Connect with us

From the print

സമ്മേളന നടത്തിപ്പ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിക്ക് കീഴിലെന്ന് ലീഗ് വിഭാഗം; അല്ലെന്ന് മറുപക്ഷം

സമവായ നീക്കങ്ങള്‍ക്കിടയിലും ഇ കെ വിഭാഗത്തിനകത്ത് ഭിന്നത രൂക്ഷം

Published

|

Last Updated

മലപ്പുറം | ഇ കെ വിഭാഗത്തിനകത്ത് ലീഗ് അനുകൂലികളും വിരുദ്ധരും തമ്മിലുള്ള ഭിന്നത പരിഹരിക്കാന്‍ മുസ്‌ലിം ലീഗിന്റെ നേതൃത്വത്തില്‍ സമവായ നീക്കങ്ങള്‍ ഒരുഭാഗത്ത് നടക്കുമ്പോള്‍ മറുഭാഗത്ത് തമ്മിലടി തുടരുന്നു. ഇ കെ വിഭാഗം കാസര്‍കോട് നടത്തുമെന്ന് പ്രഖ്യാപിച്ച വാര്‍ഷിക സമ്മേളന സ്വാഗതസംഘത്തിലെ സ്ഥാനമാനങ്ങളാണ് പുതിയ വിവാദത്തിന് തുടക്കമിട്ടിരിക്കുന്നത്.

ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള ഭിന്നത കാരണം നൂറാം വാര്‍ഷിക സമ്മേളന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ താഴേത്തട്ടില്‍ ദുര്‍ബലമാകുന്ന സ്ഥിതിയുണ്ടായി. കൂടാതെ, നൂറാം വാര്‍ഷികാഘോഷങ്ങളുടെ മുന്നോടിയായി കോഴിക്കോട്ട് സംഘടിപ്പിച്ച ദേശീയ സെമിനാറിലേക്ക് ലീഗ് അനുകൂല പക്ഷത്ത് നിന്ന് ആരെയും ക്ഷണിച്ചിരുന്നില്ല. ഇതോടെ സമ്മേളന നടപടിക്രമങ്ങള്‍ ഔദ്യോഗികപക്ഷം പൂര്‍ണമായും വരുതിയിലാക്കുന്ന സ്ഥിതിയും വന്നു. കാര്യങ്ങള്‍ ഇങ്ങനെ മുന്നോട്ട് പോയാല്‍ ലീഗ് അനുകൂലര്‍ക്ക് സ്വാധീനമുള്ള സുന്നി മഹല്ല് ഫെഡറേഷന്റെ നേതൃത്വത്തില്‍ സമാന്തര സമ്മേളനം സംഘടിപ്പിക്കുമെന്ന ഭീഷണിയും തുടങ്ങി.

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതിനാല്‍ മുസ്ലിം ലീഗ് നേതൃത്വത്തിന്റെ കൂടി താത്പര്യത്തിലാണ് കഴിഞ്ഞ ദിവസം സമവായ ശ്രമങ്ങള്‍ നടന്നത്. ഈ സാഹചര്യത്തില്‍ ഈയിടെ രൂപവത്കരിച്ച അനുരഞ്ജന സമിതി അംഗങ്ങളായ ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി, കൊയ്യോട് ഉമര്‍ മുസ്‌ലിയാര്‍, സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, കാടാമ്പുഴ മൂസ ഹാജി എന്നിവര്‍ ബുധനാഴ്ച മഞ്ചേരിയില്‍ യോഗം ചേര്‍ന്ന് ഏഴംഗ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപവത്കരിച്ചു. എം സി മായിന്‍ ഹാജി (ചെയര്‍.) കെ മോയിന്‍കുട്ടി (കോ-ഓര്‍ഡി.), സമദ് പൂക്കോട്ടൂര്‍, ഹമീദ് ഫൈസി അമ്പലക്കടവ്, നാസര്‍ ഫൈസി കൂടത്തായി, സലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, ഇബ്‌റാഹീം ഫൈസി പേരാല്‍ ഏഴംഗങ്ങള്‍ ഉള്‍പ്പെട്ട ലീഗ് അനുകൂല വിഭാഗത്തിന് പ്രാതിനിധ്യം നല്‍കിയാണ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കിയത്.

