Kerala
ഇടത് സ്ഥാനാര്‍ഥിക്കെതിരെ മത്സരിച്ചു വിജയിച്ച പി നിര്‍മല ഷൊര്‍ണൂര്‍ നഗരസഭയില്‍ ചെയര്‍പേഴ്‌സണ്‍ ആകും
ഒരു വിഭാഗം സി പി എം നേതാക്കള്‍ക്കിടയില്‍ അതൃപ്തിയുണ്ടെങ്കിലും ഭരണ സ്ഥിരതയ്ക്ക് വേണ്ടിയാണ് തീരുമാനമെന്നാണ് സിപിഎമ്മിന്റെ വിശദീകരണം
ഷൊര്‍ണൂര്‍ | ഇടത് സ്ഥാനാര്‍ഥിക്കെതിരെ മത്സരിച്ചു വിജയിച്ച പി നിര്‍മല ഷൊര്‍ണൂര്‍ നഗരസഭയില്‍ സി പി എമ്മിന്റെ ചെയര്‍പേഴ്‌സണ്‍ ആകും. സി പി എം ഒറ്റപ്പാലം ഏരിയ കമ്മിറ്റി ഇതു സംബന്ധിച്ചു കൈക്കൊണ്ട തീരുമാനം ഇടതുമുന്നണി ഷൊര്‍ണൂര്‍ മുനിസിപ്പല്‍ കമ്മിറ്റി യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇതോടെ ഷൊര്‍ണൂര്‍ നഗരസഭയില്‍ ആരു ചെയര്‍പേഴ്‌സണ്‍ ആകുമെന്ന അഭ്യൂഹം കെട്ടടങ്ങി. വിമതയെ ചെയര്‍പേഴ്‌സണ്‍ ആക്കുന്നതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പ് ഉയരുന്നുണ്ട്. ഷൊര്‍ണൂരിലെ പ്രാദേശിക നേതാക്കള്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നവമാധ്യമങ്ങളിലൂടെയും പങ്കുവെച്ചിട്ടുണ്ട്. ഷൊര്‍ണൂരിലെ ഒരു വിഭാഗം സി പി എം നേതാക്കള്‍ക്കിടയില്‍ അതൃപ്തിയുണ്ടെങ്കിലും ഭരണ സ്ഥിരതയ്ക്ക് വേണ്ടിയാണ് തീരുമാനമെന്നാണ് സിപിഎമ്മിന്റെ വിശദീകരണം.
ആകെ 17 സീറ്റുകളാണ് ഷൊര്‍ണൂര്‍ നഗരസഭയില്‍ ഇടതുപക്ഷത്തിന് ലഭിച്ചത്. ആദ്യം കോണ്‍ഗ്രസും ബി ജെ പിയും സംയുക്തമായി പി നിര്‍മലയെ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് മത്സരിപ്പിക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ ബിജെ പിയുടെയും കോണ്‍ഗ്രസിന്റെയും ഘടകങ്ങള്‍ യോഗം ചേര്‍ന്ന് അത്തരമൊരു നീക്കം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ആകെയുള്ള 35 സീറ്റില്‍ എല്‍ ഡി എഫ്- 17, ബി ജെ പി -12, യു ഡി എഫ് 5, സ്വതന്ത്ര എന്നിങ്ങനെയാണ് കക്ഷിനില.



