National
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി: രാജ്യമെങ്ങും പ്രതിഷേധച്ചൂടില്‍
റായ്പൂരില്‍ കോണ്‍ഗ്രസ് ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റ്മുട്ടി.

ന്യൂഡല്‍ഹി | രാഹുല്‍ ഗാന്ധിയെ ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കിയ നടപടിയില്‍ രാജ്യമെങ്ങും പ്രതിഷേധം പുകയുന്നു. വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി.രാഹുലിന്റെ ലോക്സഭാ മണ്ഡലമായിരുന്ന വയനാട്ടിലെ കല്‍പ്പറ്റയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പ്രതിഷേധ പ്രകടനവുമായി എത്തിയ പ്രവര്‍ത്തകര്‍ ബി എസ്എന്‍എല്‍ ഓഫീസിലേക്ക് തള്ളിക്കയറാനും ശ്രമിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് കല്‍പ്പറ്റ നഗരത്തില്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ടി സിദ്ദിഖ് എംഎല്‍എ ഉള്‍പ്പെടെയുള്ള നേതാക്കളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം
ആലുവയില്‍ നരേന്ദ്ര മോദിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു. മോദിയുടെ ചിത്രം കത്തിച്ചുകൊണ്ടായിരുന്നു പ്രതിഷേധം.
റായ്പൂരില്‍ കോണ്‍ഗ്രസ് ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റ്മുട്ടി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മോദിയുടെ കോലം കത്തിക്കുകയും ബിജെപി പോസ്റ്ററുകള്‍ക്ക് മുകളില്‍ കരി ഓയില്‍ ഒഴിക്കുകയും ചെയ്തു. മധ്യപ്രദേശില്‍ ട്രെയിന്‍ തടഞ്ഞാണ് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്.
രാഹുലിനെതിരായ നടപടിയില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്ര നിയമസഭയില്‍നിന്ന് പ്രതിപക്ഷം വാക്കൗട്ട് നടത്തി. രാഹുല്‍ ഗാന്ധിയെ ലോക്സഭാംഗത്വത്തില്‍നിന്ന് അയോഗ്യനാക്കിയ തീരുമാനത്തെ അപലപിക്കുന്നുവെന്നും അതില്‍ പ്രതിഷേധിച്ച് വാക്കൗട്ട് നടത്തുകയാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് നാനാ പടോലെ പറഞ്ഞു.