Connect with us

Editorial

ഇന്ത്യ- ബ്രിട്ടന്‍ ബന്ധത്തില്‍ വിള്ളല്‍?

ഖലിസ്ഥാന്‍ അനുകൂലികളുടെ ആക്രമണം ഉണ്ടായേക്കുമെന്ന രഹസ്യാന്വേഷണ വിവരം ഉണ്ടായിട്ടും ഇന്ത്യന്‍ ഹൈകമ്മീഷനില്‍ മതിയായ സുരക്ഷയൊരുക്കാന്‍ യു കെ അധികൃതര്‍ തയ്യാറായില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തുന്നു. ദേശീയ പതാകയെ അപമാനിച്ച നടപടിയില്‍ ഇന്ത്യ ബ്രിട്ടനെ കടുത്ത പ്രതിഷേധം അറിയിച്ചു.

Published

|

Last Updated

അമൃത്പാല്‍ സിംഗ് പ്രശ്‌നം ഒരു നയതന്ത്ര വിഷയമായി മാറുകയാണോ? പഞ്ചാബില്‍ അമൃത്പാല്‍ സിംഗിനെതിരായ പോലീസ് നടപടിയെ ചൊല്ലി ഖലിസ്ഥാന്‍ അനുകൂലികള്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ അതിക്രമിച്ചു കയറിയതിനു പിന്നാലെ ഇന്ത്യയിലെ ബ്രിട്ടീഷ് കാര്യാലയത്തിന് ഒരുക്കിയ എല്ലാ സുരക്ഷാ സംവിധാനങ്ങളും നീക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. സുരക്ഷ എടുത്തുകളയുന്നതിന്റെ ഭാഗമായി ഡല്‍ഹി ചാണക്യപുരിയില്‍ ബ്രിട്ടീഷ് ഹൈക്കമ്മീഷനും, ഹൈക്കമ്മീഷണര്‍ അലക്സ് എല്ലിസിന്റെ രാജാജി മാര്‍ഗിലെ വസതിക്കും മുന്നില്‍ ഒരുക്കിയിരുന്ന സുരക്ഷാ ബാരിക്കേഡുകള്‍ ഡല്‍ഹി പോലീസ് നീക്കം ചെയ്യുകയും പി സി ആര്‍ വാഹനം പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്.

മാര്‍ച്ച് 19നായിരുന്നു ലണ്ടനിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിന് നേരേ ഖലിസ്ഥാന്‍ വാദികളുടെ ആക്രമണം. കാര്യാലയത്തില്‍ അതിക്രമിച്ചു കയറിയ സിഖ് തീവ്രവാദികള്‍ ജനലുകള്‍ തകര്‍ക്കുകയും ഇന്ത്യന്‍ പതാകയെ അപമാനിക്കുകയും വലിച്ചുകീറി താഴത്തിടുകയുമുണ്ടായി. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ സുരക്ഷാവീഴ്ചയായാണ് കേന്ദ്ര സര്‍ക്കാര്‍ സംഭവത്തെ കാണുന്നത്. ഖലിസ്ഥാന്‍ അനുകൂലികളുടെ ആക്രമണം ഉണ്ടായേക്കുമെന്ന രഹസ്യാന്വേഷണ വിവരം ഉണ്ടായിട്ടും ഇന്ത്യന്‍ ഹൈകമ്മീഷനില്‍ മതിയായ സുരക്ഷയൊരുക്കാന്‍ യു കെ അധികൃതര്‍ തയ്യാറായില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തുന്നു. ദേശീയ പതാകയെ അപമാനിച്ച നടപടിയില്‍ ഇന്ത്യ ബ്രിട്ടനെ കടുത്ത പ്രതിഷേധം അറിയിച്ചു. വിയന്ന കൺവെന്‍ഷന്‍ കരാറിന്റെ ലംഘനമാണ് യു കെ നടത്തിയതെന്നും ഇന്ത്യന്‍ നയതന്ത്ര സ്ഥാപനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സുരക്ഷയില്‍ യു കെ സര്‍ക്കാറിന്റെ നിസ്സംഗത അംഗീകരിക്കാനാകില്ലെന്നും വിദേശ മന്ത്രാലയം കുറ്റപ്പെടുത്തുന്നു.
ഇതിനു പിന്നാലെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി, യു കെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വിക്രം ദൊരൈസാമിയെ നേരില്‍ക്കണ്ട് ബ്രിട്ടനിലെ ഇന്ത്യന്‍ കാര്യാലയങ്ങള്‍ക്ക് മികച്ച സുരക്ഷ നല്‍കുമെന്ന് ഉറപ്പ് നല്‍കുകയുണ്ടായി. ഇന്ത്യയുമായി ആഴത്തിലുള്ള സുദൃഢ ബന്ധമാണ് ബ്രിട്ടണ്‍ ആഗ്രഹിക്കുന്നതെന്നും കൂടുതല്‍ വിപണിയും തൊഴിലും സൃഷ്ടിക്കാനുള്ള സംയുക്ത പോരാട്ടം തുടരാമെന്നും ഇതിനായി വിഭാവനം ചെയ്തിട്ടുള്ള ഇന്ത്യ – യു കെ ജോയിന്റ് റോഡ് മാപ്പ് 2030 നടപ്പാക്കാന്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമായിരിക്കേണ്ടതുണ്ടെന്നും ക്ലെവര്‍ലി കൂട്ടിച്ചേര്‍ത്തു.

