Connect with us

Siraj Article

ജനാധിപത്യത്തിന്റെ ഉത്കണ്ഠകള്‍

വ്യാപകമായ രീതിയില്‍ തിരഞ്ഞെടുപ്പ് അട്ടിമറി നടന്ന സ്ഥലങ്ങളില്‍ റീപോളിംഗ് വേണമെന്നുള്ള സി പി എമ്മിന്റെയും തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെയും ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിക്കുമോ എന്ന് പറയാറായിട്ടില്ല. നിര്‍ഭാഗ്യവശാല്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ പോലുള്ള ഉന്നത അധികാര സ്ഥാനങ്ങള്‍ പോലും ഭരണകക്ഷിയെ ഭയക്കുന്ന സ്ഥിതിയാണ് ഇന്നുള്ളത്

Published

|

Last Updated

ന്ത്യയിലെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലൊന്നാണ് ത്രിപുര. മൂന്ന് വശങ്ങളും ബംഗ്ലാദേശിനാല്‍ ചുറ്റപ്പെട്ട സംസ്ഥാനമാണിത്. വടക്കു കിഴക്ക് അസം, മിസോറാം എന്നീ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്നു. ബംഗാളികളാണ് സംസ്ഥാനത്ത് ഭൂരിപക്ഷം പേരും. ജനസംഖ്യയില്‍ 31.8 ശതമാനം പട്ടിക വര്‍ഗക്കാരാണ്.

ഇന്ത്യ സ്വതന്ത്രമാകുമ്പോള്‍ മഹാരാജാ മാണിക്യ ബഹദൂറായിരുന്നു ഈ പ്രദേശത്തിന്റെ ഭരണാധികാരി. 1949ലാണ് ഇന്ത്യന്‍ യൂനിയനില്‍ ത്രിപുര ലയിച്ചത്. 1956ല്‍ ത്രിപുരയെ ഒരു കേന്ദ്ര ഭരണപ്രദേശമാക്കി. ഈ പ്രദേശത്തിന് സംസ്ഥാന പദവി ലഭിച്ചത് 1972ലാണ്. അഗര്‍ത്തല തലസ്ഥാനമായ ഈ സംസ്ഥാനത്ത് എട്ട് ജില്ലകളാണുള്ളത്. 60 നിയമസഭാ മണ്ഡലങ്ങളും രണ്ട് ലോക്‌സഭാ മണ്ഡലങ്ങളുമുണ്ട്.

തേയില വ്യവസായവും ചണ വ്യവസായവുമാണ് പ്രധാന വ്യവസായങ്ങള്‍. കൈത്തറിയും കരകൗശല വ്യവസായങ്ങളും സജീവമാണ്. സംസ്ഥാനത്തിന്റെ നാലിലൊന്ന് ഭാഗത്ത് മാത്രമേ കൃഷി നടത്തുന്നുള്ളൂ. തേയിലയും ചണവുമാണ് പ്രധാന കാര്‍ഷികോത്പന്നങ്ങള്‍. നെല്ല്, ഗോതമ്പ്, പരുത്തി, പഞ്ഞി, കരിമ്പ്, ഉരുളക്കിഴങ്ങ് തുടങ്ങിയവയും ഉത്പാദിപ്പിക്കുന്നു.

ത്രിപുര വളരെക്കാലം സി പി എം നേതൃത്വത്തിലുള്ള ഇടതുപക്ഷത്തിന് വലിയ മുന്‍തൂക്കമുള്ള സംസ്ഥാനമായിരുന്നു. തുടര്‍ച്ചയായി ഇടതുപക്ഷമാണ് ഇവിടെ വളരെ ഭൂരിപക്ഷത്തോടു കൂടി അധികാരത്തില്‍ വന്നിട്ടുള്ളത്. കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിലാണ് ആദ്യമായി ബി ജെ പി ഈ സംസ്ഥാനത്ത് അധികാരത്തില്‍ എത്തുന്നത്.

