എന്നാൽ, അതിൻ്റെ അന്തഃസത്ത തകർക്കാൻ വിവിധ ഭാഗങ്ങളിൽ നിന്ന് ബോധപൂർവ ശ്രമങ്ങൾ ഉണ്ടാകുന്നുണ്ടോ എന്ന് ആശങ്കപ്പെടേണ്ട കാലമാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

വൈദേശികാധിപത്യത്തിൽ നിന്ന് പൊരുതി നേടിയ പരമാധികാരം ആരുടെ മുന്നിലും പണയം വെക്കാതെയും മുൻഗാമികളായ രാഷ്ട്ര തന്ത്രജ്ഞർ വിശാലമായ കാഴ്ചപ്പാടുകളിലൂടെ രൂപവത്കരിച്ച ഭരണഘടനാ മൂല്യങ്ങൾ അവഗണിക്കാതെയും മുന്നോട്ടുപോയാൽ രാജ്യത്തിൻ്റെ യശസ്സ് ഇനിയുമുയരും. ഭരണഘടനയുടെ അന്തഃസത്തയും രാജ്യത്തിൻ്റെ പെരുമയും നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കണമെന്നും കാന്തപുരം റിപബ്ലിക് ദിന സന്ദേശത്തിൽ പറഞ്ഞു.