ATHMAYANAM
ധൈര്യപ്പെടാൻ മാത്രം ഇന്ധനമുണ്ടോ നമുക്ക് ?
ജീവിതമൊന്ന് ക്രമീകരിക്കേണ്ടതുണ്ട്. അപ്രീതിയുണ്ടാകുന്നത് സംഭവിക്കാതിരിക്കാൻ ഒത്തിരി ഭയപ്പാടോടെ ജീവിച്ചു പഠിക്കുക തന്നെ വേണം. വരുന്നിടത്ത് വെച്ച് കാണാമെന്ന അമിത ധൈര്യം വീണ്ടും കൂരിരുട്ടിലേക്ക് വഴിവെട്ടുകയാണ്. അരുത്, നിൽക്കൂ ! ആ വഴി അപകടമാണ്.

അബൂബക്കർ സിദ്ധീഖിനെ (റ) വായിച്ചാലോ? മഹാനവർകൾക്ക് ഖുർആൻ ഓത്ത് തുടങ്ങിയാൽ പിന്നെ കൺതടങ്ങളെ നിയന്ത്രിക്കാനായിരുന്നില്ല. കരച്ചിൽ കേൾക്കുമ്പോൾ ചുറ്റുവട്ടത്തുള്ളവരെല്ലാം വന്നു കൂടും, മഹാന്റെ ഹൃദയം ഉലയ്ക്കുന്ന ഖുർആൻ ഓത്ത് കേട്ടാൽ അവരുടെ ഹൃദയങ്ങളും തരളിതമാകും. സദാ സമയം അല്ലാഹുവെ കുറിച്ചുള്ള ആലോചനകൾ അവിടുത്തെ ഉറക്കം കെടുത്തിയിരുന്നു. രാത്രിയിൽ ദീർഘനേരം നിസ്കരിച്ച് കണ്ണീരൊഴുക്കും. വാക്കുകൾ മുറിഞ്ഞ് വിക്കി വിക്കി അങ്ങനെയങ്ങനെ ആ നൈർമല്യ മനസ്സ് ഉൾവേവിൽ തിളയ്ക്കും.
അന്ത്യദിനത്തിലെ കർമ പുസ്തകത്തെ കുറിച്ചുള്ള ആലോചനകൾ അകമേ തീക്കനൽ കോരിയിടുന്നുണ്ടാകും, വല്ല മരവും കാണുമ്പോൾ “ഒരു മരമായിരുന്നെങ്കിൽ കർമ പുസ്തകത്തിൽ നിന്ന് രക്ഷപ്പെടാമായിരുന്നു’ , പക്ഷികളേ കാണുമ്പോൾ “ഓ പക്ഷീ, നിനക്ക് മംഗളം. നിനക്ക് കൊത്തി തിന്നു നടക്കാം. മരത്തണലിൽ ചേക്കേറാം. പരലോകത്ത് വിചാരണയുമില്ല, അബൂബക്കറും നിന്നെ പോലെയായിരുന്നെങ്കിൽ’ എന്നിങ്ങനെ പരിദേവനപ്പെടും. ധാരാളം കരയുന്നവൻ എന്നർഥമുള്ള “ബക്കാഅ്’ എന്ന പേര് പോലും അവിടുന്ന് വിളിക്കപ്പെട്ടത് പരമ രക്ഷിതാവോടുള്ള ഭയപ്പാട് ഏറിയതുകൊണ്ടാണ്.
സ്ഫടികം കണക്കെ അകത്തെളിച്ചമുള്ളവരുടെ വേവലാതിയും വെപ്രാളവും കാണുമ്പോൾ നമ്മുടെ ഇടമെവിടെയാണ് കൂട്ടരേ… നമ്മെ എപ്പോഴെങ്കിലും ആ ഭയം വരിഞ്ഞു മുറുക്കിയിട്ടുണ്ടോ? ഉണ്ടായിരിക്കാം, ഉണ്ടായതിന്റെ അളവെത്രയായിരിക്കും? വർണപ്പൊലിമയുടെ ഭൗതിക ലോകത്ത് ആലസ്യത്തിന്റെ ആനന്ദത്തിൽ ആർമാദിക്കുന്ന തിരക്കിൽ നമ്മുടെ വെപ്രാളങ്ങളെ കടലെടുത്തു പോയിട്ടുണ്ട്. ചെയ്തികളോരോന്നും ചോദിക്കപ്പെടുമെന്ന ആലോചനയുടെ വേര് പുഴുവരിച്ചിട്ടുണ്ട്. വരുന്നിടത്ത് വെച്ച് കാണാമെന്ന അമിത ധൈര്യം നമുക്ക് വീണ്ടുമിതാ കൂരിരുട്ടിലേക്ക് വഴിവെട്ടുകയാണ്. അരുത്, നിൽക്കൂ ! ആ വഴി അപകടമാണ്. അമിത ധൈര്യത്തിന് മാത്രമുള്ള ഇന്ധനമൊന്നും നമ്മുടെ കൈയിലില്ല.
