Uae
മലയാളി തൊഴിലാളിക്ക് 3.2 ലക്ഷം ദിർഹം നൽകാൻ കോടതി വിധി
വിചാരണക്ക് ശേഷം തൊഴിലാളിക്ക് ലഭിക്കേണ്ട ഗ്രാറ്റുവിറ്റി തുകയും ശമ്പള കുടിശ്ശികയും ഉൾപ്പെടെയുള്ള അവകാശങ്ങൾ കോടതി അംഗീകരിക്കുകയായിരുന്നു.

അബൂദബി | 28 വർഷം ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത മലയാളി തൊഴിലാളിക്ക് നിയമപരമായ അവകാശങ്ങൾ നൽകണമെന്ന് നിർദേശിച്ച് അബൂദബി ലേബർ കോടതിയുടെ വിധി. തൊഴിലാളിക്ക് മൊത്തം 3,20,167 ദിർഹം നൽകണമെന്നാണ് കോടതി ഉത്തരവിട്ടത്. വിചാരണക്ക് ശേഷം തൊഴിലാളിക്ക് ലഭിക്കേണ്ട ഗ്രാറ്റുവിറ്റി തുകയും ശമ്പള കുടിശ്ശികയും ഉൾപ്പെടെയുള്ള അവകാശങ്ങൾ കോടതി അംഗീകരിക്കുകയായിരുന്നു.
ജോലി അവസാനിച്ചതിന് ശേഷവും കമ്പനി തുക നൽകാത്തതിനെ തുടർന്നാണ് തൊഴിലാളി നിയമപരമായ നടപടികളുമായി മുന്നോട്ടുപോയത്. കേസിൽ വാദം കേട്ട ശേഷം, സ്ഥാപനത്തിന്റെ രേഖകൾ കൂടി പരിശോധിച്ചാണ് കോടതി വിധി പുറപ്പെടുവിച്ചത്. വിധിയിൽ തൊഴിലാളിക്കുള്ള മടക്കയാത്രാ ടിക്കറ്റ് അലവൻസും ഉൾപ്പെടുത്തിയിട്ടുണ്ട്. പരാതിക്കാരനെ പ്രതിനിധീകരിച്ചത് അബൂദബിയിലെ ഹമദ് ബിൻ ജർവൻ അഡ്വക്കറ്റ്‌സ് ആൻഡ് ലീഗൽ കൺസൽട്ടൻസിലെ അഡ്വ. മഹ്ജഹ് നൂറാനിയും അഡ്വ. സഹദുദ്ദീൻ നൂറാനിയുമായിരുന്നു.