Kerala
വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലെ മര്‍കസ് പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍; പ്രതിനിധി സംഘം യാത്ര തിരിച്ചു
ഈ മേഖലകളിലെ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ആയിരത്തോളം മദ്രസകളുടെ പ്രവര്‍ത്തനരീതി നേരിട്ടു കാണലും യാത്രയുടെ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നു.

കോഴിക്കോട് | കാരന്തൂര്‍ മര്‍കസിന് കീഴില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന വിദ്യാഭ്യാസ, സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതിനുമായി മര്‍കസ് പ്രതിനിധി സംഘം യാത്ര തിരിച്ചു. വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്കാണ് യാത്രയില്‍ പ്രധാനമായും ഊന്നല്‍ നല്‍കുന്നത്.
പ്രമുഖ വ്യാപാരിയും സാമൂഹിക പ്രവര്‍ത്തകനുമായ കൂമണ്ണ ബാവ ഹാജിയുടെ നേതൃത്വത്തിലുള്ള സംഘം, പ്രധാനമായും നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളില്‍ മര്‍കസിന് കീഴിലുള്ള ‘തൈബ ഗാര്‍ഡന്‍’ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 21 സ്ഥാപനങ്ങളുടെ പുരോഗതി വിലയിരുത്തും. ഈ മേഖലകളിലെ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ആയിരത്തോളം മദ്രസകളുടെ പ്രവര്‍ത്തനരീതി നേരിട്ടു കാണലും യാത്രയുടെ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നു.
യാത്രയുടെ ഭാഗമായി സംഘം ഒഡീഷയിലെ കട്ടക്ക്, ഭുവനേശ്വര്‍, മയൂര്‍ഭഞ്ച്, പശ്ചിമ ബംഗാളിലെ ദിഗ, ആന്റില, മാലിക്ക് പൂര്‍, കൊല്‍ക്കത്ത, മുര്‍ഷിദാബാദ്, ഷാംസി, മാജിഗണ്ഡ എന്നിവിടങ്ങളിലും ജാര്‍ഖണ്ഡ്, ബീഹാര്‍ സംസ്ഥാനങ്ങളിലെ വിവിധ മര്‍കസ് സ്ഥാപനങ്ങളിലും സന്ദര്‍ശനം നടത്തും. പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ഭാവി പദ്ധതികള്‍ ഏകോപിപ്പിക്കുന്നതിനും സന്ദര്‍ശനം ലക്ഷ്യമിടുന്നതായി ഭാരവാഹികള്‍ അറിയിച്ചു