Connect with us

Kerala

ബഹുസ്വരതയെ ഇല്ലാതാക്കാനുള്ള ആസൂത്രിത ശ്രമങ്ങൾ നടക്കുമ്പോൾ ജനാധിപത്യവാദികൾ ഒന്നിക്കണം: എസ് എസ് എഫ്

ജനാധിപത്യ രാജ്യത്തെ ഏകാധിപത്യ പ്രവണതകൾ നാടിനെ ഏറ്റവും മോശപ്പെട്ട അവസ്ഥയിലെത്തിക്കും

Published

|

Last Updated

കോഴിക്കോട് | അടിയന്തരാവസ്ഥ എന്നത് ഇന്ത്യയിൽ ഒരു അടഞ്ഞ അധ്യായമല്ലെന്നും അടിയന്തിരാവസ്ഥയുടെ പല മുഖങ്ങളും സ്വഭാവങ്ങളും ഇന്ന് രാജ്യത്ത് പ്രത്യക്ഷപ്പെടുന്നുണ്ടെന്നും ജനങ്ങൾ ഉണർന്നിരിക്കേണ്ട കാലമാണിതെന്നും എസ് എസ് എഫ്.

രാജ്യത്ത് ബഹുസ്വരതയെ ഇല്ലാതാക്കാനുള്ള ആസൂത്രിത ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ജനാധിപത്യ മൂല്യങ്ങളും മതസൗഹാർദവും ഇല്ലാതാക്കാനുള്ള കൊണ്ടുപിടിച്ച നീക്കങ്ങൾ നടക്കുമ്പോൾ അടിയന്തിരാവസ്ഥയിൽ നിന്ന് ഉൾക്കൊണ്ട ജനാധിപത്യ ബോധ്യങ്ങളാണ് നമ്മെ മുന്നോട്ട് നയിക്കേണ്ടത്. എല്ലാ പൗരന്മാർക്കും തുല്യ നീതിയും അവകാശവും ഉറപ്പുനൽകുന്ന ഭരണഘടനയാണ് രാജ്യത്തിന്റെ ശക്തി. ആ ഭരണഘടന തകരേണ്ടത് രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവരുടെ ദീർഘകാലത്തെ സ്വപ്നമാണ്. രാജ്യത്തിന്റെ ജനാധിപത്യ ചരിത്രത്തിലെ കറുത്ത നാളുകളാണ് അടിയന്തിരാവസ്ഥയുടെ ദിനങ്ങൾ. പൗരാവകാശങ്ങൾ വ്യാപകമായി ഹനിക്കപ്പെടുകയും ഭരണകൂട ഭീകരത അഴിഞ്ഞാടുകയും ആവിഷ്കാര സ്വാതന്ത്ര്യങ്ങൾക്ക് മേൽ സെൻസർഷിപ്പ് ഏർപ്പെടുത്തുകയും ചെയ്ത അടിയന്തിരാവസ്ഥയുടെ ഓർമകൾ ഇന്നും രാജ്യത്തിനുള്ള മുന്നറിയിപ്പാണ്.

അപ്രഖ്യാപിത അടിയന്തരാവസ്ഥകളോട് ജനങ്ങൾ പൊരുത്തപ്പെട്ടു പോകുന്നത് ഇന്ത്യ പോലുള്ള ഒരു നാടിന് ഒട്ടും ഗുണകരമല്ല. ജനാധിപത്യ രാജ്യത്തെ ഏകാധിപത്യ പ്രവണതകൾ നമ്മുടെ നാടിനെ ഏറ്റവും മോശപ്പെട്ട അവസ്ഥയിൽ കൊണ്ട് ചെന്നെത്തിക്കും. പ്രതികരണശേഷിയും ജനാധിപത്യ ബോധ്യവുമുള്ള പൗരന്മാർ വളർന്നുവരേണ്ടത് നമ്മുടെ രാജ്യം നിലനിൽക്കാൻ അത്യാവശ്യമാണ്. അടിയന്തരാവസ്ഥയിൽ നിന്ന് പാഠം പഠിച്ച് വർത്തമാനകാല രാഷ്ട്രീയ സാഹചര്യങ്ങളെ നേരിടാൻ രാജ്യത്തെ പൗരന്മാർ രാഷ്ട്രീയ പ്രബുദ്ധത നേടണമെന്നും സെമിനാർ ഉണർത്തി.

അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷിക ഭാഗമായി കോഴിക്കോട് സ്റ്റുഡന്റസ് സെന്ററിൽ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച അടിയന്തരാവസ്ഥ; അമിതാധികാരത്തിന്റെ അമ്പതാം വാർഷികം ചരിത്രം, പഠനം, ജാഗ്രത പരിപാടി ദാമോദർ പ്രസാദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി മുഹമ്മദ്‌ അനസ് കെ പി, ഹാരിസ് റഹ്മാൻ സംസാരിച്ചു.

ശുഹൈബ് വായാട്, സൈഫുദ്ധീൻ കണ്ണൂർ, മുഹമ്മദ്‌ ബാസിം നൂറനി, മുഹമ്മദ്‌ സാദിഖ് തെന്നല സംബന്ധിച്ചു.