Kerala
ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്ത് സുരേഷ് പോലീസില്‍ കീഴടങ്ങി
മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് കീഴടങ്ങിയത്
കൊച്ചി | തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പ്രതിയും സഹപ്രവര്‍ത്തകനുമായ സുകാന്ത് സുരേഷ് പോലീസില്‍ കീഴടങ്ങി. കൊച്ചി സെന്‍ട്രല്‍ പോലീസിന് മുന്നിലാണ് ഇയാള്‍ കീഴടങ്ങിയത്. കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് കീഴടങ്ങിയത്. ഐബി ഉദ്യോഗസ്ഥയുടെ മരണത്തിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. സുകാന്തിന് ഒരേ സമയം പല സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്നും പുറത്തുവന്ന തെളിവുകള്‍ മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും അന്വേഷണം പൂര്‍ത്തിയാകേണ്ടതുണ്ടെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
പ്രണയത്തിന്റെ പേരില്‍ യുവതിയെ പ്രതി മാനസികവും ശാരീരികവും സാമ്പത്തികവുമായി ചൂഷണം ചെയ്തുവെന്നും ഹൈക്കോടതി പറഞ്ഞു. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതിന് വാട്സ് ആപ് ചാറ്റുകള്‍ തെളിവുണ്ടെന്ന് കോടതി വ്യക്തമാക്കി. കേസ് ഡയറിയുടെ ചില ഭാഗങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുപോയതില്‍ അന്വേഷണം വേണമെന്നും കോടതി നിര്‍ദേശിച്ചു.
ഐബി ഉദ്യോഗസ്ഥയ്ക്ക് പ്രതി സുകാന്ത് സുരേഷ് ടെലഗ്രാമില്‍ അയച്ചിരുന്ന ചാറ്റുകള്‍ പോലീസ് വീണ്ടെടുത്തിരുന്നു. യുവതിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് സുകാന്താണെന്നതിന്റെ ശക്തമായ തെളിവുകളാണ് ഈ ചാറ്റില്‍ നിന്ന് പോലീസിന് ലഭിച്ചത്. ടെലഗ്രാമില്‍ നടത്തിയ ചാറ്റില്‍ ഐബി ഉദ്യോഗസ്ഥയോട് ‘പോയി ചാവൂ’ എന്ന് സുകാന്ത് ആവശ്യപ്പെട്ടിട്ടുണ്ട്.കഴിഞ്ഞ മാര്‍ച്ച് 24നാണ് പേട്ട റെയില്‍വേ സ്റ്റേഷന് സമീപമാണ് ഐബി ഉദ്യോഗസ്ഥയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.



