Connect with us

ഇന്ന് ലോക ബാലവേല വിരുദ്ധ ദിനം

കുട്ടികളാണ് പണിയെടുപ്പിച്ച് കൊള്ളയടിക്കല്ലേ...

ബാലവേല കണ്ണില്‍പ്പെട്ടാല്‍ അധികൃതരെ വിവരമറിയിച്ച് നമുക്കും ഇതിനെതിരെയുള്ള യജ്ഞത്തില്‍ പങ്കാളിയാവാം.

Published

|

Last Updated

തിരൂരിലേക്കുള്ള ബസ് യാത്രയ്ക്കിടയിലാണ് അവനെ കണ്ടത്. കുഞ്ഞുവിരല്‍ തോണ്ടി അവന്‍ എന്നെ വിളിക്കുകയായിരുന്നു. ആരാണെന്ന ഭാവത്തില്‍ തിരിഞ്ഞു നോക്കിയപ്പോള്‍ മുറിവുകളുള്ള കുഞ്ഞു കൈകള്‍ നീട്ടി കണ്ണില്‍ കൗതുകം നിറച്ച അവനെ കണ്ടു. ഇത്ര ചെറുപ്രായത്തില്‍ അവന് പണം വേണം. വീട്ടിലിരിക്കുന്ന കൊച്ചു മിടുക്കിയെക്കുറിച്ച് ആലോചിച്ചു. അവള്‍ ഇപ്പോള്‍ എന്ത് ചെയ്യുകയായിരിക്കും കിന്നാരം പറയുകയോ. ഇഷ്ടപ്പെട്ട കേക്കിന്റെ കഷണത്തിനായി കൊഞ്ചുകയോ ആവും. അതോര്‍ത്തപ്പോള്‍ ഉള്ളൊന്നു പിടഞ്ഞു.

അവളുടെ അതേ പ്രായമുള്ള കുഞ്ഞാണ് കണ്ണില്‍ നിന്ന് ഒഴുകിയ കണ്ണുനീര്‍പ്പാടിന്റെ ചാലുമായി മുന്നില്‍ വന്നു നില്‍ക്കുന്നത്. അവന് പണം കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ ആയില്ല ഒരുപക്ഷേ ഞാന്‍ കൊടുത്താലും ആ കുഞ്ഞിന്റെ വിശപ്പ് അടക്കാന്‍ കഴിഞ്ഞെന്നു വരില്ല. കുഞ്ഞിന്റെ മുഖത്തേക്ക് തന്നെ അന്താളിപ്പോടെ നോക്കിയിരിക്കുന്ന എന്നെ കണ്ടാവണം അവന്റെ കൂടെയുണ്ടായിരുന്ന സ്ത്രീ അവന്റെ കൈപിടിച്ച് വലിച്ചുകൊണ്ട് ബസില്‍ നിന്നിറങ്ങിപ്പോയി. വീട്ടില്‍ തിരിച്ചെത്തിയിട്ടും അവന്റെ മുഖം കണ്ണില്‍ നിന്നു മായുന്നുണ്ടായിരുന്നില്ല.

ഇത് തിരൂരിലോ കേരളത്തിലോ മാത്രം കാണുന്ന കാഴ്ചയല്ല. കൊച്ചു കുഞ്ഞുങ്ങളെ ബാലവേലക്കും ഭിക്ഷാടനത്തിനുമായി ഉപയോഗിക്കുന്ന നിരവധി പേര്‍ ലോകത്തുണ്ട്. എന്നാല്‍ പഠിക്കേണ്ട പ്രായത്തില്‍ ഇവര്‍ക്ക് നഷ്ടമാകുന്നത് ബാല്യമാണെന്ന കാര്യം വേദനാജനകമാണ്. ഈ പ്രശ്‌നത്തെക്കുറിച്ചും വേദനകളെക്കുറിച്ചും ഏറ്റവും ഓര്‍മ്മിപ്പിക്കുന്ന ദിനമാണ് ഇന്ന്. ലോക ബാലവേല വിരുദ്ധ ദിനം.

