Connect with us

Articles

ഡിജിറ്റല്‍ അടിമത്തം വിനാശകരം

Published

|

Last Updated

ഇന്റര്‍നെറ്റ് ഉപയോഗം മൂലം പലര്‍ക്കും ഇന്ന് മാനസികസമ്മര്‍ദം അനുഭവപ്പെടുന്നു. അത് എന്തുകൊണ്ട് സംഭവിക്കുന്നു എന്നും അതിനുള്ള പരിഹാരങ്ങള്‍ എന്തൊക്കെയാണെന്നും ചികയുകയാണ് ലോകം. ഡിജിറ്റല്‍ സാച്ചുറേഷന്‍ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ഡിജിറ്റല്‍ മേഖല വളര്‍ന്നു വരുംതോറും ഈ അവസ്ഥക്ക് അടിമയാകുന്നവരുടെ എണ്ണവും വര്‍ധിച്ചു വരുന്നു. സോഷ്യല്‍ മീഡിയ ഉപഭോക്താക്കളുടെ എണ്ണവും സ്‌ക്രീന്‍ ടൈമും അടിക്കടി വര്‍ധിച്ചുവരുന്ന സാഹചര്യമാണുള്ളത്. എന്നാലും ഒരു പരിധിവരെ മാത്രമേ മനുഷ്യര്‍ക്ക് അവ ആസ്വാദ്യകരമായി തോന്നുന്നുള്ളൂ. അതുകഴിഞ്ഞാല്‍ അസ്വസ്ഥരാകും.

അമിത ഉപയോഗം മൂലം ഉണ്ടാകുന്ന അസ്വസ്ഥത എന്ന് ഡിജിറ്റല്‍ സാച്ചുറേഷനെ വിശേഷിപ്പിക്കാം. ഡിജിറ്റല്‍ ലോകത്ത് നാം ചെലവിടുന്ന സമയം കൂടുതലാണെങ്കിലും അതില്‍ നിന്ന് ലഭിക്കുന്ന ഗുണം തുച്ഛമാണ്. ഡിജിറ്റല്‍ സാച്ചുറേഷന്‍ വ്യക്തികളുടെ ജീവിതത്തില്‍ പലതരത്തിലുള്ള പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. ഒരു കാര്യത്തില്‍ മാത്രമായി ശ്രദ്ധ മുഴുവന്‍ കേന്ദ്രീകരിക്കാന്‍ വിദ്യാര്‍ഥികളും മറ്റുള്ളവരും പ്രയാസപ്പെടുന്നു. അതുകൂടാതെ മാനസികക്ഷീണം അനുഭവപ്പെടുന്നവരും ഉണ്ട്. അണ്‍റീഡ് മെസേജുകളുടെ കൂമ്പാരം തന്നെയുണ്ട് പലരുടെയും വാട്സ്ആപ്പില്‍. സാമൂഹിക മാധ്യമങ്ങളില്‍ നൂറുകണക്കിന് പരസ്യങ്ങളാണുള്ളത്. പരസ്യങ്ങളുടെ സാന്ദ്രത കാരണം പ്രധാനപ്പെട്ട പല പോസ്റ്റുകളും ശ്രദ്ധയില്‍ പെടാതെ പോകുന്നു. ലോകത്ത് ദിനേനെ ആളുകള്‍ കാണുന്ന പരസ്യങ്ങളുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണ്. ഒരു വ്യക്തി ശരാശരി ഒരു ദിവസം പരിപാടികളുടെയും ഉത്പന്നങ്ങളുടെയുമായി 600 മുതല്‍ 1,000 വരെ പരസ്യങ്ങള്‍ കാണുന്നുണ്ട് എന്നാണ് കണക്ക്. മൊബൈല്‍ ഫോണില്‍ ചെലവഴിക്കുന്നത് ശരാശരി 4.8 മണിക്കൂര്‍ സമയമാണ്. ഇമെയിലുകളുടെ കാര്യവും മോശമല്ല. ഒരു ദിവസം ഒരാള്‍ക്ക് ലഭിക്കുന്നത് ശരാശരി 121 ഇമെയിലുകളാണ്. ഡി ജി എം സി സര്‍വേ പ്രകാരം 6.8 ശതമാനം സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കള്‍ പറയുന്നത്, നോട്ടിഫിക്കേഷന്‍ കൂടുതലായി വരുന്നതുമൂലം മാനസിക തളര്‍ച്ച അനുഭവപ്പെടുന്നു എന്നാണ്. ഇന്ത്യയിലെ ജനറേഷന്‍ ഇസെഡിലെ 18 മുതല്‍ 24 വരെ വയസ്സുള്ള ആളുകളില്‍ 67 ശതമാനം യുവാക്കള്‍ക്കും സാമൂഹിക മാധ്യമങ്ങളുടെ അമിത ഭാരം മൂലം പിരിമുറുക്കം അനുഭവപ്പെടുന്നുണ്ട് എന്ന് 2024 യൂത്ത് സര്‍വേ വെളിപ്പെടുത്തുന്നു. ഇത്തരത്തിലുള്ള മാനസിക തളര്‍ച്ചയാണ് പിന്നീട് ശാരീരിക അസുഖങ്ങളിലേക്ക് നയിക്കുന്നത്.

