Kuwait
കുവൈത്തില്‍ തത്സമയ ടി വി സംപ്രേഷണത്തിനിടെ ഡെലിവറി ബോയി സ്‌ക്രീനില്‍; സ്റ്റുഡിയോ മാനേജര്‍ക്ക് സസ്‌പെന്‍ഷന്‍
ഉത്തരവാദികള്‍ക്കെതിരെ വാര്‍ത്താ വിതരണ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു.

കുവൈത്ത് സിറ്റി | കുവൈത്ത് ടി വിയില്‍ കഴിഞ്ഞ ദിവസം തത്സമയ സപ്രേഷണത്തിനിടെ ഡെലിവറി ജീവനക്കാരന്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടു. വീഴ്ച സംഭവിച്ചതില്‍ ഉത്തരവാദികള്‍ക്കെതിരെ വാര്‍ത്താ വിതരണ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു.
സംഭവത്തില്‍ സാങ്കേതിക വിഭാഗത്തെ അന്വേഷണത്തിന് വിധേയമാക്കുകയും സ്റ്റുഡിയോ മാനേജരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തതായി മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ഇത്തരം കാര്യങ്ങള്‍ ഗൗരവതരമായാണ് കാണുന്നതെന്നും പ്രേഷകര്‍ക്ക് വേണ്ടി അവതരിപ്പിക്കുന്ന പരിപാടികളുടെ ഉള്ളടക്കത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന്ന് തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. അതോടൊപ്പം മന്ത്രാലയത്തിന്റെ പുതിയ ഘടനയുടെ ഭാഗമായി നിലവില്‍ വാര്‍ത്താ വിഭാഗത്തിന്റെ സമഗ്രമായ ഭരണ അവലോകനം നടപ്പില്‍ വരുത്തുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
നിരവധി സ്ഥാപനങ്ങളില്‍ നേതൃനിരയില്‍ മാറ്റം വരുത്തുവാനും വാര്‍ത്ത ചാനലിനായി പുതിയ വിഷ്വല്‍ ഐഡന്റിറ്റി ആരംഭിക്കുന്നതിനുമുള്ള തയാറെടുപ്പുകള്‍ നടന്നുവരികയാണ്. പരിപാടികളുടെ ഉള്ളടക്കം വികസിപ്പിക്കുന്നതിനും മാധ്യമ പ്രകടനത്തില്‍ പ്രൊഫഷണലിസവും സുതാര്യതയും വര്‍ധിപ്പിക്കുന്നതിനും ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.