സ്വഹാബത്തിനെ വിളിച്ചിരുത്തി റസൂൽ (സ) പറഞ്ഞു : “ഞാൻ അറിയുന്നത് നിങ്ങൾ അറിഞ്ഞിരുന്നെങ്കിൽ നിങ്ങൾ അൽപ്പം മാത്രം ചിരിക്കുകയും കൂടുതൽ കരയുകയും ചെയ്യുമായിരുന്നു’. അനസ് (റ) തുടരുകയാണ്: ഞാൻ ചുറ്റും നോക്കി ഏങ്ങലടിച്ചു കരയുന്നവരെയാണ് അപ്പോൾ കണ്ടത് (ബുഖാരി). ആഇശ ബീവി (റ) അനുസ്മരിക്കുന്ന മറ്റൊരു സംഭവമിങ്ങനെയാണ്: ” കാറ്റിന്റെ ശക്തി കൂടുമ്പോൾ റസൂലിന്റെ മുഖം വിവർണമാകുമായിരുന്നു. ആകാശത്ത് കാർമേഘം ഉരുണ്ട് കൂടുമ്പോൾ അവിടുന്ന് അസ്വസ്ഥനാകും. മുറിയിൽ കയറുകയും പുറത്തിറങ്ങുകയും മുന്നോട്ടും പിന്നോട്ടും വെപ്രാളത്തിലങ്ങനെ നടക്കുകയും ചെയ്യും. അതേ കുറിച്ച് ചോദിച്ചപ്പോൾ അവിടുന്ന് പറഞ്ഞത് ” ആഇശാ, ആദിനെ നശിപ്പിച്ച കാറ്റും മഴയുമാണോ വരുന്നത്?! അവരീ കാർമേഘം കണ്ടിട്ട് മഴയെന്നാശ്വസിച്ചതായിരുന്നല്ലോ’ എന്ന്.
അല്ലാഹുവിന്റെ മഹത്വവും അധികാരവും യഥാവിധി അംഗീകരിക്കുമ്പോഴുണ്ടാവുന്ന ഉൾഭയമാണ് റസൂലിന്റെ ബേജാറിന്റെ ഹേതു. ഈ ബോധമാണ് നമുക്കുമുണ്ടാവേണ്ടതും. സൃഷ്ടിച്ച് പരിപാലിച്ച് സദാ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ലോക രക്ഷിതാവിനെയാണ് വിശ്വാസികൾ ഭയക്കേണ്ടത്. ആ ഭയം നമുക്ക് മറ്റെല്ലാ സന്ദർഭങ്ങളിലും അഭയമാകും. കൂട്ടുകാരേ.. റസൂൽ (സ) പൊട്ടിച്ചിരിച്ചിട്ടില്ല, പുഞ്ചിരിക്കുക മാത്രം ചെയ്തു. നൈരാശ്യ ജീവിതം നയിച്ചതുകൊണ്ടല്ല, സന്തോഷ- സന്താപങ്ങൾക്കിടയിലെ സന്തുലിതത്വം പാലിച്ചതിനാലാണത്.
ഉത്തരവാദിത്വബോധവും പരലോകത്തെ കുറിച്ചുള്ള ആലോചനയും റസൂലിനെ വിഷാദ നിരതനും ചിന്താനിമഗ്നനുമാക്കിയിരുന്നു. അലസരെപ്പോലെ അനിയന്ത്രിത വിനോദങ്ങളിലും പൊട്ടിച്ചിരികളിലും തിരുനബി (സ) ഒട്ടും തത്പരനായിരുന്നില്ല.
