Connect with us

editorial

അപകടം പതിയിരിക്കുന്ന പരസ്യ ബോര്‍ഡുകള്‍

പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ ചട്ടങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട് അധികൃതര്‍. ബോര്‍ഡുകള്‍ സുരക്ഷിതമാണോ എന്നറിയാനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇടക്കിടെ പരിശോധന നടത്തുകയും ചട്ടങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കും ഏജന്‍സികള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യേണ്ടതാണ്.

Published

|

Last Updated

മുംബൈ ഘാട്‌കോപ്പറില്‍ പരസ്യ ബോര്‍ഡ് തകര്‍ന്നു വീണ് 14 പേരാണ് മരിച്ചത്. അമ്പതിലേറെ പേര്‍ പരുക്കേറ്റ് ചികിത്സയിലുമാണ്. തിങ്കളാഴ്ച വൈകിട്ട് പന്ത്‌നഗറിലെ ഈസ്റ്റേണ്‍ ഹൈവേക്ക് സമീപം സ്ഥാപിച്ചിരുന്ന കൂറ്റന്‍ പരസ്യ ബോര്‍ഡ് ശക്തമായ പൊടിക്കാറ്റ് ആഞ്ഞടിച്ചതിനെ തുടര്‍ന്നാണ് അടുത്തുള്ള പെട്രോള്‍ പമ്പിലേക്ക് മറിഞ്ഞുവീണത്. വാഹനങ്ങളില്‍ ഇന്ധനം നിറക്കാനെത്തിയവരും വഴിയാത്രക്കാരുമാണ് പരസ്യ ബോര്‍ഡിന് അടിയില്‍പ്പെട്ട് മരിച്ചതും പരുക്കേറ്റവരും. ദേശീയ ദുരന്ത നിവാരണ സേനയെത്തിയാണ് ബോര്‍ഡിനു താഴെ കുടുങ്ങിയ നിരവധി പേരെ രക്ഷപ്പെടുത്തിയത്.

അപകടം പതിയിരിക്കുന്ന ഇത്തരം പരസ്യ ബോര്‍ഡുകള്‍ റോഡുകളുടെ സമീപത്തായി രാജ്യത്തുടനീളം ദൃശ്യമാണ്. വൈദ്യുതി-ടെലഫോണ്‍ പോസ്റ്റുകളടക്കം കൈയടക്കുന്നു പരസ്യ ബോര്‍ഡുകള്‍. ഇത്തരം പരസ്യ ബോര്‍ഡുകള്‍ക്ക് താങ്ങായി സ്ഥാപിച്ച ഇരുമ്പ് കമ്പികളില്‍ നല്ലൊരു പങ്കും തുരുമ്പിച്ചും ദ്രവിച്ചും കാറ്റിലും മഴയിലും നിലംപതിക്കാനും അപകടങ്ങള്‍ ഉണ്ടാക്കാനും സാധ്യതയുള്ളവയാണ്. ഇക്കഴിഞ്ഞ ഞായറാഴ്ച കാസര്‍കോട് മഴക്കൊപ്പം വീശിയടിച്ച കാറ്റില്‍ പുതിയ ബസ്സ്റ്റാന്‍ഡ് കെട്ടിടത്തില്‍ ബസുകള്‍ പ്രവേശിക്കുന്ന ഭാഗത്ത് സ്ഥാപിച്ച കൂറ്റന്‍ പരസ്യ ബോര്‍ഡ് തകര്‍ന്നു വീണു. ബോര്‍ഡിന് ബലം നല്‍കാനായി സ്ഥാപിച്ചിരുന്ന ഇരുമ്പ് കമ്പികളടക്കം നിലംപതിച്ചെങ്കിലും ഞായറാഴ്ച അവധി ദിവസമായതിനാല്‍ ആളുകള്‍ കുറവായതു കൊണ്ട് വലിയ ദുരന്തങ്ങള്‍ സംഭവിച്ചില്ല. എങ്കിലും താഴെ നിര്‍ത്തിയിട്ടിരുന്ന ഇരുചക്ര വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഒഡിഷയില്‍ 2019ലെ ചുഴലിക്കാറ്റില്‍ സംഭവിച്ച അപകടങ്ങളില്‍ നല്ലൊരു ഭാഗവും പരസ്യ ബോര്‍ഡുകള്‍ നിലംപതിച്ചായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു.

കാറ്റിലും മഴയിലും നിലംപൊത്തുന്നത് മാത്രമല്ല പരസ്യ ബോര്‍ഡുകള്‍ ഉയര്‍ത്തുന്ന ഭീഷണി. റോഡിന്റെ ഇരുവശങ്ങളിലും സ്ഥാപിച്ച ബോര്‍ഡുകള്‍ കാരണം കാല്‍നട യാത്രക്കാര്‍ക്ക് മറുപുറത്തെ ദൃശ്യങ്ങള്‍ കാണാന്‍ പറ്റാതെ വരികയും റോഡ് ക്രോസ്സ് ചെയ്യുമ്പോള്‍ പ്രയാസങ്ങള്‍ ഉണ്ടാക്കുകയും അപകട സാധ്യത വരുത്തുകയും ചെയ്യുന്നു. കാഴ്ച മറയ്ക്കുന്നതും ഡ്രൈവര്‍മാരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതുമായ പരസ്യ ബോര്‍ഡുകള്‍ റോഡിന്റെ വശങ്ങളില്‍ സ്ഥാപിക്കരുതെന്ന് ഹൈക്കോടതികളുടെയും സുപ്രീം കോടതിയുടെയും ഉത്തരവുണ്ട്. റോഡപകടങ്ങളില്‍ ഇത്തരം പരസ്യ ബോര്‍ഡുകള്‍ക്ക് ഗണ്യമായ പങ്കുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഡ്രൈവര്‍മാരുടെയും കാല്‍നട യാത്രക്കാരുടെയും കണ്ണുകള്‍ ആകര്‍ഷകമായ പരസ്യ ബോര്‍ഡുകളില്‍ ഉടക്കുന്നതാണ് പല അപകടങ്ങള്‍ക്കും കാരണം.