നാസി കോണ്‍സന്‍ട്രേഷന്‍ ക്യാംപില്‍ കൊടിയ പീഡനങ്ങളിലൂടെ കടന്നുപോകുകയും വിശപ്പും രോഗങ്ങളും അനുഭവിച്ച് ഒടുവില്‍ മരണത്തിനു കീഴടങ്ങുകയും ചെയ്ത പെണ്‍കുട്ടിയാണ് ആന്‍ ഫ്രാങ്ക്. ആനിന്റെ ജന്മദിനമായ ജൂണ്‍ 12 ബാലവേല വിരുദ്ധ ദിനമായാണ് ലോകം ആചരിക്കുന്നത്. 2011ലെ സെന്‍സസ് പ്രകാരം 43.5 ലക്ഷം കുട്ടികളാണ് ബാലവേലയെന്ന നിര്‍ബന്ധിതത്തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

എന്നാല്‍ ഇതിന്റെ പത്തിരട്ടി കുട്ടികളെങ്കിലും ബാലവേലയുടെ ഇരകളാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ലോകത്ത് പത്തുകുട്ടികളില്‍ ഒരാള്‍ വീതം ബാലവേലയില്‍ ഏര്‍പ്പെടുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. നമുക്കു ചുറ്റും ഒന്നു നോക്കിയാല്‍ പലയിടങ്ങളിലും കുഞ്ഞുങ്ങള്‍ പണിയെടുക്കുന്നതു കാണാം.

ഗുണമേന്മയുള്ള വിദ്യാഭ്യാസം, ഭക്ഷണം, പാര്‍പ്പിടം എന്നിവ നല്‍കിക്കൊണ്ട് മാത്രമോ ഈ സാമൂഹിക തിന്മയില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാന്‍ കഴിയുകയുള്ളു. ബാലവേല നിരോധന നിയമത്തില്‍ 2016ല്‍ നിലവില്‍ വന്ന ഭേദഗതിയില്‍ പ്രതിപാദിച്ചിരിക്കുന്നതുപോലെ 14 വയസിന് താഴെയുള്ള മുഴുവന്‍ കുട്ടികളെയും ബാലവേലയില്‍ നിന്ന് മുക്തമാക്കാനും 14നും 18നും ഇടയ്ക്ക് പ്രായമുള്ള കൗമാരക്കാരെ അപകടകരമായ തൊഴിലുകളില്‍ നിന്ന് മുക്തമാക്കാനും രാജ്യം പ്രതിജ്ഞാബദ്ധമാണ്.

ആഗോളവല്ക്കരണത്തിന്റെ ഭാഗമായി രാജ്യത്തെ 80 ശതമാനം വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വകാര്യ ഉടമസ്ഥതയില്‍ നിലനില്‍ക്കുന്നതുകൊണ്ടുതന്നെ ഭരണഘടന അനുശാസിക്കുന്ന സാമൂഹികവും സാമ്പത്തികവുമായ തുല്യതയിലും നീതിയിലും അധിഷ്ഠിതമായ ഒരു വിദ്യാഭ്യാസ നയം രാജ്യത്ത് നിലവിലില്ല എന്നത് പരിഹരിക്കേണ്ടതുണ്ട്. പഠിച്ചു വളരേണ്ട പ്രായത്തില്‍ അവരുടെ കുഞ്ഞു കൈകള്‍ കല്ലുടയ്ക്കുന്നതും, ചുമട് എടുക്കുന്നതും വലിയ നീതി നിഷേധമാണ്. ബാലവേല കണ്ണില്‍പ്പെട്ടാല്‍ അധികൃതരെ വിവരമറിയിച്ച് നമുക്കും ഇതിനെതിരെയുള്ള യജ്ഞത്തില്‍ പങ്കാളിയാവാം.