Connect with us

Kerala

മോഡലുകളുടെ മരണം; ഹാര്‍ഡ് ഡിസ്‌കിനായുള്ള തിരച്ചില്‍ അവസാനിപ്പിച്ചു

Published

|

Last Updated

കൊച്ചി | മോഡലുകളുടെ അപകട മരണ കേസില്‍ ഹാര്‍ഡ് ഡിസ്‌ക് തേടി മൂന്ന് ദിവസമായി നടത്തിയ തിരച്ചില്‍ പോലീസ് അവസാനിപ്പിച്ചു. കൊച്ചി കായലില്‍ നടത്തിവന്ന തിരച്ചിലാണ് അവസാനിപ്പിച്ചത്. നമ്പര്‍ 18 ഹോട്ടലിലെ സി സി ടി വി ദൃശ്യങ്ങടങ്ങിയ ഹാര്‍ഡ് ഡിസ്‌കിനായുളള തിരച്ചില്‍ അവസാനിപ്പിച്ചതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജുവാണ് അറിയിച്ചത്. ഹോട്ടലിലെ മറ്റു സി സി ടി വികളില്‍ നിന്നും ലഭിച്ച ദൃശ്യങ്ങള്‍ കേസിന്റെ ഭാഗമാക്കാനാണ് പോലീസിന്റെ അടുത്ത നീക്കം. കൂടുതല്‍ പേരെ ചോദ്യം ചെയ്തു വരികയാണെന്നും അന്വേഷണം വേഗത്തില്‍ തീര്‍ക്കുമെന്നും സി എച്ച് നാഗരാജു വ്യക്തമാക്കി.

കൊച്ചി കണ്ണങ്കാട് പാലത്തിനു സമീപം ഹാര്‍ഡ് ഡിസ്‌ക് ഉപേക്ഷിച്ചുവെന്നാണ് ഉടമ റോയി വയലാട്ടും ജീവനക്കാരും പോലീസിന് മൊഴി നല്‍കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു തിരച്ചില്‍. ഹാര്‍ഡ് ഡിസ്‌ക് പോലെ ഒരു സാധനം കണ്ടതായി ഈ പ്രദേശത്ത് താമസിക്കുന്ന ഒരു മത്സ്യത്തൊഴിലാളിയാണ് പോലീസിനോട് പറയുകയും ചെയ്തിരുന്നു. മത്സ്യബന്ധനത്തിനിടെ വലയില്‍ കുടുങ്ങിയ വസ്തു ഹാര്‍ഡ് ഡിസ്‌ക് ആണെന്നറിയാതെ താന്‍ വെള്ളത്തിലേക്ക് തന്നെ തിരിച്ചെറിഞ്ഞെന്ന് മത്സ്യത്തൊഴിലാളി പറഞ്ഞു. ഇതനുസരിച്ച് പോലീസ് ഈ ഭാഗത്ത് തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. അഗ്‌നിരക്ഷാ സേനയേയും തീരദേശ സേനയെയും മത്സ്യത്തൊഴിലാളികളെ ഉപയോഗിച്ചുമെല്ലാം മൂന്നു ദിവസം തിരച്ചില്‍ നടത്തിയിട്ടും ഹാര്‍ഡ് ഡിസ്‌ക് കിട്ടാതെ വന്നതോടെയാണ് മറ്റ് തെളിവുകളെ അടിസ്ഥാനമാക്കി അന്വേഷണം പൂര്‍ത്തിയാക്കാന്‍ പോലീസ് തീരുമാനിച്ചത്.

അതിനിടെ, കേസില്‍ ഒളിവിലായിരുന്ന ഒഡി കാര്‍ ഡ്രൈവര്‍ സൈജു തങ്കച്ചന്‍ അന്വേഷണ സംഘം മുമ്പാകെ ഇന്ന് ഹാജരായി. കളമശ്ശേരി മെട്രോ പോലീസ് സ്റ്റേഷനില്‍ അഭിഭാഷകര്‍ഷകര്‍ക്കൊപ്പമാണ് സൈജു ചോദ്യം ചെയ്യലിന് ഹാജരായത്.