Kerala
തലസ്ഥാനം ഒരുങ്ങി; സംസ്ഥാന സ്‌കൂള്‍ കായികമേളക്ക് നാളെ തുടക്കം
ഈമാസം 22 മുതല്‍ 28 വരെയാണ് കായികമേള. 12 വേദികളിലായി 2,000 കുട്ടികള്‍ പങ്കെടുക്കും.
തിരുവനന്തപുരം | സംസ്ഥാന സ്‌കൂള്‍ കായികമേള-2025ന് നാളെ തിരുവനന്തപുരത്ത് തുടക്കമാകും. വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
ഇത് രണ്ടാം തവണയാണ് ഒളിമ്പിക് മാതൃകയില്‍ സംസ്ഥാനത്ത് സ്‌കൂള്‍ കായികോത്സവം സംഘടിപ്പിക്കുന്നത്. ഈമാസം 22 മുതല്‍ 28 വരെയാണ് കായികമേള നടക്കുക. 12 വേദികളിലായി 2,000 കുട്ടികള്‍ പങ്കെടുക്കും. 742 ഫൈനല്‍ മത്സരങ്ങളാണ് ഇത്തവണത്തെ കായികമേളയിലുള്ളത്. ഇന്‍ക്ലൂസിവ് സ്‌പോര്‍ട്‌സില്‍ 1,944 കായിക താരങ്ങള്‍ പങ്കെടുക്കും. ഗള്‍ഫ് മേഖലയില്‍ നിന്നും 12 പെണ്‍കുട്ടികള്‍ പങ്കെടുക്കുന്നുവെന്ന പ്രത്യേകതയുണ്ട്. അത്ലറ്റിക് മത്സരങ്ങള്‍ 23 മുതല്‍ 28 വരെ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കും.
കായികതാരങ്ങളുടെ മാര്‍ച്ച് പാസ്റ്റോടെയാണ് മേള ആരംഭിക്കുക. തുടര്‍ന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐ എം വിജയന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയോടൊപ്പം ദീപശിഖ കൈമാറും. ഇന്ത്യയുടെ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ മേളയുടെ ബ്രാന്‍ഡ് അംബാസഡറും ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് കീര്‍ത്തി സുരേഷ് ഗുഡ്‌വില്‍ അംബാസഡറുമാണ്.


