National
മധ്യപ്രദേശില്‍ പ്രതിശ്രുത വരനൊപ്പം പുറത്തുപോയ ദളിത് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; മൂന്നുപേര്‍ അറസ്റ്റില്‍
ഒളിവില്‍ പോയ പ്രതിക്കായി പോലീസ് അന്വേഷണം തുടരുകയാണ്.

ഭോപ്പാല്‍| മധ്യപ്രദേശില്‍ പ്രതിശ്രുത വരനൊപ്പം പുറത്തുപോയ ദളിത് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ഇരുപതുവയസുകാരിയായ യുവതിയെ നാലംഗ സംഘമാണ് ബലാത്സംഗം ചെയ്തത്. സംഭവത്തില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒളിവില്‍ പോയ പ്രതിക്കായി പോലീസ് അന്വേഷണം തുടരുകയാണ്. ചുര്‍ഹത് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടി ചൊവ്വാഴ്ച്ച പ്രതിശ്രുത വരനൊപ്പം പുറത്തുപോയതായിരുന്നു. കത്തൗത്ത റോഡരികില്‍ ഇരുചക്ര വാഹനം നിര്‍ത്തിയിട്ട് ഇരുവരും അടുത്തുളള കുന്ന് കയറി. ഈ സമയത്ത് അവിടെയുണ്ടായിരുന്ന നാലംഗ സംഘം യുവാവിനെ ആക്രമിക്കുകയും യുവതിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് എഎസ്പി അരവിന്ദ് ശ്രീവാസ്തവ പറഞ്ഞു.
പ്രതികളുടെ അടുത്തുനിന്ന് രക്ഷപ്പെട്ട യുവതിയും യുവാവും സെമറിയ പോലീസ് സ്റ്റേഷനിലെത്തി സംഭവം അറിയിക്കുകയായിരുന്നു. ഇരുവരുടെയും പരാതിയില്‍ പോലീസ് ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് ഇവരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ സംസ്ഥാനത്തെ ക്രമസമാധാന നിലയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് ബിജെപി സര്‍ക്കാരിനെതിരെ രംഗത്തെത്തി. ഇത്തരം സംഭവങ്ങള്‍ മനുഷ്യരാശിക്കു അപമാനമാണെന്നും സംസ്ഥാനത്തെ ക്രമസമാധാന നിലയുടെ ഭയാനകമായ അവസ്ഥ എടുത്തുകാണിക്കുന്നതാണെന്നും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ജിത്തു പട്വാരി പറഞ്ഞു.