National
ബിഹാറില്‍ മത്സരിക്കാനില്ലെന്ന് ജെ എം എം; മുന്‍ തീരുമാനം പിന്‍വലിച്ചു
'ആര്‍ ജെ ഡിയും കോണ്‍ഗ്രസ്സും ചേര്‍ന്ന് ഗൂഢാലോചന നടത്തി.'

പാട്‌ന | ബിഹാറില്‍ ഒറ്റക്ക് മത്സരിക്കാനുള്ള തീരുമാനം പിന്‍വലിച്ച് ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെ എം എം). ഇന്ത്യ മുന്നണിയിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട അതൃപ്തിയാണ് സഖ്യ കക്ഷിയായ ജെ എം എമ്മിനെ പ്രകോപിപ്പിച്ചിരുന്നത്. എന്നാല്‍, മത്സരിക്കാനില്ലെന്ന് ഷിബു സോറന്റെ പാര്‍ട്ടി വ്യക്തമാക്കി. ആര്‍ ജെ ഡിയും കോണ്‍ഗ്രസ്സും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നും ജെ എം എം ആരോപിച്ചു.
ആറ് സീറ്റുകളില്‍ മത്സരിക്കുമെന്നായിരുന്നു നേരത്തെ ജെ എം എം പ്രഖ്യാപിച്ചിരുന്നത്. അതേസമയം, ഝാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ്സും ആര്‍ ജെ ഡിയുമായുള്ള സഖ്യം പുനപ്പരിശോധിക്കുമെന്നും തങ്ങളെ അവഗണിച്ചതിന് തക്കതായ മറുപടി നല്‍കുമെന്നും ജെ എം എമ്മിന്റെ മുതിര്‍ന്ന നേതാവ് സുദിവ്യ കുമാര്‍ പറഞ്ഞു.
ചകായ്, ധംദാഹ, കട്ടോറിയ, മണിഹാരി, ജാമുയി, പിര്‍പൈന്തി സീറ്റുകളില്‍ മത്സരിക്കുമെന്നാണ് ജെ എം എം ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നത്. അതിനിടെ, 143 സ്ഥാനാര്‍ഥികളുടെ പട്ടിക ആര്‍ ജെ ഡി പുറത്തുവിട്ടു. ഇതില്‍ കോണ്‍ഗ്രസ്സിന് 53 സീറ്റുകള്‍ നല്‍കിയിട്ടുണ്ട്.