ലണ്ടനില്‍ സിഖ് തീവ്രവാദികളുടെ അഴിഞ്ഞാട്ടം പതിവു സംഭവമാണ്. ഇന്ത്യന്‍ സമൂഹം നടത്തുന്ന സ്വാതന്ത്ര്യ ദിനാഘോഷം പല വര്‍ഷങ്ങളിലും അലങ്കോലമാക്കിയിട്ടുണ്ട് ഖലിസ്ഥാന്‍ വാദികള്‍. 2021ല്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിന് നേരേ കല്ലുകളും ചീമുട്ടയും വലിച്ചെറിയുകയും എംബസി കെട്ടിടത്തിന് നേരേ അക്രമം അഴിച്ചുവിടുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ലണ്ടന്‍ പോലീസ് നാല് പേരെ അറസ്റ്റ് ചെയ്യുകയും അവരില്‍ നിന്ന് നിരവധി മാരകായുധങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഐതിഹാസികമായ ഇന്ത്യന്‍ കര്‍ഷക സമരം അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റുന്നതില്‍ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട് 2020 ഡിസംബറില്‍ ലണ്ടനില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസിനു മുമ്പില്‍, കര്‍ഷക സമരത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു നടന്ന വന്റാലി. സിഖുകാരായിരുന്നു അതിന്റെ സംഘാടനത്തില്‍ മുൻപന്തിയില്‍. റാലിയില്‍ ഖലിസ്ഥാന്‍ പതാക ഉയര്‍ന്നത് വിവാദമായിരുന്നു.

