From the print
ഓപറേഷന്‍ സൈ ഹണ്ട്: 300 കോടിയുടെ തട്ടിപ്പ്; 263 അറസ്റ്റ്
രജിസ്റ്റര്‍ ചെയ്തത് 382 കേസ്. ഏറ്റവും കൂടുതല്‍ കേസ് കോഴിക്കോട്ട്.
കൊച്ചി | സൈബര്‍ തട്ടിപ്പുകാരെ വലയിലാക്കാന്‍ സംസ്ഥാന വ്യാപകമായി പോലീസ് നടത്തിയ ഓപറേഷന്‍ സൈ ഹണ്ടില്‍ 263 പേരെ അറസ്റ്റ് ചെയ്തു. 14 ജില്ലകളിലായി 382 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മുന്നൂറ് കോടിയിലധികം രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയതെന്ന് പോലീസ് പറയുന്നു. ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് കോഴിക്കോട്ടാണ്- 67. കോഴിക്കോട് സിറ്റിയില്‍ 43, റൂറലില്‍ 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കൂടുതല്‍ അറസ്റ്റ് എറണാകുളത്താണ്- 46. റൂറലില്‍ 43 പേരും സിറ്റിയില്‍ മൂന്ന് പേരുമാണ് അറസ്റ്റിലായത്.
തട്ടിപ്പിന്റെ ഭാഗമാണെന്ന് സംശയിക്കുന്ന 125 പേരെ നോട്ടീസ് നല്‍കി നിരീക്ഷണത്തില്‍ വിട്ടയച്ചു. സംശയാസ്പദമായി ചെക്കുകള്‍ ഉപയോഗിച്ച് പണം പിന്‍വലിച്ച 2,683 പേരുടെയും എ ടി എം വഴി പണം പിന്‍വലിച്ച 361 പേരുടെയും അക്കൗണ്ടുകള്‍ വാടകക്ക് നല്‍കിയ 665 പേരുടെയും വിവരങ്ങള്‍ ദേശീയ സൈബര്‍ ക്രൈം റിപോര്‍ട്ടിംഗ് പോര്‍ട്ടലില്‍ നിന്ന് ശേഖരിച്ചായിരുന്നു പരിശോധന.
സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത ഭൂരിഭാഗം (34.8 ശതമാനം) കേസുകളിലും പണം നഷ്ടപ്പെട്ടത് ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെയാണെന്ന് സൈബര്‍ ഓപറേഷന്‍സ് എ ഡി ജി പി. എസ് ശ്രീജിത്തും എറണാകുളം റേഞ്ച് ഡി ഐ ജി സതീഷ് ബിനോയും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തട്ടിപ്പുസംഘം വാഗ്ദാനം ചെയ്യുന്ന അമിതലാഭത്തില്‍ വീണുപോയവരാണ് ഇരകളില്‍ പലരും. ലാഭമോ മുതല്‍മുടക്കോ തിരിച്ചുകിട്ടാതാകുന്നതോടെയാണ് ഇവര്‍ പോലീസിനെ സമീപിക്കുന്നത്. മൂന്ന് മാസത്തെ വിശദമായ അന്വേഷണങ്ങള്‍ക്കൊടുവിലാണ് പോലീസ് സംസ്ഥാന വ്യാപകമായി ഒരേ ദിവസം വേട്ടക്കിറങ്ങിയത്. ഇന്നലെ രാവിലെ ആറിന് തുടങ്ങിയ പരിശോധന രാത്രി വരെ നീണ്ടു.
ഇന്നും പരിശോധന തുടരും. പോലീസ് സൈബര്‍ ഓപറേഷന്റെയും റേഞ്ച് ഡി ഐ ജിമാരുടെയും ജില്ലാ പോലീസ് മേധാവിമാരുടെയും മേല്‍നോട്ടത്തിലായിരുന്നു പരിശോധന.




