Connect with us

Kerala

ഏലത്തോട്ടത്തില്‍ പണിക്കുപോയ രക്ഷിതാക്കളുടെ മകള്‍ തോട്ടം ഉടമയുടെ കാറില്‍ മരിച്ച നിലയില്‍

അസം സ്വദേശി കൃഷ്ണയുടെ മകള്‍ കല്‍പ്പനയാണ് മരിച്ചത്

Published

|

Last Updated

ഇടുക്കി | ഏലത്തോട്ടത്തില്‍ പണിക്കുപോയ രക്ഷിതാക്കളുടെ ആറുവയസ്സുകാരിയായ മകള്‍ തോട്ടം ഉടമയുടെ കാറില്‍ മരിച്ച നിലയില്‍. അസം സ്വദേശി കൃഷ്ണയുടെ മകള്‍ കല്‍പ്പനയാണ് മരിച്ചത്. കുട്ടിയെ കാറിനുള്ളില്‍ ഇരുത്തി മാതാപിതാക്കള്‍ തിങ്കള്‍കാട്ടിലെ ഏലത്തോട്ടത്തില്‍ ജോലിക്ക് പോയതായിരുന്നു.

ഏല തോട്ടത്തിലെ തൊഴിലാളികളായ അസം സ്വദേശി കൃഷ്ണയും ഭാര്യയും മകള്‍ കല്‍പ്പനയും കുറച്ച് നാളുകളായി കേരളത്തിലാണ് താമസം. കഴിഞ്ഞ രണ്ട് ദിവസമായി കുട്ടിക്ക് പനിയും ഛര്‍ദിയും ഉള്‍പ്പടെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇതിനായി ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു. ഇന്ന് രാവിലെയാണ് ജോലിക്ക് പോകുന്നതിനായി മാതാപിതാക്കള്‍ കുട്ടിയുമായി തോട്ടത്തിലെത്തുന്നത്. സമീപത്തായി നിര്‍ത്തിയിട്ടിരുന്ന തോട്ടം ഉടമയുടെ കാറിനുള്ളില്‍ കുട്ടിയെ ഇരുത്തി ഇരുവരും ജോലിക്കായി പോവുകയും ചെയ്തു.

എന്നാല്‍ കാര്‍ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിന് ഉടമ എത്തുകയും മാതാപിതാക്കളോട് കുട്ടിയെ കാറിനുള്ളില്‍ നിന്ന് മാറ്റണമെന്ന് പറയുകയും ചെയ്തു. മാതാപിതാക്കളെത്തി കാറില്‍ നോക്കിയപ്പോള്‍ കുട്ടിക്ക് ബോധമില്ലായിരുന്നു. ഉടന്‍ രാജാക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുട്ടിയുടെ മൃതദേഹം രാജാക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ശരീരത്തില്‍ മുറിവുകളോ പാടുകളോ കണ്ടെത്തിയിട്ടില്ലെന്നു പോലീസ് പറഞ്ഞു. പോസ്റ്റുമോര്‍ട്ടത്തിനുശേഷമേ മരണ കാരണം വ്യക്തമാകൂ.

 

Latest