കഴിഞ്ഞ സെപ്തംബറില്‍ കാനഡയിലുണ്ടായ സിഖ് തീവ്രവാദികളുടെ ചില പ്രവര്‍ത്തനങ്ങള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളെ പ്രതികൂലമായി ബാധിക്കുമോ എന്നാശങ്ക ഉയര്‍ന്നിരുന്നു. സിഖ്സ് ഫോര്‍ ജസ്റ്റിസ് എന്ന ഖലിസ്ഥാന്‍ അനുകൂല സംഘടന, പ്രത്യേക സിഖ് രാജ്യമെന്ന റഫറണ്ടത്തിനായി വോട്ടെടുപ്പ് നടത്തിയതാണ് അന്ന് ഇന്ത്യയെ ചൊടിപ്പിച്ചത്. പരമാധികാര സിഖ് രാഷ്ട്രമാണ് ഖലിസ്ഥാന്‍ വാദികളുടെ ലക്ഷ്യം. ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷ വേളയില്‍ അമൃത്‌സറില്‍ ഉള്‍പ്പെടെ അവര്‍ ഖലിസ്ഥാന്‍ പതാക ഉയര്‍ത്തലും ഇന്ത്യക്കെതിരെ മുദ്രാവാക്യം വിളിക്കലും പതിവാണ്. ഖലിസ്ഥാന്‍ വാദത്തെ അനുകൂലിച്ച് പ്രവാസ ലോകത്ത് ആദ്യമായി രംഗത്ത് വന്നത് കാനഡയിലെ ഒരു വിഭാഗം സിഖുകാരായിരുന്നുവെന്നതും ശ്രദ്ധേയമാണ്. ഖലിസ്ഥാന്‍ രാഷ്ട്രത്തിനായി കാനഡയില്‍ വോട്ടെടുപ്പ് നടത്തിയ സിഖ് തീവ്രവാദികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കാനഡയിലേക്ക് തുടരെ തുടരെ മൂന്ന് നയതന്ത്ര സന്ദേശങ്ങളാണ് അന്ന് അയച്ചത്. തങ്ങള്‍ ഖലിസ്ഥാനികളുടെ ജനഹിത പരിശോധനയെ അംഗീകരിക്കുന്നില്ലെന്നും ഇന്ത്യയുടെ പരമാധികാരത്തെ തങ്ങള്‍ മാനിക്കുന്നുവെന്നുമായിരുന്നു കാനഡയിലെ ട്രൂഡോ സര്‍ക്കാറിന്റെ പ്രതികരണം. ഇതോടെയാണ് അന്ന് മഞ്ഞുരുകിയത്.

ഇക്കഴിഞ്ഞ റിപബ്ലിക് ദിനത്തില്‍ ആസ്‌ത്രേലിയയില്‍ ഇന്ത്യന്‍ ദേശീയ പതാകയുമായി സഞ്ചരിച്ചവര്‍ക്ക് നേരേ, ഖലിസ്ഥാന്‍ പതാകയുമായെത്തിയ ഒരുകൂട്ടം ആളുകള്‍ ആക്രമണം അഴിച്ചുവിടുകയും ഇന്ത്യന്‍ പതാക നശിപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ അഞ്ച് ഇന്ത്യക്കാര്‍ക്ക് പരുക്കേറ്റു. വിദേശ രാജ്യങ്ങളില്‍ ഹൈന്ദവ ക്ഷേത്രങ്ങള്‍ക്കും ചിഹ്നങ്ങള്‍ക്കും നേരേയും ഖലിസ്ഥാന്‍ വാദികളുടെ ആക്രമണം പതിവാണ്. കഴിഞ്ഞ ജനുവരിയില്‍ ആസ്‌ത്രേലിയയിലെ മെല്‍ബണിലുള്ള സ്വാമി നാരായണ്‍ ക്ഷേത്രവും ഇസ്‌കോണ്‍ കൃഷ്ണ ക്ഷേത്രവും ഖലിസ്ഥാന്‍ അനുകൂലികള്‍ ആക്രമിക്കുകയും ക്ഷേത്രത്തിന്റെ ചുവരുകളില്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ എഴുതുകയും ചെയ്തിരുന്നു. ബ്രാംപ്ടണിലെ പ്രമുഖ ക്ഷേത്രമുള്‍പ്പെടെ കാനഡയിലെ നിരവധി ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് നേരേയും നടന്നു സിഖ് തീവ്രവാദ ആക്രമണം. എങ്കിലും ഇന്ത്യയിലെ സിഖ് സമൂഹം ഇതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുന്നില്ലെന്നത് ആശ്വാസകരമാണ്. മുസ്‌ലിം തീവ്രവാദികളായിരുന്നു പ്രവാസ ലോകത്ത് ഇത്തരം അതിക്രമങ്ങള്‍ക്ക് തുനിഞ്ഞിരുന്നതെങ്കില്‍ മുസ്‌ലിം ഇന്ത്യ ഒന്നടങ്കം അനുഭവിക്കേണ്ടി വരുമായിരുന്നില്ലേ പ്രത്യാഘാതങ്ങള്‍.

Latest