Kerala
സിപിഎം അധികം കളിക്കരുത്; കേരളം ഞെട്ടിപ്പോകുന്ന വാര്‍ത്ത വരുന്നുണ്ട്; മുന്നറിയിപ്പുമായി വി ഡി സതീശന്‍
കന്റോണ്‍മെന്റ് ഹൗസിലേക്ക് പ്രതിഷേധം സംഘടിപ്പിക്കാന്‍ ബിജെപി എത്തിച്ച കാളയെ ഉപേക്ഷിക്കരുതെന്നും വി ഡി സതീശന്‍

കോഴിക്കോട്| സിപിഎമ്മിനും ബിജെപിക്കും മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിപിഎമ്മുകാര്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ അധികം കളിക്കരുത്. വൈകാതെ കേരളം ഞെട്ടുന്ന വാര്‍ത്ത വരുമെന്നും സതീശന്‍ പറഞ്ഞു. ഞാന്‍ പറയുന്നതൊന്നും വൈകാറില്ലല്ലോ. തെരഞ്ഞെടുപ്പിനൊക്കെ സമയം ഉണ്ടല്ലോയെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. കന്റോണ്‍മെന്റ് ഹൗസിലേക്ക് പ്രതിഷേധം സംഘടിപ്പിക്കാന്‍ ബിജെപി എത്തിച്ച കാളയെ ഉപേക്ഷിക്കരുത്. പാര്‍ട്ടി ഓഫീസിന്റെ മുറ്റത്ത് കെട്ടിയിടണം. അടുത്ത ദിവസങ്ങളില്‍ ആവശ്യം വരും. വൈകാതെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ വീട്ടിലേക്ക് ആ കാളയുമായി പ്രതിഷേധം നടത്തേണ്ട സ്ഥിതിയുണ്ടാകും. കാത്തിരുന്നോളൂ എന്നാണ് വി ഡി സതീശന്‍ പറഞ്ഞത്.
സിപിഐഎം നടത്തുന്ന പ്രതിഷേധം എന്തിനുവേണ്ടിയാണെന്ന് അറിയാം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരായ ആരോപണത്തില്‍ മറുപടിയില്ല. കേരളത്തിലെ സിപിഎം നേതാക്കന്മാര്‍ക്ക് രാജേഷ് കൃഷ്ണ ഹവാല പണം കൊടുത്തിരുന്നുവെന്ന ആരോപണം ഉയര്‍ന്നു. അത് ചര്‍ച്ച ചെയ്യാതെ മറച്ചുവെച്ചു. രാഹുലിനെതിരെ കോണ്‍ഗ്രസ് സംഘടനാപരമായ നടപടിയാണ് സ്വീകരിച്ചത്. എന്നാല്‍ ലൈംഗിക ആരോപണക്കേസില്‍ പ്രതികളായ മന്ത്രിമാരെ ആദ്യം പുറത്താക്കെന്നും വിഡി സതീഷന്‍ പ്രതികരിച്ചു.