സമ്മേളനത്തിനായി നേരത്തേ രൂപവത്കരിച്ച സ്വാഗതസംഘത്തെ അപ്രസക്തമാകുന്ന തരത്തിലാണ് പുതിയ കമ്മിറ്റിക്ക് രൂപം നല്‍കിയതെന്നും ഈ കമ്മിറ്റിയാകും സമ്മേളനം നടത്തുകയെന്നും പ്രവര്‍ത്തകര്‍ക്കിടയില്‍ വ്യാപക പ്രചാരണം വന്നു. സമ്മേളന നടത്തിപ്പ് മുസ്‌ലിം ലീഗ് വിഭാഗം കൈയടക്കിയെന്നും നേരത്തേ രൂപവത്കരിച്ച എല്ലാ കമ്മിറ്റികളെയും പുതിയ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിക്ക് കീഴിലാക്കിയെന്നും ലീഗ് അനുകൂലികള്‍ പ്രചരിപ്പിച്ചു. ഇതേ തുടര്‍ന്ന് ഇന്നലെ ലീഗ് വിരുദ്ധ വിഭാഗത്തിന് നേതൃത്വം നല്‍കുന്ന യുവജന വിഭാഗം നേതാവ് ഹമീദ് ഫൈസി അമ്പലക്കടവിന്റെ ഓഡിയോ സന്ദേശം പുറത്തുവന്നത് സമവായ നീക്കങ്ങള്‍ തകര്‍ക്കുന്ന രീതിയിലായി.

വാര്‍ഷിക സമ്മേളനത്തിന് വേണ്ടി രൂപവത്കരിച്ച കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി സബ് കമ്മിറ്റികള്‍ക്ക് മുകളിലല്ലെന്ന് ഹമീദ് ഫൈസി വ്യക്തമാക്കി.സമ്മേളന കോ-ഓര്‍ഡിനേറ്ററെ സഹായിക്കാന്‍ വേണ്ടി മാത്രമാണ് ഏഴംഗ സമിതിയെ വെച്ചതെന്നും ഹമീദ് ഫൈസി വിശദീകരിക്കുന്നുണ്ട്. ചാനലുകള്‍ക്ക് നല്‍കിയ വാര്‍ത്ത കള്ളവാര്‍ത്തയെന്നും അവരുടെ ഉദ്ദേശ്യശുദ്ധി മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. സബ് കമ്മിറ്റികളുടെ തീരുമാനം കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിക്ക് വിധേയമെന്ന് യോഗത്തില്‍ തീരുമാനിച്ചെന്നുള്ള ലീഗ് അനുകൂലികളുടെ വാദത്തെ എതിര്‍ത്തു. മുശാവറയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത മുസ്തഫല്‍ ഫൈസിയെ സമവായത്തിന്റെ ഭാഗമായി തിരിച്ചെടുക്കാന്‍ ധാരണയായെന്ന പ്രചാരണത്തെയും അദ്ദേഹം തള്ളി.

അതേസമയം, ഹമീദ് ഫൈസിയെ കടന്നാക്രമിച്ച് മുസ്‌ലിം ലീഗ് അനുകൂല വിഭാഗം രംഗത്തെത്തി. സമ്മേളനത്തിന്റെ വിജയത്തിനായി രൂപവത്കരിച്ച സബ് കമ്മിറ്റികളുടെ ഏകോപനത്തിന് വേണ്ടി യാണ് കോ-ഓര്‍ഡിനേറ്റിംഗ് കമ്മിറ്റി രൂപവത്കരിച്ചതെന്ന് അബ്ദുസ്സമദ് പൂക്കോട്ടൂരും എം സി മായിന്‍ ഹാജിയും മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സബ് കമ്മിറ്റികളുടെ തീരുമാനം കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുമായി നിര്‍ബന്ധമായും ചര്‍ച്ച ചെയ്യണമെന്ന് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ പറഞ്ഞിട്ടുണ്ടെന്ന് സമദ് പൂക്കോട്ടൂര്‍ പറഞ്ഞു. സംഘടനക്കകത്ത് വിഭാഗീയത നിലനില്‍ക്കുമ്പോള്‍ ഹമീദ് ഫൈസിയുടെ ശബ്ദസന്ദേശം ശരിയായില്ലെന്നും ഏകപക്ഷീയമായി സമ്മേളനം പോകാന്‍ പാടില്ലെന്നതിനാലാണ് പുതിയ കമ്മിറ്റി രൂപവത്കരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

 

റിപ്പോർട്ടർ, മലപ്പുറം ബ്യൂറോ

Latest