National
ഡല്‍ഹി മുഖ്യമന്ത്രിക്കെതിരെ ആക്രമണം നടത്തിയത് നായപ്രേമി; വധശ്രമത്തിന് കേസ്
തെരുവ് നായ്ക്കളെ ഷെല്‍ട്ടറുകളിലേക്ക് മാറ്റണമെന്ന സുപ്രീം കോടതി വിധിയില്‍ അസ്വസ്ഥനായാണ് ആക്രമണമെന്നാണ് പ്രാഥമികാന്വേഷണത്തിലെ കണ്ടെത്തല്‍.

ന്യൂഡല്‍ഹി | ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്തയെ ആക്രമിച്ചത് നായ പ്രേമിയായ ഗുജറാത്തുകാരന്‍. ഗുജറാത്തിലെ രാജ്‌കോട്ട് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ രാജേഷ്ഭായ് ഖിംജിക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. തെരുവ് നായ്ക്കളെ ഷെല്‍ട്ടറുകളിലേക്ക് മാറ്റണമെന്ന സുപ്രീം കോടതി വിധിയില്‍ അസ്വസ്ഥനായാണ് ആക്രമണമെന്നാണ് പ്രാഥമികാന്വേഷണത്തിലെ കണ്ടെത്തല്‍. ഇന്റലിജന്‍സും സ്‌പെഷ്യല്‍ സെല്‍ വിഭാഗങ്ങളും പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടന്ന പൊതുജന സമ്പര്‍ക്ക പരിപാടിയായ ‘ജന്‍ സുന്‍വായ്’ക്കിടെയാണ് രാജേഷ്ഭായ് ഖിംജി ആക്രമണം നടത്തിയത്. തന്റെ പ്രദേശത്തെ നായകള്‍ക്കായി ഒരു ക്ഷേത്രം വരെ ഇയാള്‍ നിര്‍മിച്ചിട്ടുണ്ടെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി പോലീസ് അറിയിച്ചു.
സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഇയാള്‍ കഴിഞ്ഞ ദിവസവും മുഖ്യമന്ത്രിയുടെ വീടിന് മുന്നില്‍ ചുറ്റിത്തിരിയുന്നതും ഫോണില്‍ മുഖ്യമന്ത്രിയുടെ വസതിയുടെ ഫോട്ടോ എടുക്കുന്നതും ആക്രമണത്തിന് തൊട്ടുമുമ്പ് ആരെയോ ഫോണില്‍ വിളിക്കുന്നതും സി സി ടി വി ദൃശ്യങ്ങളിലുണ്ട്.