Connect with us

Kerala

കസ്റ്റഡി മര്‍ദ്ദനം; കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കും

സുജിത്തിനെ തല്ലിയ പോലീസുകാരന്‍ ശശിധരന്റെ വീട്ടിലേക്ക് പ്രവര്‍ത്തകര്‍ ഇന്ന് മാര്‍ച്ച് നടത്തും

Published

|

Last Updated

തൃശ്ശൂര്‍ | കുന്നംകുളം പോലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കും. സുജിത്തിനെ തല്ലിയ പോലീസുകാരന്‍ ശശിധരന്റെ വീട്ടിലേക്ക് പ്രവര്‍ത്തകര്‍ ഇന്ന് മാര്‍ച്ച് നടത്തും.

മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല സുജിത്തിനെ ഇന്ന് സന്ദര്‍ശിക്കും. കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫും സുജിത്തിനെ കണ്ടിരുന്നു. പ്രതികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ സംസാരിച്ച സതീശന്‍ പോരാട്ടത്തിന് പാര്‍ട്ടി ഒപ്പമുണ്ടാകുമെന്ന് ഉറപ്പും നല്‍കിയിരുന്നു. പോലീസ് മര്‍ദ്ദനത്തിനെതിരെ കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത സമരം കോണ്‍ഗ്രസ് നയിക്കുമെന്നാണ് വി ഡി സതീശന്‍ ഇന്നലെ പറഞ്ഞത്. യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിലും ശക്തമായ പ്രതിഷേധം നടക്കും.

പ്രതിപ്പട്ടികയിലുള്ള ഉദ്യോഗസ്ഥന്‍ സജീവന്റെ വീടിന് മുമ്പില്‍ ഗുണ്ടകളെന്ന് ആലേഖനം ചെയ്ത പോസ്റ്ററുകള്‍ യൂത്ത് കോണ്‍ഗ്രസ് പതിപ്പിച്ചിരുന്നു. തിരുവോണദിനത്തില്‍ തൃശൂര്‍ ഡി ഐ ജി ഓഫീസിന് മുമ്പില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതീകാത്മക കൊലച്ചോറ് സമരവും സംഘടിപ്പിച്ചു.
കസ്റ്റഡി മര്‍ദ്ദനത്തിനെതിരെ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്.

മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് തൃശൂര്‍ ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ നിര്‍ദേശം. 2023 ഏപ്രില്‍ അഞ്ചിനാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകന് കസ്റ്റഡിയില്‍ മര്‍ദനം നേരിട്ടത്. രണ്ടുവര്‍ഷത്തെ നിയമപോരാട്ടത്തിന് ഒടുവില്‍ വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരമാണ് മര്‍ദനത്തിന്റെ സി സി ടിവി ദൃശ്യങ്ങള്‍ ലഭിച്ചത്.

 

 

Latest