Kerala
മൊസാംബിക്കയില്‍ ബോട്ട് മറിഞ്ഞ് അപകടം; മലയാളിയുടെ മൃതദേഹം കണ്ടെടുത്തു
ഒക്ടോബര്‍ 16-ന് നടന്ന അപകടത്തില്‍ കൊല്ലം സ്വദേശി ശ്രീരാഗ്, പിറവം സ്വദേശി ഇന്ദ്രജിത്ത് ഉള്‍പ്പെടെ അഞ്ചു പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്
 
		
      																					
              
              
            കൊച്ചി | ആഫ്രിക്കയിലെ മൊസാംബിക്കിലെ ബെയ്‌റ തുറമുഖത്തിന് സമീപം ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ മലയാളി യുവാവിന്റെ മൃതദ്ദേഹം കണ്ടെത്തി. എറണാകുളം എടയ്ക്കാട്ടുവയല്‍ സ്വദേശി ഇന്ദ്രജിത്ത് സന്തോഷി(22)ന്റെ മൃതദേഹമാണ് രണ്ടാഴ്ചയിലേറെ നടന്ന തിരച്ചിലില്‍ കണ്ടെത്തിയത്. മൃതദേഹം ഇന്ദ്രജിത്തിന്റെ കുടുംബം തിരിച്ചറിഞ്ഞു. കമ്പനി അധികൃതരാണ് മൃതദേഹം ലഭിച്ച വിവരം കുടുംബത്തെ അറിയിച്ചത്.
കഴിഞ്ഞ ദിവസം ബോട്ടിനുള്ളില്‍ നിന്നു മൃതദേഹം കണ്ടെത്തിയിരുന്നു. ഇന്ദ്രജിത്തിന്റെ മൃതദേഹമാണെന്ന് ഇന്നലെയാണു സ്ഥിരീകരണം ഉണ്ടായത്. ഒക്ടോബര്‍ 16-ന് നടന്ന അപകടത്തില്‍ കൊല്ലം സ്വദേശി ശ്രീരാഗ്, പിറവം സ്വദേശി ഇന്ദ്രജിത്ത് ഉള്‍പ്പെടെ അഞ്ചു പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ഇതോടെ, ഈ അപകടത്തില്‍ ജീവന്‍ നഷ്ടമായ മലയാളികളുടെ എണ്ണം രണ്ടായി.
കഴിഞ്ഞ 16നു പുലര്‍ച്ചെയാണു തുറമുഖത്തു നിന്നു 31 നോട്ടിക്കല്‍ മൈല്‍ ദൂരെ നങ്കൂരമിട്ടിരുന്ന സ്വീക്വസ്റ്റ് എണ്ണക്കപ്പലിലേക്കു ജോലിക്കാരുമായി പുറപ്പെട്ട ബോട്ട് മറിഞ്ഞത്. ഇന്ദ്രജിത്ത് ഉള്‍പ്പെടെ 21 പേരാണു ബോട്ടില്‍ ഉണ്ടായിരുന്നത്. ഷാര്‍ജ ആസ്ഥാനമായുള്ള ഏരീസ് മറൈന്‍ ആന്‍ഡ് എന്‍ജിനീയറിങ് സര്‍വീസ് കമ്പനിയിലെ ജോലിക്കാരായിരുന്നു ഇവര്‍. അപകടത്തില്‍ കോന്നി സ്വദേശി ആകാശ് ഉള്‍പ്പെടെ 16 പേര്‍ രക്ഷപ്പെട്ടിരുന്നു

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

