Kerala
പാലയില്‍ ആദ്യമായി മാണി കേരള പ്രതിപക്ഷത്ത്; പുളിക്കക്കണ്ടം കുടുംബം യു ഡി എഫിനെ പിന്തുണച്ചു
പുളിക്കകണ്ടം കുടുംബത്തിലെ 21കാരി ദിയ ബിനു പുളിക്കകണ്ടത്തെ ചെയര്‍പേഴ്‌സണ്‍ ആക്കാമെന്നു യു ഡി എഫ് സമ്മതിച്ചു
കോട്ടയം | പാലാ നഗരസഭയി സ്വതന്ത്രരായി മൂന്നു പേരെ വിജയിപ്പിച്ച പുളിക്കകണ്ടം കുടുംബം യു ഡി എഫിനെ പിന്തുണക്കാന്‍ തീരുമാനിച്ചതോടെ യു ഡി എഫിനു ഭരണം. പുളിക്കകണ്ടം കുടുംബത്തിലെ 21കാരി ദിയ ബിനു പുളിക്കകണ്ടത്തെ ചെയര്‍പേഴ്‌സണ്‍ ആക്കാമെന്നു യു ഡി എഫ് സമ്മതിച്ചതോടെയാണ് 10 സീറ്റുമാത്രം ഉണ്ടായിരുന്ന യു ഡി എഫ് ഭരണത്തില്‍ എത്തുന്നത്. ഇതോടെ പാലാ നഗരസഭയില്‍ ആദ്യമായി കേരള കോണ്‍ഗ്രസ് എം പ്രതിപക്ഷത്തായി.
ബിനു പുളിക്കകണ്ടം, ബിജു പുളിക്കകണ്ടം, ദിയ ബിനു പുളിക്കകണ്ടം എന്നിവരാണ് പുളിക്കകണ്ടം കുടുംബത്തില്‍ നിന്ന് വിജയിച്ച കൗണ്‍സിലര്‍മാര്‍. എല്‍ ഡി എഫിനും യു ഡി എഫിനും കേവല ഭൂരിപക്ഷമില്ലാത്ത പാല നഗരസഭയില്‍ സ്വതന്ത്രരായി ജയിച്ച പുളിക്കകണ്ടം കുടുംബത്തിലെ മൂന്ന് കൗണ്‍സിലര്‍മാരുടെ തീരുമാനം ഭരണത്തില്‍ നിര്‍ണായകമായി. ചര്‍ച്ചയില്‍ പുളിക്കകണ്ടം കുടുംബം മുന്നോട്ട് വെച്ച കാര്യങ്ങള്‍ യു ഡി എഫ് അംഗീകരിക്കുകയായിരുന്നു.
അധ്യക്ഷ സ്ഥാനം നല്‍കുന്നവരെ പിന്തുണയ്ക്കുമെന്നാണ് പുളിക്കകണ്ടം കുടുംബം ആദ്യം മുന്നോട്ട് വെച്ച ആവശ്യം. ആകെയുള്ള 26 സീറ്റില്‍ 12 സീറ്റിലും എല്‍ ഡി എഫ് ആണ് വിജയിച്ചത്. പത്ത് സീറ്റില്‍ യു ഡി എഫും വിജയിച്ചു. നാലിടത്താണ് സ്വതന്ത്രര്‍ വിജയിച്ചത്. സ്വതന്ത്രരില്‍ മൂന്ന് പേരാണ് പുളിക്കകണ്ടം കുടുംബത്തില്‍ നിന്നുള്ളത്. 19ാം വാര്‍ഡില്‍ നിന്ന് കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥിയായി മത്സരിച്ച രാഹുലും വിജയിച്ചിരുന്നു. ഒരാഴ്ചയിലധികം നടന്ന ചര്‍ച്ചക്കൊടുവിലാണ് കുടുംബം അന്തിമ തീരുമാനത്തിലെത്തിയത്. ദിയ ബിനു പുളിക്കകണ്ടം ആദ്യ ടേമിലാണ് ചെയര്‍പേഴ്‌സണാവുക. മൂന്ന് കൗണ്‍സിലര്‍മാറുള്ള പുളിക്കകണ്ടം കുടുംബവുമായി എല്‍ ഡി എഫ് നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും വിജയം കണ്ടില്ല.



