Kerala
കൊല്ലങ്കോട് പോലീസ് സ്റ്റേഷനിലും കസ്റ്റഡി മർദനമെന്ന് പരാതി
സംഭവം എട്ട് വർഷം മുൻപ്
 
		
      																					
              
              
            പാലക്കാട് | എട്ട് വർഷം മുൻപ് പാലക്കാട് കൊല്ലങ്കോട് പോലീസ് സ്റ്റേഷനിൽ നിന്ന് കസ്റ്റഡി മർദനമേറ്റതായി പരാതി. സി ഐയായിരിക്കെ സലീഷും രണ്ട് സിവിൽ പോലീസ് ഓഫീസർമാരും ചേർന്ന് മർദിച്ചെന്ന് വിജയകുമാറാണ് പരാതി നൽകിയത്. നിലവിൽ തൃശൂർ എ സി പിയാണ് സലീഷ് എൻ ശങ്കർ.
പോലീസിനെ മർദിച്ചെന്ന കേസ് ചുമത്തി വിജയകുമാറിനെ 15 ദിവസം ജയിലിലിട്ടു. ചിറ്റൂർ കോടതി വിജയകുമാറിനെ വെറുതെ വിട്ടെങ്കിലും കുറ്റക്കാരായ ഉദ്യോഗന്ഥർക്ക് എതിരെ ഒരു നടപടിയും ഉണ്ടായില്ലെന്ന് പരാതിയിൽ പറയുന്നു.
2017 മേയ് 25ന് കൊല്ലങ്കോട് ടൗണിൽ നിൽക്കുകയായിരുന്ന വിജയകുമാറിനോട് മഫ്തിയിലുള്ള പോലീസ് ഫോൺ ആവശ്യപ്പെട്ടു. നൽകാതായതോടെ പിടിവലിയായി. നികുതി വെട്ടിച്ച് കോഴി കടത്തുന്ന സംഘത്തിൽ പെട്ട വ്യക്തിയാണെന്ന് തെറ്റിദ്ധരിച്ചാണ് വിജയകുമാറിനെ പിടിച്ച് കൊണ്ടുപോയത്. പോലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം സി ഐയും മറ്റ് രണ്ട് പോലീസുകാരും ചേർന്ന് വിജയകുമാറിനെ അതിക്രൂരമായി മർദിച്ചെന്നാണ് പരാതി.
പോലീസിനെ മർദിച്ചെന്ന വകുപ്പ് ചുമത്തിയതിനാൽ കോടതി 15 ദിവസം റിമാൻഡ് ചെയ്തത്. രണ്ട് വർഷം മുൻമ്പാണ് തെളിവില്ലെന്ന് കണ്ട് വിജയകുമാറിനെ ചിറ്റൂർ കോടതി വെറുതെ വിട്ടത്. പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെ അന്വേഷിച്ച് റിപോർട്ട് നൽകാൻ മനുഷ്യവകാശ കമ്മീഷൻ തൃശൂർ റെയ്ഞ്ച് ഐ ജിക്ക് നിർദേശം നൽകിയിരുന്നു. ഐ ജിയുടെ പ്രതിനിധി വിജയകുമാറിൻ്റെ മൊഴി എടുത്തിരുന്നു. ഏഴ് വർഷമായിട്ടും വിജയകുമാറിനെ മർദിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          