ബി ജെ പി അധികാരത്തില്‍ വന്നതിനു ശേഷം പ്രതിപക്ഷത്തിനെതിരായി വ്യാപകമായ അക്രമങ്ങള്‍ ആരംഭിക്കുകയുണ്ടായി. മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ മണിക് സര്‍ക്കാര്‍ അടക്കമുള്ള നേതാക്കള്‍ പോലും അക്രമത്തിന് ഇരയായ സംഭവങ്ങള്‍ ഉണ്ടായി. സി പി എമ്മിന്റെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും പാര്‍ട്ടി ഓഫീസുകള്‍ തകര്‍ക്കപ്പെട്ടു. സര്‍ക്കാറിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരായി രാജ്യദ്രോഹ നിയമം അനുസരിച്ച് വ്യാപകമായ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന സ്ഥിതിയുമുണ്ടായി. പലരെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. സര്‍ക്കാറിനെ മാധ്യമങ്ങളില്‍ക്കൂടി വിമര്‍ശിച്ച പത്രപ്രവര്‍ത്തകരുടെ നേരേയും രാജ്യദ്രോഹ നിയമവും യു എ പി എ നിയമവും ഉപയോഗിച്ച സംഭവങ്ങളുമുണ്ടായി. ഫലത്തില്‍ ജനാധിപത്യവും മനുഷ്യാവകാശവും നിഷേധിക്കപ്പെടുന്ന ഒരു സംസ്ഥാനമായി ബി ജെ പി ഭരണത്തില്‍ ത്രിപുര മാറിയെന്നുള്ളതാണ് യാഥാര്‍ഥ്യം. ഇപ്പോള്‍ നടന്ന മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ അക്രമം തടയണമെന്നാവശ്യപ്പെട്ടുകൊണ്ട് സി പി എമ്മും തൃണമൂല്‍ കോണ്‍ഗ്രസ്സും സുപ്രീം കോടതിയെ സമീപിക്കുകയും കോടതി അനുകൂലമായ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

സുപ്രീം കോടതിയുടെ നിര്‍ദേശത്തിന് വിലകല്‍പ്പിക്കാതെ ത്രിപുര മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് ഭരണകക്ഷിയായ ബി ജെ പി അട്ടിമറിച്ചിരിക്കുകയാണ്. അക്രമവും ബൂത്ത് പിടിത്തവും വോട്ടര്‍മാരെ തടയലും തിരഞ്ഞെടുപ്പ് നടന്ന എല്ലായിടത്തും വ്യാപകമായി അരങ്ങേറി. തിരഞ്ഞെടുപ്പ് സമാധാനപരവും സുതാര്യവുമായി നടത്തണമെന്ന സുപ്രീം കോടതി വിധി ഉണ്ടായിട്ടും പോലീസും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും അക്രമം തടയാന്‍ ഒരു നടപടിയും കൈക്കൊണ്ടില്ല. അഗര്‍ത്തല കോര്‍പറേഷനിലേക്കും 19 മുനിസിപ്പല്‍ കൗണ്‍സിലിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്.

അഗര്‍ത്തലയില്‍ ബി ജെ പി വലിയ അക്രമമാണ് അഴിച്ചുവിട്ടത്. പുറത്തു നിന്നുള്ളവരുള്‍പ്പെടെ വന്‍തോതില്‍ ആളുകളെ ഇറക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ചായിരുന്നു അതിക്രമം. ബൂത്തുകളില്‍ നിന്ന് പ്രതിപക്ഷ സ്ഥാനാര്‍ഥികളുടെ ഏജന്റുമാരെ അടിച്ചിറക്കി. പലയിടത്തും പ്രതിപക്ഷ പാര്‍ട്ടികളുടെ ക്യാമ്പ് ഓഫീസുകള്‍ തകര്‍ത്തിട്ടും പോലീസ് പരാതികള്‍ സ്വീകരിച്ചില്ല. അക്രമത്തിലും പോലീസ് നിഷ്‌ക്രിയത്വത്തിലും പ്രതിഷേധിച്ച് വെസ്റ്റ് അഗര്‍ത്തല പോലീസ് സ്റ്റേഷനിലേക്ക് പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. സി പി എം റീപോളിംഗ് ആവശ്യപ്പെട്ടിട്ടുണ്ട്.

തിരഞ്ഞെടുപ്പില്‍ വലിയ അക്രമങ്ങള്‍ ഉണ്ടാകുമെന്ന് മനസ്സിലാക്കിയ സി പി എമ്മും തൃണമൂല്‍ കോണ്‍ഗ്രസ്സും തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം നിര്‍ദയം തള്ളിക്കളയുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയ്തത്. ജനാധിപത്യ വിരുദ്ധമായി തന്നെ അവിടെ തിരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിക്കുകയാണ് ഉണ്ടായത്.

തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബി ജെ പിക്ക് വലിയ വിജയം ഉണ്ടായിട്ടുണ്ട്. അഗര്‍ത്തല മുനിസിപ്പല്‍ കോര്‍പറേഷനിലെ 51 വാര്‍ഡുകള്‍, 13 മുനിസിപ്പല്‍ കൗണ്‍സിലുകള്‍, ആറ് നഗര പഞ്ചായത്തുകള്‍ എന്നിവ ഉള്‍പ്പെടെ 334 സീറ്റുകളില്‍ 112 ഇടത്ത് ബി ജെ പി സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ബാക്കി വോട്ടെടുപ്പ് നടന്ന 222 സീറ്റുകളില്‍ 217ലും ബി ജെ പി സ്ഥാനാര്‍ഥികള്‍ വിജയിച്ചു.

