Connect with us

Kerala

വിഴിഞ്ഞം പദ്ധതി അനുവദിക്കില്ലെന്ന് പറഞ്ഞത് കോണ്‍ഗ്രസും ബി ജെ പിയും: എം വി ഗോവിന്ദന്‍

വേടനെതിരായ പുലിനഖം കേസ് ഇത്തരത്തില്‍ പെരുപ്പിച്ചത് പരിശോധിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു

Published

|

Last Updated

തിരുവനന്തപുരം | വിഴിഞ്ഞം പദ്ധതി ഒരിഞ്ച് മുന്നോട്ട് പോകാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞു രംഗത്തുവന്നത് കോണ്‍ഗ്രസും ബി ജെ പിയുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. വിഴിഞ്ഞത്ത് അവര്‍ കലാപമുണ്ടാക്കാന്‍ ശ്രമം നടത്തി. പോലീസ് സ്റ്റേഷന്‍ ആക്രമിച്ചു.

ആ ദൃശ്യങ്ങളെല്ലാം മാധ്യമപ്രവര്‍ത്തകരുടെ കൈയ്യിലുണ്ട്. നട്ടെല്ലുണ്ടെങ്കില്‍ മാധ്യമങ്ങള്‍ ആ ദൃശ്യങ്ങള്‍ കാണിക്കണം. അവരുടെ ഭീഷണിക്കു മുമ്പില്‍ അന്ന് പ്രവൃത്തി നിര്‍ത്തിയിരുന്നെങ്കില്‍ പദ്ധതി പൂര്‍ത്തിയാകില്ലായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെയും സതീശന്റെയും ശീട്ടിന്റെ പുറത്ത് നടന്നതല്ല ഇത്. ഇടതുപക്ഷ സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യമാണ് വിഴിഞ്ഞം യാഥാര്‍ത്ഥ്യമായതിന് കാരണം. ഒരു വികസനവും നടത്തില്ലെന്ന് നിലപാടെടുത്തത് യു ഡി എഫ്. കേരളത്തിലെ പ്രതിപക്ഷം പോലെ ഒന്ന് ലോകത്തെവിടെയുമില്ലാത്തതാണ്. ഒരു വികസനവും നടത്താന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കുന്ന പ്രതിപക്ഷം ലോകത്ത് എവിടെയുമില്ല.

പരിപാടിയില്‍ പങ്കെടുക്കുന്നവരുടെ ലിസ്റ്റ് അംഗീകരിച്ചത് കേന്ദ്രസര്‍ക്കാരാണ്. ബി ജെ പി പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറുണ്ട്. സംസ്ഥാനത്തെ ഭരണകക്ഷിയായ സി പി എമ്മിന്റെ നേതാവായ താനില്ല. എം എല്‍ എ കൂടിയാണ് താന്‍. കേന്ദ്രസര്‍ക്കാര്‍ വിഴിഞ്ഞത്ത് ഒന്നും ചെയ്തില്ല. വയബിലിറ്റി ഗ്യാപ് ഫണ്ട് കൊടുത്തില്ല. കേന്ദ്രം ഇത് തങ്ങളുടെ പരിപാടിയെന്ന് പറയുന്നു.

ഇതൊക്കെ ജനത്തിന് മനസിലാവും. നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ആലോചിച്ച പദ്ധതിയാണിത്. അന്ന് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ തുടങ്ങാനായിരുന്നു ആലോചിച്ചത്. യു ഡി എഫ് സര്‍ക്കാര്‍ അത് അദാനിക്ക് കൊടുക്കാന്‍ തീരുമാനിച്ചു. അധികാരത്തിലെത്തിയ ഇടതുപക്ഷം പദ്ധതിയുമായി മുന്നോട്ട് പോയി. നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ട് പോയത് കൊണ്ടാണ് പദ്ധതി യാഥാര്‍ഥ്യമായത്. ഒരു ദിവസം പോലും പദ്ധതി വൈകിപ്പിച്ചില്ല. വി ഡി സതീശന്‍ പങ്കെടുക്കില്ലെങ്കില്‍ വേണ്ട. താന്‍ പങ്കെടുക്കും. തന്നെ ക്ഷണിച്ചിട്ടില്ല. കിട്ടുന്ന സീറ്റില്‍ താന്‍ ഇരിക്കും. ലോകത്തെ പ്രധാന തുറമുഖമായി വിഴിഞ്ഞം മാറും. ഇടതുപക്ഷത്തിന്റെ ഉറച്ച നിലപാടില്ലെങ്കില്‍ വിഴിഞ്ഞമില്ല.

വേടനെതിരായ പുലിനഖം കേസ് ഇത്തരത്തില്‍ പെരുപ്പിച്ചത് പരിശോധിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. വേടനെതിരെ എന്തിനാണ് കേസെടുത്തതെന്ന് പരിശോധിക്കപ്പെടണം. കേരളത്തിലെ ജനങ്ങളെ സ്വാധീനിച്ച സമൂഹത്തിന്റെ പിന്നണിയില്‍ നിന്ന് വരുന്ന പ്രതിനിധിയാണ് വേടന്‍. കേരളത്തിലെ യുവ സമൂഹത്തെ സ്വാധീനിക്കുന്ന രാഷ്ട്രീയം പറയുന്ന യുവ കലാകാരനാണ്. ലഹരി ഉപയോഗിച്ചതില്‍ തനിക്ക് തെറ്റുപറ്റിയെന്ന് വേടന്‍ തന്നെ പറയുന്നു.

വളരെ ചെറിയ അളവായിരുന്നു ലഹരി കണ്ടെത്തിയത്. കഞ്ചാവുമായി സ്റ്റേഷനിലെത്തിയപ്പോഴാണ് മാല കണ്ടത്. അത് സമ്മാനം കിട്ടിയതാണെന്ന് പറഞ്ഞ് അതിനപ്പുറത്തേക്ക് കടന്ന് നടത്തിയ നടപടികള്‍ പരിശോധിക്കപ്പെടണം. പുലിയുടെ പല്ലുമായി ബന്ധപ്പെട്ട വലിയ കേസ് ആവശ്യമുണ്ടോയെന്ന് ആലോചിക്കണം. വനം മന്ത്രി വേടനൊപ്പമാണ്. ആ ചെറുപ്പക്കാരനോട് എടുത്ത നിലപാട് ശരിയല്ലെന്നാണ് തങ്ങളുടെ നിലപാടെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

Latest