Bihar Elections 2025
ബിഹാർ: ജെ ഡി യുവിന്റെ ആദ്യ സ്ഥാനാർഥി പട്ടികയിൽ 57 പേർ; എൻ ഡി എ സഖ്യത്തിൽ വിള്ളൽ
ചിരാഗ് പാസ്വാൻ ആവശ്യപ്പെട്ട 4 സീറ്റുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് നിതീഷ് കുമാർ

പട്ന | വരാനിരിക്കുന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് ജനതാദൾ (യുണൈറ്റഡ്) 57 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി. ചിരാഗ് പാസ്വാൻ ആവശ്യപ്പെട്ട നാല് സീറ്റുകളിലേക്കും നിതീഷ് കുമാർ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. സോൻബർസയിൽ നിന്ന് രത്നേഷ് സദ, മോർവയിൽ നിന്ന് വിദ്യാസാഗർ നിഷാദ്, ഏക്മയിൽ നിന്ന് ധൂമൽ സിങ്, രാജ്ഗിറിൽ നിന്ന് കൗശൽ കിഷോർ എന്നിവരാണ് ആദ്യ പട്ടികയിൽ ഉൾപ്പെടുന്ന പ്രധാന സ്ഥാനാർഥികൾ.
57 പേരടങ്ങുന്ന പട്ടികയിൽ മന്ത്രി വിജയ് കുമാർ ചൗധരിയെ സരായി രഞ്ജനിൽ നിന്ന് മത്സരിക്കാൻ തീരുമാനിച്ചത് അദ്ദേഹത്തിന് പാർട്ടിയുടെ തിരഞ്ഞെടുപ്പ് തന്ത്രത്തിലുള്ള കേന്ദ്ര സ്ഥാനം ഉറപ്പിക്കുന്നു. അലാംനഗറിൽ നരേന്ദ്ര നാരായൺ യാദവ്, ബിഹാരിഗഞ്ചിൽ നിരഞ്ജൻ കുമാർ മേത്ത, സിംഹേശ്വറിൽ രമേഷ് ഋഷി ദേവ്, മധേപുരയിൽ കവിത സാഹ, മഹിസിയിൽ ഗണേശ്വർ ഷാ, കുശേശ്വർസ്ഥാനിൽ അതിരേഖ് കുമാർ എന്നിവരാണ് മറ്റ് പ്രധാന സ്ഥാനാർത്ഥികൾ.
കുശേശ്വർസ്ഥാനിൽ അമാൻ ഭൂഷൺ ഹസാരിയുടെ ടിക്കറ്റ് റദ്ദാക്കിയതിനെ തുടർന്ന് അതിരേഖ് കുമാറിന് അവസരം നൽകിയത് ശ്രദ്ധേയമായ ഒരു മാറ്റമാണ്. അതുപോലെ, ബർബിഗയിൽ സുദർശന്റെ ടിക്കറ്റ് പിൻവലിച്ചു, പുതിയ സ്ഥാനാർത്ഥിയെ ഔപചാരികമായി പ്രഖ്യാപിച്ചിട്ടില്ല.
എൻ ഡി എ സഖ്യത്തിലെ വിള്ളലുകൾ വർധിപ്പിക്കുന്നതാണ് പുതിയ സംഭവവികാശങ്ങൾ. ദാനാപുർ, ലാൽഗഞ്ച്, ഹിസുവ, അർവാൾ തുടങ്ങിയ ഹൈ-പ്രൊഫൈൽ സീറ്റുകളിലെ പാസ്വാന്റെ അവകാശവാദങ്ങൾ ബി ജെ പി തള്ളിക്കളയുകയും അവരുടെ മണ്ഡലങ്ങൾ നിലനിർത്തുകയും ചെയ്തു. ചിരാഗ് പാസ്വാൻ ആവശ്യപ്പെട്ട നാല് സീറ്റുകളിലേക്ക് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ജെ ഡി യുവും രംഗത്ത് വന്നതോടെ സഖ്യത്തിൽ പ്രതിസന്ധി കൂടുതൽ രൂക്ഷമായി. തങ്ങളുടെ പ്രധാന വോട്ടർ അടിത്തറ സംരക്ഷിക്കുന്നതിനും സംഘടനാ ഭദ്രത ഉറപ്പാക്കുന്നതിനും ഈ നീക്കം ആവശ്യമാണെന്നാണ് ജെ ഡി യു വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
അതേസമയം, ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി (റാം വിലാസ്) 28 പ്രധാന സീറ്റുകളിൽ മത്സരിക്കുമെന്ന് വൃത്തങ്ങൾ സ്ഥിരീകരിക്കുന്നു. ഗോവിന്ദ്ഗഞ്ച്, ഗാർഖ, സാഹിബ്പൂർ കമൽ, ബഖ്രി, ഒബ്ര, ബ്രഹ്മപൂർ, ബേൽസന്ദ്, മഖ്ദുംപൂർ, ഫതുഹ, ദെഹ്രി, നാഥ്നഗർ, സുഗൗളി, സിമ്രി ബഖ്തിയാർപൂർ, കസ്വാ, ബൽറാം പുർ, ബോച്ച, ബോധ്ഗയ, ബഹദൂർഗഞ്ച്, ഗോവിന്ദ്പൂർ, രാജ്ഔലി, ചേനരി, ഷേർഘാട്ടി, പാലിഗഞ്ച്, മനീർ, മധൗര, ബഖ്തിയാർപൂർ, മഹുവ എന്നിവയാണ് ഈ മണ്ഡലങ്ങൾ.
സംസ്ഥാനത്ത് എൽ ജെ പി.യുടെ സാന്നിധ്യം ശക്തിപ്പെടുത്താനാണ് ചിരാഗ് പാസ്വാൻ ലക്ഷ്യമിടുന്നത്. നിതീഷ് കുമാറിനും ജെ ഡി യുവിനുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചുകൊണ്ട് രാഷ്ട്രീയ നേട്ടം കൈവരിക്കാൻ അദ്ദേഹം തന്ത്രപരമായി നിലയുറപ്പിക്കുകയാണ്.
സഖ്യങ്ങൾ അന്തിമമാക്കുകയും പ്രചാരണങ്ങൾ സജീവമാവുകയും ചെയ്യുന്നതോടെ, എൻ ഡി എ.യും മഹാസഖ്യവും തമ്മിലുള്ള ഒരു കടുത്ത രാഷ്ട്രീയ പോരാട്ടത്തിനാണ് ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിക്കാൻ പോകുന്നത്. എൻ ഡി എ.യിൽ സീറ്റ് ധാരണയായിട്ടും, മഹാസഖ്യം ഇപ്പോഴും ചർച്ചകൾ തുടരുകയാണ്.
243 സീറ്റുകളുള്ള ബീഹാർ നിയമസഭയിലേക്ക് നവംബർ 6 നും 11 നും രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കും, നവംബർ 14 ന് ഫലം പ്രഖ്യാപിക്കും.