മുഖ്യ പ്രതിപക്ഷമായ സി പി എമ്മിന് മൂന്ന് സീറ്റും തൃണമൂല്‍ കോണ്‍ഗ്രസ്സിനും തിപ്രമോദാ പാര്‍ട്ടിക്കും ഓരോ സീറ്റ് വീതവും ലഭിച്ചു. സംഘര്‍ഷ സാധ്യതകള്‍ കണക്കിലെടുത്ത് കനത്ത സുരക്ഷയിലായിരുന്നു വോട്ടെണ്ണല്‍. 2018ല്‍ ത്രിപുരയില്‍ ബി ജെ പി അധികാരത്തിലെത്തിയശേഷം സംസ്ഥാനത്ത് ആദ്യമായി നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പാണിത്.
വോട്ടെടുപ്പില്‍ ബി ജെ പി കൃത്രിമം കാണിച്ചെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്സ് ആരോപിച്ചു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ തങ്ങള്‍ക്ക് വലിയ സ്വാധീനമുണ്ടെന്ന് ആ പാര്‍ട്ടി വ്യക്തമാക്കിയിരുന്നു. എന്തായാലും തൃണമൂല്‍ കോണ്‍ഗ്രസ്സിന് വലിയ ക്ഷീണമാണ് തിരഞ്ഞെടുപ്പിലുണ്ടായത്. ഏറ്റവും ഒടുവിലാണ് തൃണമൂല്‍ കോണ്‍ഗ്രസ്സ് ത്രിപുരയില്‍ പ്രവര്‍ത്തനമാരംഭിച്ചത് എന്ന കാര്യം വിസ്മരിക്കാന്‍ കഴിയില്ല. ബി ജെ പിക്കെതിരായി ശക്തമായ യോജിച്ച ഒരു പ്രസ്ഥാനം ത്രിപുരയില്‍ ഇനിയെങ്കിലും വളര്‍ത്തിയെടുക്കണമെന്ന പാഠമാണ് ഈ തിരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്.

ത്രിപുരയില്‍ പ്രതിപക്ഷം തന്നെ ഇല്ലാതെയുള്ള മുനിസിപ്പല്‍ ഭരണമാണ് നടക്കാന്‍ പോകുന്നത്. സ്വേച്ഛാധിപത്യ പ്രസ്ഥാനങ്ങള്‍ക്ക് പ്രതിപക്ഷം ആവശ്യമില്ല. പ്രതിപക്ഷത്തെ എല്ലാ നിലയിലും അമര്‍ച്ച ചെയ്ത്, തിരഞ്ഞെടുപ്പ് ഒരു പ്രഹസനമാക്കി ബി ജെ പി. എല്ലാ മുനിസിപ്പാലിറ്റികളിലെയും അധികാരം അവര്‍ കൈകളിലൊതുക്കിയിരിക്കുകയാണ്.

വ്യാപകമായ രീതിയില്‍ തിരഞ്ഞെടുപ്പ് അട്ടിമറി നടന്ന സ്ഥലങ്ങളില്‍ റീപോളിംഗ് വേണമെന്നുള്ള സി പി എമ്മിന്റെയും തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെയും ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിക്കുമോ എന്ന് പറയാറായിട്ടില്ല. നിര്‍ഭാഗ്യവശാല്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ പോലുള്ള ഉന്നത അധികാര സ്ഥാനങ്ങള്‍ പോലും ഭരണകക്ഷിയെ ഭയക്കുന്ന സ്ഥിതിയാണ് ഇന്നുള്ളത്.
ഇന്ത്യന്‍ ജനാധിപത്യം വലിയ വെല്ലുവിളിയെ നേരിടുകയാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവിയെപ്പറ്റിയുള്ള ഉത്കണ്ഠ ജനാധിപത്യ വിശ്വാസികളില്‍ വര്‍ധിച്ചു വരികയാണെന്നുള്ളത് ഒരു വസ്തുതയാണ്. ത്രിപുര മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് ഈ ഉത്കണ്ഠക്ക് അടിസ്ഥാനമുണ്ടെന്ന് തെളിയിക്കുന്നതുമാണ്. ജനാധിപത്യം ഈ രാജ്യത്ത് തളരാരെ മുന്നോട്ട് തന്നെ പോകേണ്ടതുണ്ട്. നിര്‍ഭാഗ്യവശാല്‍ രാജ്യത്ത് പലയിടത്തും അത് അന്ത്യശ്വാസം വലിച്ചുകൊണ്ടിരിക്കുകയാണ്. ത്രിപുര മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് ഫലം അതിനെ കുറിച്ച് കൂടി മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Latest