ഖുർആൻ കേൾക്കുമ്പോഴും പ്രാർഥനാ വേളകളിലും അവിടുന്ന് വിറകൊണ്ടു. അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) പറയുന്നു, ഒരിക്കലെന്നോട് തിരുദൂതർ (സ) ഖുർആൻ ഓതിക്കേൾപ്പിക്കാനപേക്ഷിച്ചു. ” ഞാൻ നിങ്ങൾക്ക് ഖുർആൻ കേൾപ്പിക്കുകയോ, അത് അങ്ങേയ്ക്ക് അവതരിച്ചതല്ലേ?’ എന്ന് ചോദിച്ചപ്പോൾ അവിടുന്ന് പറഞ്ഞു. “മറ്റുള്ളവരിൽ നിന്ന് ഖുർആൻ കേൾക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു’. തദവസരത്തിൽ ഞാൻ സൂറ: നിസാഅ് പാരായണം തുടങ്ങി: “സകല സമുദായത്തിൽ നിന്നും ഓരോ സാക്ഷിയെയും ഈ സമുദായത്തിന്റെ സാക്ഷിയായി അങ്ങയേയും ഹാജരാക്കുമ്പോൾ എങ്ങനെയായിരിക്കും’ (41ാം സൂക്തം) എന്ന ഭാഗം എത്തിയപ്പോൾ റസൂൽ (സ) “നിർത്തൂ’ എന്ന് പറഞ്ഞു. ആ സമയം അവിടുത്തെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു ( രിയാളുസ്വാലിഹീൻ )
സ്വർഗം ഉദ്ഘാടനം ചെയ്യുന്ന തിരുനബി(സ)യാണിങ്ങനെ ഉരുകുന്നത്?! റസൂലിന്റെ നിസ്കാര വേളയിൽ വറവു ചട്ടിയിലെ എണ്ണയുടേതു പോലെ അവിടുത്തെ നെഞ്ചിൽ നിന്ന് എരിപൊരി കൊള്ളുന്ന ശബ്ദം കേട്ടിരുന്നെന്ന് സ്വഹാബികളിൽ പലരും അനുഭവം പങ്കു വെച്ചിട്ടുണ്ട്. സുജൂദിൽ കിടന്ന് “യാ അള്ളാഹ് , യാ റഹ്മാൻ’ എന്ന് പറഞ്ഞ് കരയുന്നതും അവർ കേട്ടിട്ടുണ്ട്.
സഹൃദയരേ… നിങ്ങൾ സത്യവിശ്വാസിയാണെങ്കിൽ എന്നെ ഭയപ്പെടുവിൻ എന്ന സൂറ: ആലുഇംറാനിന്റെ (175) പാഠം ഉള്ളിൽ നമ്മൾ തറപ്പിച്ചു നിർത്തണം. അവനെ ഭയപ്പെടുകയെന്നതിന്റെ അർഥം പേടിച്ച് അകലം പാലിക്കുകയെന്നതല്ല, സ്നേഹിച്ച് അടുപ്പം കാണിക്കണമെന്നതാണ്. ധിക്കാര ഭാവങ്ങൾ വെടിഞ്ഞ് അനുസരണത്തിന്റെ സരണി തിരഞ്ഞെടുക്കണം.
അല്ലാഹുവിന്റെ നിരീക്ഷണത്തിൽ ഇടവേളകളില്ലെന്ന ബോധ്യം വേണം. പ്രതിലോമകരമായ ഒരു നിമിഷവും നമ്മിലുണ്ടാവരുത്. ആന്തരികവും ബാഹ്യവുമായ എല്ലാ പാപങ്ങളെയും സൂക്ഷിക്കുകയെന്നതാണ് ശരിയായ ദൈവഭയമെന്ന് അബൂ ഉസ്മാൻ ഹീരി (റ) വ്യക്തമാക്കിയിട്ടുണ്ട്. അല്ലാഹുവിന്റെ മഹത്വത്തെ കുറിച്ചും അവന്റെ നൈതികതയെ കുറിച്ചും ശിക്ഷാ നടപടികളെ കുറിച്ചും ബോധമുണ്ടാവലോടുകൂടി അല്ലാഹുവിന്റെ അടിമയാണെന്ന ഉള്ളുറപ്പും ന്യൂനതകളും പരിമിതികളുമുള്ളവനാണ് താനെന്ന തിരിച്ചറിവും ചേരുമ്പോൾ ദൈവഭയം ഉയിരെടുക്കും. അങ്ങനെയുള്ളവരുടെ ഹൃദയം വിറകൊള്ളും, കണ്ണുകൾ നിറഞ്ഞൊഴുകും. ഈ ബോധമാണ് വിശുദ്ധ ഖുർആൻ മനുഷ്യരിലേക്ക് സന്നിവേശിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഖുർആനിക വചനങ്ങൾ കേൾക്കുമ്പോൾ നല്ല മനുഷ്യരുടെ നയനങ്ങൾ അശ്രു പൊഴിക്കുന്നത് കാണാനും കഴിയും (സൂറ: അൽമാഇദ 83).
ജീവിതമൊന്ന് ക്രമീകരിക്കേണ്ടതുണ്ട്. അല്ലാഹുവിന്റെ അപ്രീതിയുണ്ടാകുന്നത് സംഭവിക്കാതിരിക്കാൻ ഒത്തിരി ഭയപ്പാടോടെ ജീവിച്ചു പഠിക്കുക തന്നെ വേണം.