ചട്ടങ്ങളും മാനദണ്ഡങ്ങളും പാലിക്കാതെയാണ് പലപ്പോഴും പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്. 40 അടി നീളവും 40 അടി വീതിയും വലിപ്പം വരുന്ന പരസ്യങ്ങള്‍ക്ക് മാത്രമേ മുംബൈയില്‍ അനുമതിയുള്ളൂ. ഘാട്‌കോപ്പറില്‍ ഞായാറാഴ്ച തകര്‍ന്നു വീണ പരസ്യ ബോര്‍ഡിന് 120 അടി നീളവും അത്ര തന്നെ വീതിയുമുണ്ട്. വലിപ്പത്തില്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡില്‍ സ്ഥാനം പിടിച്ചിരുന്നു ഈ ബോര്‍ഡ്. ഇത് സ്ഥാപിച്ച ഈഗോ മീഡിയ എന്ന പരസ്യ കമ്പനി മുമ്പും ചട്ടലംഘനത്തിന് നിയമ നടപടികള്‍ക്ക് വിധേയമായിട്ടുണ്ടെന്ന് മുംബൈ മുനിസിപല്‍ കോര്‍പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി. ബോര്‍ഡുകള്‍ ഒരു നിശ്ചിത കാലാവധിക്കകം മാറ്റുകയും പുതുക്കുകയും വേണമെന്നാണ് ചട്ടം. സര്‍ക്കാര്‍ ഉത്തരവനുസരിച്ച് തീയതി വെച്ചുള്ള പ്രോഗ്രാം ബാനറുകളുടെ കാലാവധി പരിപാടിയുടെ അവസാന ദിവസത്തോടെ തീരും. തീയതി വെക്കാത്ത പരസ്യ ബോര്‍ഡുകളുടെ പരമാവധി കാലാവധി 90 ദിവസമാണ്. കാലാവധി കഴിഞ്ഞ് മൂന്ന് ദിവസങ്ങള്‍ക്കകം സ്ഥാപിച്ചവര്‍ തന്നെ അത് എടുത്തു മാറ്റണമെന്നാണ് ചട്ടം. ഇത് പാലിക്കാത്തവര്‍ക്കെതിരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നടപടി സ്വീകരിക്കാനും പിഴ ഈടാക്കാനും അധികാരമുണ്ട്. മിക്ക പരസ്യ ഏജന്‍സികളും ചട്ടങ്ങള്‍ പാലിക്കാറില്ല. ചില സ്ഥാപനങ്ങള്‍ ഇടക്കിടെ പരസ്യ ബോര്‍ഡുകള്‍ മാറ്റാറുണ്ടെങ്കിലും അവ സ്ഥാപിച്ച ഇരുമ്പ് കമ്പികള്‍ പുതുക്കാറില്ല. കാലപ്പഴക്കം മൂലം ദ്രവിച്ച കമ്പികളിലാണ് പിന്നെയും ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്. അധികൃതര്‍ അക്കാര്യം ശ്രദ്ധിക്കാറുമില്ല. എന്തെങ്കിലും അപകടങ്ങള്‍ സംഭവിക്കുമ്പോഴേ ബന്ധപ്പെട്ടവര്‍ ഉണരാറുള്ളൂ.

പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ ചട്ടങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട് അധികൃതര്‍. ബോര്‍ഡുകള്‍ സുരക്ഷിതമാണോ എന്നറിയാനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇടക്കിടെ പരിശോധന നടത്തുകയും ചട്ടങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കും ഏജന്‍സികള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. കേരളത്തില്‍ പരസ്യ ബോര്‍ഡുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി 2022 ജൂണില്‍ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പരസ്യ ബോര്‍ഡുകള്‍ 30 ദിവസത്തിനകം നീക്കം ചെയ്യണമെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്ക് കോടതി നിര്‍ദേശം നല്‍കുകയും പരസ്യ ബോര്‍ഡുകളില്‍ ഏജന്റുമാരുടെ വിലാസവും ഫോണ്‍ നമ്പറും രേഖപ്പെടുത്തണമെന്ന് ഉത്തരവിടുകയും ചെയ്തു. മാര്‍ഗനിര്‍ദേശം ലംഘിച്ചാല്‍ ഏജന്‍സികളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും കോടതി വ്യക്തമാക്കി.

അനധികൃതമായി ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ക്കും കോടതി നിര്‍ദേശം നല്‍കി. നിയമവിരുദ്ധമായി ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവരുടെ സ്വാധീനവും അധികാരവും, അധികൃതര്‍ക്ക് അവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് തടസ്സമാകരുതെന്നും കോടതി ഉണര്‍ത്തി. അനധികൃത പരസ്യ ബോര്‍ഡുകള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഉദാസീനത, നിയമപ്രകാരം ഫീസ് നല്‍കി ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവരോടുള്ള വിവേചനമാണെന്നും കോടതി ചൂണ്ടിക്കാട്ടി. പാതയോരങ്ങളിലെ കൊടിതോരണങ്ങള്‍ക്കെതിരായ കേസ് പരിഗണിക്കവെയായിരുന്നു കോടതി ഉത്തരവ്.

Latest