വിദ്യാര്‍ഥികളെ ഡിജിറ്റല്‍ സാച്ചുറേഷന്‍ എങ്ങനെ ബാധിക്കുന്നു എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്ന് വിദ്യാര്‍ഥികളുടെ പഠന ജീവിതത്തിന്റെ നല്ലൊരു ഭാഗം തന്നെ ഡിജിറ്റല്‍ ആയി മാറിയിട്ടുണ്ട്. മൊബൈല്‍ ഫോണ്‍, ലാപ്ടോപ്, ടാബ്ലെറ്റ് മുതലായവയെല്ലാം ഇന്ന് പഠനത്തില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. ഇവയുടെ ഉപയോഗം അധികരിക്കുന്നതാണ് ഡിജിറ്റല്‍ സാച്ചുറേഷന്‍ ഉണ്ടാകുന്നതിന് കാരണം. കണ്ണിന് അതിയായ ക്ഷീണം, തലവേദന, ഉറക്കക്കുറവ്, പഠനത്തിലുള്ള ശേഷിക്കുറവ് എല്ലാം ഇതുമൂലം സംഭവിക്കുന്നതാണ്. കുട്ടികള്‍ക്ക് എന്ത് തിരഞ്ഞെടുക്കണമെന്ന് ആശയക്കുഴപ്പമുണ്ടാക്കുകയും വ്യക്തിത്വവികസനത്തിന് കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനുള്ള സാധ്യതകളുടെ വാതിലുകള്‍ അവര്‍ക്കു മുന്നില്‍ അടക്കുകയും ചെയ്യുന്നു.
ഡിജിറ്റല്‍ സാച്ചുറേഷന്‍ മനസ്സിന്റെ ശാന്തതയും ലക്ഷ്യബോധവും നഷ്ടപ്പെടുത്തുന്നു. എന്നാല്‍ ഡിജിറ്റല്‍ കാലത്ത് ബുദ്ധിമുട്ടുകളും പ്രതിസന്ധികളും മറികടന്ന് മികച്ച വഴിയിലൂടെ കൂടുതല്‍ ഉന്മേഷമുള്ള ജീവിതം നയിക്കാനാകും. അതിനായി ചില പരിഹാരങ്ങള്‍ നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്.
ഒന്ന്, ഓരോ ദിവസവും ഏതെങ്കിലും ഒരു സമയത്ത് സ്മാര്‍ട്ട്ഫോണ്‍, ടാബ്ലെറ്റ,് ലാപ്ടോപ് തുടങ്ങിയവ മാറ്റിവെക്കുക. ആഴ്ചയിലൊരിക്കല്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുക. രണ്ട്, നിശ്ചിതമായ ഉപയോഗ പരിധി നിശ്ചയിക്കുക. സാമൂഹിക മാധ്യമങ്ങള്‍, വീഡിയോ ഗെയിമുകള്‍ മുതലായവക്ക് സമയ പരിധി നിശ്ചയിക്കുക. സ്‌ക്രീന്‍ ടൈം പോലെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് സെഷനുകള്‍ നിയന്ത്രിക്കുക. മൂന്ന്, വായന, കലാരൂപങ്ങള്‍, ശരീര ക്ഷമത ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍, സൗഹൃദങ്ങള്‍ യാത്ര എന്നിവ വര്‍ധിപ്പിക്കുക. അതിനായി ഓണ്‍ലൈന്‍ ബന്ധങ്ങള്‍ക്കപ്പുറം, യഥാര്‍ഥ ലോകത്ത് കൂടുതല്‍ ഇടപഴകുക. നാല്, മനസ്സിനെ ശാന്തമാക്കുന്ന ശീലങ്ങള്‍ സ്വീകരിക്കുക. ക്രിയാത്മക ചിന്ത ഉപയോഗിച്ച് നമ്മുടെ മനസ്സിനെ നിയന്ത്രിക്കുക. ഇത്തരം ശീലങ്ങള്‍ ആശയ വിനിമയത്തിനുള്ള വൈഷമ്യങ്ങള്‍ കുറക്കും.
ചുരുക്കത്തില്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ പൂര്‍ണമായും വെടിയേണ്ടതില്ല. വരും കാലങ്ങളില്‍ ജീവിതം അതിലേക്ക് കൂടുതല്‍ ഒതുങ്ങുന്ന അവസ്ഥയുണ്ടാകും. അതുകൊണ്ട് അവയുടെ ഉപയോഗത്തില്‍ ജാഗ്രത ഉണ്ടാകുകയാണ് വേണ്ടത്. ഡിജിറ്റല്‍ ലോകം വിപുലീകരിക്കുന്നത് നിര്‍ത്തി ഉത്പാദനക്ഷമതയുള്ള ഡിജിറ്റല്‍ ലോകം പണിയാനുള്ള പരിശ്രമങ്ങളാണ് ഇനി ഉണ്ടാകേണ്ടത്.

Latest